| Sunday, 4th September 2016, 9:44 pm

നിസാന്റെ കരുത്തന്‍ ജി.ടി-ആര്‍ ഈ വര്‍ഷം അവസാനമെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്


ജി.ടി.ആര്‍ 2017 സ്‌പോര്‍ട്‌സ് പതിപ്പിന്റെ പ്രീ ബുക്കിങ് കമ്പനി ആരംഭിച്ചു. 25 ലക്ഷം രൂപ ആഡ്വാന്‍സ് നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം.


ന്യൂദല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്ന ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ജി.ടി.ആര്‍ 2017 സ്‌പോര്‍ട്‌സ് പതിപ്പിന്റെ പ്രീ ബുക്കിങ് കമ്പനി ആരംഭിച്ചു. 25 ലക്ഷം രൂപ ആഡ്വാന്‍സ് നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് പുതിയ ജി.ടി-ആര്‍ മോഡലിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

9 വര്‍ഷങ്ങള്‍ക്കു മുന്‍പ് 2007ല്‍ ആദ്യമായി ആഗോള വിപണിയിലെത്തിയ ജി.ടി-ആറിന്റെ മൂന്നാം തലമുറയാണ് മുഖം മിനുക്കി നിരത്തിലെത്തുന്നത്. എന്നാല്‍ ഇത്തവണ സമഗ്രമായ മാറ്റങ്ങളോടെയാണ് കമ്പനി സ്‌പോര്‍ട്ടി മോഡലിനെ അവതരിപ്പിക്കുന്നത്.


അത്യാഡംബരത്തിലുള്ള ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈനും, മികച്ച ഡ്രൈവിങ് സൗകര്യവും, പെര്‍ഫോമന്‍സും വാഹനത്തെ വ്യത്യസ്തമാക്കുന്നു.

3.8 ലിറ്റര്‍ വി-6 24 വാല്‍വ് ഇരട്ട ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6800 ആര്‍.പി.എമ്മില്‍ 570 പി.എസ് കരുത്തും 637 എന്‍.എം ടോര്‍ക്കുമാണ് എന്‍ജിന്‍ നല്‍കുക. 6 സ്പീഡ് ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനാണ് ജി.ടി-ആറിന് നല്‍കിയിരിക്കുന്നത്. ക്രോം ഫിനിഷിങ്ങില്‍ വി രൂപത്തില്‍ ഒരുക്കിയ ഗ്രില്‍ ജി.ടി-ആറിന്റെ ആഡംബരം വിളിച്ചോതുന്നതാണ്.

വെറും മൂന്നും സെക്കന്‍ഡില്‍ വാഹനം ജിടിആര്‍ പൂജ്യത്തില്‍നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. നിസാന്‍ മോട്ടോഴ്‌സ് യൂറോപ്പില്‍ അവതരിപ്പിച്ച പ്രീമിയം എഡിഷന്‍ മോഡലാകും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക. ഏകദേശം ഒന്നര കോടി രൂപയായിരിക്കും ജി.ടി-ആറിന്റെ പ്രാരംഭ വിപണി വില.

2016 മോഡലിന്‍ നല്‍കിയ കറ്റ്‌സുര ഓറഞ്ച്, വൈബ്രന്റ് റെഡ്, അള്‍ട്ടിമേറ്റ് സില്‍വര്‍, പേള്‍ ബ്ലാക്ക്, സ്റ്റോം വൈറ്റ്, ഡേടോണ ബ്ലൂ, ഗണ്‍ മെറ്റാലിക് എന്നീ  ഏഴു നിറങ്ങളില്‍ കാര്‍ ലഭ്യമാവും.

Latest Stories

We use cookies to give you the best possible experience. Learn more