| Sunday, 6th August 2017, 5:30 pm

പറഞ്ഞിട്ടേ പോകാവൂ ഞങ്ങള്‍ കാത്തിരിക്കും; അരുണ്‍ ജയ്റ്റ്‌ലിയോട് മാധ്യമ പ്രവര്‍ത്തകന്റെ പത്ത് ചോദ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:ശ്രീകാര്യത്ത് കൊല്ലപെട്ട രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്ന കേന്ദ്ര ധന-പ്രതിരോധ വകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് മാധ്യമ പ്രവര്‍ത്തകന്റെ പത്ത് ചോദ്യങ്ങള്‍. മീഡിയവണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനായ നിശാന്ത് റാവുന്തറാണ് ഫേസ്ബുക്കിലൂടെ തന്റെ ജയ്റ്റ്‌ലിയോടുള്ള തന്റെ പത്ത് ചോദ്യങ്ങള്‍ ചോദിച്ചത്.

ഇല്ലാത്ത സമയം ഉണ്ടാക്കി എന്തിനാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. എങ്കിലും, നിങ്ങള്‍ ദില്ലിയില്‍ നിന്ന് തീരുമാനിച്ചുറപ്പിച്ച് കൊണ്ടുവരുന്നതൊക്കെ ആദ്യം പറയൂ. അതിന് ശേഷം ഞങ്ങള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്


Also read നിലപാടുകളോടു യോജിക്കാത്തവരെ സി.പി.ഐ.എം ഉന്‍മൂലനം ചെയ്യുന്നു; അരുണ്‍ ജയ്റ്റ്‌ലി


തുടര്‍ന്ന് പത്ത് ചോദ്യങ്ങള്‍ അദ്ദേഹം ചോദിക്കുന്നു. പോസ്റ്റിന്റെ അവസാനം സൂക്ഷ്മ തലത്തിലേക്ക് പോയാല്‍ ഇനിയും കുറെ ചോദ്യങ്ങള്‍ ബാക്കിയുണ്ട്. അതുവിടാം. പകരം രണ്ട് ചോദ്യത്തിന് കൂടി ഉത്തരം പറയണം എന്നും നിശാന്ത് പറയുന്നു. തുടര്‍ന്ന്
ജി.എസ്.ടിയുടെയും മെഡിക്കല്‍ കോഴയുടെയും കാര്യംകൂടി പറഞ്ഞിട്ടേ പോകാവൂ ഞങ്ങള്‍ കാത്തിരിക്കും എന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

അരുണ്‍ ജെയിറ്റിലിക്ക് സുസ്വാഗതം. ഇല്ലാത്ത സമയം ഉണ്ടാക്കി എന്തിനാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. എങ്കിലും, നിങ്ങള്‍ ദില്ലിയില്‍ നിന്ന് തീരുമാനിച്ചുറപ്പിച്ച് കൊണ്ടുവരുന്നതൊക്കെ ആദ്യം പറയൂ. അതിന് ശേഷം ഞങ്ങള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം
1. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഏറ്റവുമധികം ഇരയായത് ഇടതുപക്ഷക്കാരോ സംഘപരിവാറുകാരോ?
2. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിന് ശേഷം ആദ്യത്തെ അക്രമം നടത്തിയത് സംഘപരിവാറോ സിപിഐഎമ്മോ?
3. ക്രമസമാധാന നിലയുടെ കാര്യത്തില്‍ “നിങ്ങളുടെ” യുപിയും രാജസ്ഥാനും മധ്യപ്രദേശും കേരളത്തേക്കാള്‍ മുന്നിലാണോ?
4. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഫൈസലിനെയും റിയാസ് മൌലവിയെയും ആര്‍എസ്എസ് കൊന്നത് എന്തിനാണ്?
5. രണ്ട് മാസം കൊണ്ട് സമാധാനം തകര്‍ന്നുലഞ്ഞ യുപിയില്‍ രാഷ്ട്രപതി ഭരണം വേണോ?
6. വര്‍ഗീയ കലാപങ്ങളുടെ കണക്കില്‍ കേരളത്തേക്കാള്‍ പിന്നിലുള്ള ഏതെങ്കിലും നാട് ഇന്ത്യയിലുണ്ടോ?
7. ഐപി ബിനുവിനെ സസ്‌പെന്റ് ചെയ്ത സിപിഐഎമ്മിനെ പോലെ രാഹുലിനെ കല്ലെറിഞ്ഞ യുവമോര്‍ച്ചാ നേതാവിനോട് നിലപാട് ഇല്ലാത്തത് എന്ത്?
8. ജോസഫിന്റെ കൈവെട്ടിയത് സിപിഐഎമ്മാണെന്ന് ലോക്‌സഭയില്‍ കള്ളം പറഞ്ഞത് എന്തിനാണ്?
9. ദലിതര്‍ക്ക് എതിരായ അതിക്രമം ഏത് നാട്ടിലാണ് ഏറ്റവുമധികം എന്ന് കണക്കുവെച്ച് ചര്‍ച്ച ചെയ്യാന്‍ ഒരുക്കമുണ്ടോ?
10. ഇപ്പോള്‍ നിങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് ചരിത്രത്തില്‍ നിങ്ങള്‍തന്നെ സ്വീകരിച്ച മാതൃകാപരമായ ഉദാഹരണങ്ങളുണ്ടോ?
സൂക്ഷ്മ തലത്തിലേക്ക് പോയാല്‍ ഇനിയും കുറെ ചോദ്യങ്ങള്‍ ബാക്കിയുണ്ട്. അതുവിടാം. പകരം രണ്ട് ചോദ്യത്തിന് കൂടി ഉത്തരം പറയണം.
അത് ജിഎസ്ടിയുടെയും മെഡിക്കല്‍ കോഴയുടെയും കാര്യമാണ്. അത് പറഞ്ഞിട്ടേ പോകാവൂ. ഞങ്ങള്‍ കാത്തിരിക്കും
#JaitelyShouldAnswer

Latest Stories

We use cookies to give you the best possible experience. Learn more