| Wednesday, 8th January 2014, 6:00 am

സൗദിയില്‍ നിതാഖത് കൂടുതല്‍ കര്‍ശനമാക്കുന്നു; എട്ട് വര്‍ഷം പൂര്‍ത്തിയായ വിദേശികളെ പുറത്താക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സൗദി അറേബ്യ: സ്വദേശിവത്കരണ നിയമം കൂടുതല്‍ കര്‍ശനമാക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ് സൗദി അറേബ്യ. പുതിയ പരിഷ്‌കരണ പ്രകാരം എട്ട് വര്‍ഷം മാത്രമേ വിദേശികള്‍ക്ക് സൗദിയില്‍ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

വിദേശികള്‍ കുടുംബാംഗങ്ങളെ സൗദിയില്‍ കൊണ്ടുവരുന്നത് തടയാനും സൗദി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നാണ് അറിയുന്നത്.

ഒരു വിദേശതൊഴിലാളി ഭാര്യയെ സൗദിയിലേക്ക് കൊണ്ട് വന്നാല്‍ രണ്ട് വിദേശ തൊഴിലാളിയായി കണക്കാക്കും. വിദേശികള്‍ക്ക് അനുവദിച്ച സമയപരിധി നിരീക്ഷിക്കാന്‍ പുതിയ പോയിന്റ് സമ്പ്രദായം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ആറായിരം റിയാലിന് മുകളില്‍ ശമ്പളം വാങ്ങുന്ന വിദേശിക്ക് 1.5 പോയിന്റാണ് ലഭിക്കുക. കുടുംബാംഗങ്ങളെ കൊണ്ടുവന്ന തൊഴിലാളികള്‍ക്കും 1.5 പോയിന്റ് നല്‍കും. എന്നാല്‍ സൗദി സര്‍ക്കാര്‍ അംഗീകരിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പോയിന്റ് നില ബാധകമല്ല.

പരമാവധി ലഭിക്കാവുന്ന പോയിന്റ് നില 3 ആണ്. സൗദി രാജാവ് അബ്ദുള്ളയുടെ അനുമതിക്കായി നല്‍കിയിരിക്കുകയാണ് പുതിയ ഭേദഗതി. പുതിയ ഭേദഗതി നടപ്പിലാക്കിയാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികളെയാവും ഏറ്റവും കൂടുതല്‍ ബാധിക്കുക.

നിലവില്‍ ഇരുപത്തി എട്ട് ലക്ഷം ഇന്ത്യക്കാരാണ് സൗദിയില്‍ ഉള്ളത്.

We use cookies to give you the best possible experience. Learn more