| Friday, 26th October 2012, 1:15 pm

നവംബര്‍ ഒന്ന് മുതല്‍ നിസാന്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിസാന്‍ മോട്ടോഴ്‌സ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ഉത്പാദന ചിലവും കടത്ത് കൂലിയും വര്‍ധിച്ച സാഹചര്യത്തിലാണ് വിലകൂട്ടാന്‍ കമ്പനി തീരുമാനിച്ചത്.

സഹ കമ്പനികളെല്ലാം കാറുകളുടെ വിലയില്‍ വര്‍ധനവ് വരുത്തിയപ്പോള്‍ ഉപയോക്താക്കള്‍ക്ക് മേല്‍ ബാധ്യത വരുത്തേണ്ടെന്ന് കരുതി ഇത്രയും കാലം മാറി നില്‍ക്കുകയായിരുന്നു നിസാന്‍. എന്നാല്‍ വിലവര്‍ധന നടപ്പിലാക്കാതിരിക്കുന്നത് ഗുണകരമല്ലെന്ന തിരിച്ചറിവാണ് നിസാനെ വിലകൂട്ടാന്‍ പ്രേരിപ്പിച്ചത്.[]

തിരഞ്ഞെടുത്ത മോഡലുകളുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്. അതേസമയം, വിലയില്‍ എത്ര ശതമാനം വര്‍ധനയാണ് പ്രാബല്യത്തിലെത്തുകയെന്ന് നിസാന്‍ വ്യക്തമാക്കിയിട്ടില്ല.

അടുത്തയിടെ വിപണിയിലിറങ്ങിയ  ഇവാലിയയുടെ വിലയില്‍ വര്‍ധനവില്ലെന്നാണ് അറിയുന്നത്. എന്നാല്‍ പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തില്‍പെട്ട “മൈക്രയ്ക്കും സണ്ണിക്കും വില വര്‍ധിപ്പിക്കുകയും ചെയ്യും

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച മാര്‍ക്കറ്റ് റിവ്യൂ ആണ് നിസാന്‍ കാഴ്ചവെയ്ക്കുന്നത്. 2011ല്‍ കമ്പനി 33,000 കാറുകള്‍ വിറ്റു. 2010 നെ അപേക്ഷിച്ച് വന്‍ കുതിപ്പാണ് നിസാന്‍ നടത്തിയത്.

100% വളര്‍ച്ചയാണ് ഇക്കൊല്ലം നിസാന്‍ ലക്ഷ്യമിടുന്നത്. 2013 ആകുമ്പോഴേക്കു വാര്‍ഷിക വാഹന വില്‍പ്പന ഒരു ലക്ഷം യൂണിറ്റിലെത്തിക്കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more