| Sunday, 26th October 2014, 3:29 pm

നിസാന്‍ സണ്ണി, മിക്രയുടെ 9,000 യൂണിറ്റുകള്‍ പിന്‍വലിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ ഇന്ത്യയില്‍ നിന്നും 9,000 യൂണിറ്റ് മിക്ര, സെഡാന്‍ സണ്ണി കാറുകള്‍ തിരിച്ചുവിളിക്കുന്നു. എയര്‍ബാഗുകള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് കാര്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.

2008നും 2012നും ഇടയില്‍ നിര്‍മിച്ച കാറുകളാണ് പിന്‍വലിക്കുന്നത്. ടാകാടാ നിര്‍മിച്ച എയര്‍ബാഗുകളാണ് ഈ കാറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

” ഇത് സംബന്ധിച്ച് ഉപഭോക്താക്കളെ നിസാന്‍ ഉടന്‍ തന്നെ വിവരങ്ങള്‍ അറിയിക്കും. ഡീലര്‍മാര്‍ക്ക് തകരാറിലായ എയര്‍ബാഗിന് പകരം പുതിയ എയര്‍ബാഗ് ഘടിപ്പിച്ച് കാറുകള്‍ മാറ്റി നല്‍കും. ഉപഭോക്താക്കള്‍ ഇതിന്റെ ചിലവ് വഹിക്കേണ്ടതില്ല.” നിസാന്‍ ഇന്ത്യ വക്താവ് പറഞ്ഞു.

അന്തര്‍ദേശീയ തലത്തില്‍ 2,60,000 യൂണിറ്റുകളാണ് നിസാന്‍ പിന്‍വലിക്കുന്നത്. നോട്ട്, മാര്‍ച്ച്/മിക്ര, സണ്ണി/അല്‍മെറ/വേര്‍സ, പാട്രോള്‍, ക്യൂബ് എന്നീ മോഡലുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക.

കഴിഞ്ഞമാസം മാരുതി സുസുക്കി ഇന്ത്യ ഡിസയര്‍, സ്വിഫ്റ്റ്, റിറ്റ്‌സ് എന്നിവയുടെ 69,555 യൂണിറ്റുകള്‍ പിന്‍വലിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മാരുതി സുസുക്കി 1,03,311 യൂണിറ്റുകളും പിന്‍വലിച്ചിരുന്നു. ഫ്യുയല്‍ഫില്ലറിലെ പ്രശ്‌നം കാരണമായിരുന്നു ഇത്. കഴിഞ്ഞവര്‍ഷം ജനറല്‍ മോട്ടോഴ്‌സ് ടവേറയുടെ 1,10,000 യൂണിറ്റുകള്‍ തിരികെ വിളിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ യൂണിറ്റുകള്‍ തിരികെ വിളിക്കുന്നതിന് പിഴ ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more