| Wednesday, 13th November 2013, 7:44 am

നിതാഖാത്: പ്രത്യേകവിമാനം ഇല്ല, പകരം സൗജന്യ ടിക്കറ്റ് നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സൗദിയില്‍ നിതാഖാത് നടപ്പിലാക്കിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ചു.

അപേക്ഷകര്‍ കുറവായതാണ് കാരണം. പകരമായി എല്ലാ അപേക്ഷകര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ. സി. ജോസഫ് അറിയിച്ചു.

ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നോര്‍ക്കയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രാദേശിക ഉപദേശകസമിതികളില്‍ ഇതുവരെ 110 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്.

നവംബര്‍ 20-ന് ഒരു കേന്ദ്രത്തില്‍ നിന്ന് 150 മുതല്‍ 200 വരെ യാത്രക്കാരുണ്ടെങ്കില്‍ മാത്രമേ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ഇതുവരെ നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാത്ത മലയാളികള്‍ പ്രാദേശിക ഉപസമിതികളില്‍ അടുത്ത മാസം ഒന്നിനകം അപേക്ഷ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ സൗദിയിലെ സ്വദേശിവത്കരണത്തെ തുടര്‍ന്ന് മടങ്ങിയത്തിയ നിരവധി പേര്‍ വിമാനത്താവളങ്ങളിലെ സഹായകേന്ദ്രങ്ങളിലും നോര്‍ക്ക ഓഫീസിലും രജിസ്റ്റര്‍ ചെയ്തു.

നിതാഖാത്തിന്റെ പേരില്‍ മടങ്ങിയെത്തുന്ന പലരും വിമാനത്താവളത്തിലെ സഹായകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ല. പലരും നോര്‍ക്ക കേന്ദ്രത്തില്‍ നേരിട്ടെത്തിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.

We use cookies to give you the best possible experience. Learn more