'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം'; ഫേസ്ബുക്കില്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് എന്‍.ഐ.ടി പ്രഫസറുടെ കമന്റ്
Kerala
'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം'; ഫേസ്ബുക്കില്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് എന്‍.ഐ.ടി പ്രഫസറുടെ കമന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd February 2024, 11:42 am

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് കോഴിക്കോട് എന്‍.ഐ.ടി പ്രഫസറുടെ കമന്റ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം പ്രൊഫസര്‍ ഷൈജ ആണ്ടവനാണ് ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന് കമന്റിട്ടത്.

അഡ്വ. കൃഷ്ണരാജ് ഇട്ട പോസ്റ്റിന് മറുപടിയായിട്ടാണ് പ്രൊഫസറുടെ ഈ കമന്റ്. ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ ആണെന്നായിരുന്നു അഡ്വ. കൃഷ്ണരാജിന്റെ പോസ്റ്റ്. ഇതിന്റെ കമന്റായിട്ടാണ് ഷൈജ ആണ്ടവന്‍ പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ എന്ന് കമന്റിട്ടത്.

എന്നാല്‍ ഗൗരവത്തിലുള്ള കമന്റല്ല ഇതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നാണ് ഷൈജ പ്രതികരിച്ചത്. കമന്റ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ക്യാമ്പസില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കാമ്പസില്‍ വലിയ പ്രതിഷേധം ഉയരുകയും പിന്നീട് അധികൃതര്‍ക്ക് സസ്‌പെന്‍ഷന്‍ മരവിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു.

അപ്പീല്‍ അതോറിറ്റി വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ പരിഗണിക്കുന്നത് വരെയാണ് അധികൃതര്‍ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് വ്യാഴാഴ്ച രാത്രി 10 മണി വരെ പ്രതിഷേധ സമരം നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ എന്‍.ഐ.ടിയുടെ നടപടിയെ പ്രതിരോധിച്ചത്.

ദളിത് വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്തതില്‍ എന്‍.ഐ.ടിയിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളായ കെ.എസ്.യു, ഫ്രറ്റേണിറ്റി അടക്കമുള്ളവരും ക്യാമ്പസിലേക്ക് നേരത്തെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

ക്യാമ്പസിന് പുറത്ത് ത്രിവര്‍ണ നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കെ.എസ്.യു എന്‍.ഐ.ടി അധികൃതര്‍ക്കെതിരെ പ്രതിഷേധം നടത്തിയത്.

ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഇവിടെ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചെറിയ യുദ്ധമാണെങ്കിലും ഇതില്‍ നമ്മള്‍ വിജയിച്ചിരിക്കുന്നുവെന്നും അപ്പീല്‍ അതോറിറ്റി തന്റെ പരാതി കേള്‍ക്കുന്നതുവരെ തനിക്ക് ക്ലാസില്‍ കയറാമെന്നും സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. വരാനിരിക്കുന്ന നടപടികള്‍ നീതിപരമായിരിക്കുമെന്നും താന്‍ ഒരു രീതിയിലുള്ള കുറ്റങ്ങളും ചെയ്തതായി തോന്നുന്നില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു.

പരിശോധനകള്‍ക്ക് ശേഷം വരുന്ന ഏത് നടപടിയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ഇതുവരെ കൂടെ നിന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദിയുണ്ടെന്നും സംഘപരിവാറിനെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥി അറിയിച്ചു.