നിസ്സാന്‍ 5 ലക്ഷം മൈക്ര കാറുകള്‍ തിരിച്ചുവിളിക്കുന്നു
Big Buy
നിസ്സാന്‍ 5 ലക്ഷം മൈക്ര കാറുകള്‍ തിരിച്ചുവിളിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th December 2012, 12:26 pm

നിസ്സാന്‍ മോട്ടോര്‍ കോര്‍പറേഷന്‍  ജപ്പാനില്‍ വിറ്റ “മൈക്ര ഹാച്ച് ബാക്ക്” കാറുകള്‍ തിരിച്ചുവിളിക്കുന്നു. പിന്‍ഭാഗത്തെ കോംബിനേഷന്‍ ലൈറ്റുകളുടെ പ്രവര്‍ത്തന തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയാണ് 4,98,793 മൈക്ര കാറുകള്‍ നിസാന്‍ തിരിച്ചെടുക്കുന്നത്.[]

2002 ഫെബ്രുവരിക്കും 2009 ഫെബ്രുവരിക്കുമിടയില്‍ തെക്കന്‍ ടോക്കിയോയിലെ ഒപ്പാമ ഫാക്ടറിയിലും 2007 ജൂണിനും ഡിസംബറിനുമിടയ്ക്ക് വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ സണ്ടര്‍ലാന്‍ഡ് ഫാക്ടറിയിലും നിര്‍മിച്ച മൈക്ര കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്.

ജപ്പാനില്‍ വിറ്റ വാഹനങ്ങളില്‍ മാത്രമാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടതെന്നും ഇതു മൂലം കാറുകള്‍ അപകടത്തില്‍പെടുകയോ യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും നിസ്സാന്‍ വ്യക്തമാക്കി. എന്നാല്‍ അഞ്ച് ലക്ഷത്തോളം വാഹനങ്ങളുടെ തകരാര്‍ മാറ്റാനുള്ള ചെലവ് എത്രയാണെന്ന് നിസ്സാന്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം നിര്‍മാണത്തകരാറുകളുടെ പേരില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ ഡീലര്‍ഷിപ്പിലേക്കു തിരിച്ചുവിളിക്കുന്ന പ്രവണത ആഗോളതലത്തില്‍ പെരുകുകയാണ്.

കഴിഞ്ഞ മാസം ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ സ്റ്റീയറിങ്, വാട്ടര്‍ പമ്പ് തകരാറുകള്‍ പരിഹരിക്കാനായി 27.7 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.

രൂപകല്‍പ്പനയിലെയും ഉല്‍പ്പാദനത്തിലെയും ചെലവ് കുറയ്ക്കാനായി പല മോഡലുകളില്‍ ഒരേതരം യന്ത്രഭാഗങ്ങള്‍ ഉപയോഗിക്കുന്നതാണ് ഇത്തരം വീഴ്ചകള്‍ക്ക് വഴിവയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍.