വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തി എന്‍.ഐ.ടി; ദളിത് വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ മരവിപ്പിച്ച് അധികൃതര്‍
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ക്യാമ്പസില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ചതില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ മരവിപ്പിച്ച് എന്‍.ഐ.ടി.
അപ്പീല്‍ അതോറിറ്റി വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ പരിഗണിക്കുന്നത് വരെയാണ് അധികൃതര്‍ സസ്പെന്‍ഷന്‍ മരവിപ്പിച്ചിട്ടുള്ളത്. സസ്പെന്‍ഷന്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് സംയുക്തമായി നടത്തിയ പ്രതിഷേധങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് വ്യാഴാഴ്ച രാത്രി 10 മണി വരെ പ്രതിഷേധ സമരം നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ എന്‍.ഐ.ടിയുടെ നടപടിയെ പ്രതിരോധിച്ചത്.
ചെറിയ യുദ്ധമാണെങ്കിലും ഇതില്‍ നമ്മള്‍ വിജയിച്ചിരിക്കുന്നുവെന്നും അപ്പീല്‍ അതോറിറ്റി തന്റെ പരാതി കേള്‍ക്കുന്നതുവരെ തനിക്ക് ക്ലാസില്‍ കയറാമെന്നും സസ്പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. വരാനിരിക്കുന്ന നടപടികള്‍ നീതിപരമായിരിക്കുമെന്നും താന്‍ ഒരു രീതിയിലുള്ള കുറ്റങ്ങളും ചെയ്തതായി തോന്നുന്നില്ലെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
പരിശോധനകള്‍ക്ക് ശേഷം വരുന്ന ഏത് നടപടിയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ഇതുവരെ കൂടെ നിന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദിയുണ്ടെന്നും സംഘപരിവാറിനെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥി അറിയിച്ചു.
ദളിത് വിദ്യാര്‍ത്ഥിയെ സസ്പെന്റ് ചെയ്തതില്‍ എന്‍.ഐ.ടിയിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളായ കെ.എസ്.യു, ഫ്രറ്റേണിറ്റി അടക്കമുള്ളവര്‍ ക്യാമ്പസിലേക്ക് നേരത്തെ പ്രതിഷേധ മാര്‍ച്ച് നടത്തിയുരുന്നു.
ക്യാമ്പസിന് പുറത്ത് ത്രിവര്‍ണ നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ചുകൊണ്ട് കെ.എസ്.യു എന്‍.ഐ.ടി അധികൃതര്‍ക്കെതിരെ പ്രതിഷേധം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഇവിടെ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight: NIT authorities freeze suspension of Dalit student