തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം.
ഡീനായാണ് ഷൈജയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 2025 ഏപ്രില്‍ ഏഴിന് പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് ഡീന്‍ ആയി ഷൈജ സ്ഥാനമേല്‍ക്കും.
രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രൊഫസര്‍ പ്രിയാചന്ദ്രന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ ഡീനായി നിയമിച്ചത്.
2024ലാണ് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഷൈജ ഫേസ്ബുക്കില്‍ കമന്റിട്ടത്. വലതുപക്ഷ നിരീക്ഷകന്‍ അഡ്വ. കൃഷ്ണരാജ് പങ്കുവെച്ച പോസ്റ്റിലെ ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയായിരുന്നു കമ്മന്റ്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നാണ് ഷൈജ ആണ്ടവന്‍ കമന്റിട്ടത്.
‘ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോട് കൂടിയായിരുന്നു കൃഷ്ണരാജിന്റെ പോസ്റ്റ്. ഇതിന് താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റിട്ടത്.
തുടര്‍ന്ന് ഷൈജക്കെതിരെ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ഇതിനിടെ സംഭവം വിവാദമായതോടെ ഫേസ്ബുക്കിലെ കമന്റ് ഷൈജ ആണ്ടവന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
Content Highlight: NIT Professor Shaija andavan, who commented on Facebook praising Godse, gets promoted