നിസാം ബഷീര്‍-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ആദ്യ ചിത്രം തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. വ്യത്യസ്തമായ റിവഞ്ച് ത്രില്ലര്‍ ഒരുക്കിയ ചിത്രം ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ആദ്യചിത്രം കൂടിയാണ് റോഷാക്ക്.
സെറ്റില്‍ മമ്മൂട്ടി സ്റ്റാര്‍ എന്ന നിലയ്‌ക്കോ പ്രൊഡ്യൂസര്‍ എന്ന നിലയ്‌ക്കോ അല്ല പെരുമാറിയത് എന്ന് പറയുകയാണ് നിസാം ബഷീര്‍. സംവിധായകന്റെ പള്‍സ് അറിയുന്ന നടനാണ് മമ്മൂട്ടിയെന്നും നിസാം ദ ഹിന്ദുവിനോട് പറഞ്ഞു.
‘ഷൂട്ട് തുടങ്ങുന്നതിന് എട്ട് മാസം മുമ്പാണ് മമ്മൂക്കയോട് കഥ പറയുന്നത്. സിനിമയുടെ ഭാഗമാകാമെന്ന് തീരുമാനിക്കുന്നതിനൊപ്പം തന്നെ അദ്ദേഹം ചിത്രം നിര്‍മിക്കാനും മുന്നോട്ട് വന്നു.
ഒരു സ്റ്റാര്‍ എന്ന നിലയ്‌ക്കോ പ്രൊഡ്യൂസര്‍ എന്ന നിലയ്‌ക്കോ അല്ല മമ്മൂക്ക സെറ്റില്‍ പെരുമാറിയത്. അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റാണ്. ഞങ്ങളെ വളരെയധികം കംഫര്‍ട്ടബിളാക്കി. സംവിധായകന്റെയും ക്രൂവിന്റെയും പള്‍സറിയുന്ന നടനാണ് മമ്മൂക്ക. എന്തെങ്കിലും കാര്യത്തില്‍ ആശങ്കപ്പെടുന്ന സിറ്റുവേഷനുണ്ടായാല്‍ അദ്ദേഹം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നോക്കും,’ നിസാം പറഞ്ഞു.
‘വളരെ സൂക്ഷ്മതയോടെ കാണേണ്ട സിനിമയാണ് റോഷാക്ക്. ഒരു സീന്‍ മിസായാല്‍ പോലും കഥയിലെ നിര്‍ണായക പോയിന്റുകള്‍ മനസിലാവാതെ വരും. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു മൈന്‍ഡ് ഗെയ്മാണ് റോഷാക്ക്.
ആളുകളുടെ വ്യക്തിത്വവും സ്വഭാവവും മനസിലാക്കാന്‍ ഉപയോഗിക്കുന്ന മനശാസ്ത്രപരമായ ടെസ്റ്റാണ് റോഷാക്ക്. പല സ്വഭാവസവിശേഷതകളാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഉള്ളത്. പ്രേക്ഷകരുടെ സ്വഭാവം കൂടി ആശ്രയിച്ചിരിക്കും അവര്‍ ഓരോ കഥാപാത്രത്തിന്റെയും പ്രവര്‍ത്തികള്‍ ജഡ്ജ് ചെയ്യുന്നത്. ഉദാഹരണത്തിന് മമ്മൂക്കയുടെ കഥാപാത്രത്തെ എടുക്കുക. പ്രേക്ഷകന്റെ മനോഭാവം വെച്ച് ലൂക്കിനെ പോസിറ്റീവായോ നെഗറ്റീവായോ കാണാനാവും.
മമ്മൂക്ക അഭിനയിക്കുന്ന ഏത് സിനിമക്കും എക്‌സ്പെക്‌റ്റേഷന്‍ കൂടുതലായിരിക്കുമെന്നതിനെ പറ്റി ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. പ്രേക്ഷകര്‍ക്ക് നല്ല ഒരു സിനിമ നല്‍കാനാവുമെന്നാണ് ഞങ്ങളും വിശ്വസിക്കുന്നത്,’ നിസാം കൂട്ടിച്ചേര്‍ത്തു.
Content Highlight: Nissam basheer told that Mammootty is an actor who knows the pulse of the director