വന്‍കിട ടോള്‍ പാതയും ബൈപാസ് റോഡുകളുമൊക്കയാണ് നാട്ടില്‍ വിപ്ലവം കൊണ്ടുവരിക എന്ന് തെറ്റിദ്ധരിച്ച സി.പി.ഐ.എം സഖാക്കള്‍ ആഹ്ലാദത്തിലാറാടുകയാണ്. കീഴാറ്റൂര്‍ വയല്‍ക്കിളികളും തുരുത്തി സമരസമിതിയുമെല്ലാം നടത്തിവന്ന ഐതിഹാസിക ചെറുത്തു നില്‍പുകളെ പുറംകാലുകൊണ്ട് തട്ടിമാറ്റി അന്തിമ വിജ്ഞാപനം വന്നിരിക്കുന്നു. ദേശീയ പാത അലൈന്‍മെന്റ് മാറില്ല.
ബി.ജെ.പി സംസ്ഥാന നേതൃത്വവും സുരേഷ് ഗോപി എം.പി.യുമെല്ലാം അലൈന്‍മെന്റ് മാറ്റാന്‍ ഇടപെടും എന്നു പറഞ്ഞ് വയല്‍ക്കിളികളെ വഞ്ചിക്കുകയായിരുന്നു എന്ന് പകല്‍ പോലെ വ്യക്തമായിരിക്കുന്നു. ഒടുവിലായി ഡല്‍ഹിയില്‍ വച്ച്, അലൈന്‍മെന്റ് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വയല്‍ക്കിളി നേതാക്കള്‍ക്ക് നിതിന്‍ ഗഡ്കരി നല്‍കിയ ഉറപ്പിന് പഴയ ചാക്കിന്റെ വില പോലുമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ബൈപാസ് വയല്‍ നികത്തിക്കൊണ്ടു തന്നെ മുന്നോട്ടു പോകും. പിണറായി വിജയനും നിതിന്‍ ഗഡ്കരിയും പരസ്പരം അഭിനന്ദിച്ചതിന്റെ പൊരുള്‍ വ്യക്തമായിരിക്കുന്നു.
കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിനെതിരെയുള്ള എല്ലാ നുണപ്രചരണങ്ങള്‍ക്കും സൈബര്‍ രംഗത്ത് ചുക്കാന്‍ പിടിക്കുന്ന സി.പി.ഐ.എം സഖാക്കളുടെ ആഹ്ലാദ പ്രകടനം കാണാന്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഫെയ്‌സ് ബുക്ക് വാളില്‍ പോയി നോക്കിയാല്‍ മതി. കുട്ടി സഖാക്കള്‍ മുതല്‍ സീനിയര്‍ സഖാക്കള്‍ വരെ ചോദിക്കുന്നു ,
“ബി.ജെ.പി യോടൊപ്പം ചേര്‍ന്ന് നടത്തിയ സമരം എന്തായി കിളിമൂപ്പാ???”
സഖാക്കളേ ,എല്ലാ സമരങ്ങളും വിജയിച്ച സമരങ്ങളാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടോ?
ജയിച്ചവയേക്കാള്‍ തോറ്റ സമരങ്ങളാന്ന് ചരിത്രത്തെ മാറ്റിയത്. പുന്നപ്ര വയലാര്‍ സമരം, കരിവെള്ളൂര്‍ സമരം ,കാവുമ്പായി സമരം, ഗുരുവായൂര്‍ സത്യാഗ്രഹം… എല്ലാം അടിച്ചമര്‍ത്തപ്പെട്ട തോറ്റ സമരങ്ങളാണ്…
സഖാക്കളേ കീഴാറ്റൂര്‍ സമരത്തെ കുറിച്ച് എന്തെല്ലാം നുണകളാണ് നാളിതുവരെ നിങ്ങള്‍ പ്രചരിപ്പിച്ചത്. സംഘ പരിവാരത്തെ പോലെ നിങ്ങളും നുണകള്‍ നൂറാവര്‍ത്തിച്ച് സത്യമാക്കുന്ന ഗീബല്‍സിയന്‍ ആല്‍ക്കെമിസ്റ്റുകളാണെന്ന് പൊതു സമൂഹത്തില്‍ വെളിപ്പെട്ടില്ലേ ?
ലളിതമായി പറഞ്ഞു തരാം.
വയല്‍ക്കിളി സമരം ഒരു പാര്‍ടി ഗ്രാമത്തിലെ പാര്‍ടി സഖാക്കള്‍ തുടങ്ങിയ സമരമാണ്. തങ്ങളുടെ ഗ്രാമത്തെ നെടുകേ പിളര്‍ന്ന്, ഗ്രാമത്തിന്റെ ജീവനാഡിയായ വയലും തോടും നികത്തി, സമീപത്തെ കുന്നുകളിടിച്ച്, ഒരു ഭീമന്‍ പാത വരുന്നതിനെതിരായ സമരം ശക്തിപ്പെട്ടപ്പോള്‍ സമര സഖാക്കളെ കയ്യൊഴിഞ്ഞ് കോര്‍പ്പറേറ്റ് വികസനത്തിന്റെ പക്ഷത്തേക്ക് കൂറുമാറിയത് സി.പി.ഐ.എം ന്റെ ഏരിയാ നേതൃത്വമാണ്..
അങ്ങനെയാണ് ചെങ്കൊടിയേന്തി സമരം ചെയ്തവര്‍ വയല്‍ക്കിളികളെന്നു വിളിക്കപ്പെട്ടത്.
ആ ഘട്ടത്തിലൊന്നും കീഴാറ്റൂര്‍ വയലില്‍ ബി.ജെ.പിയോ കോണ്‍ഗ്രസ്സോ വന്നിട്ടില്ല. ഒടുവില്‍ നിരാഹാര സമരം തുടങ്ങിയതോടെ കീഴാറ്റൂര്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ നേടി. സി.പി.ഐ.എംഗ്രാമത്തില്‍ പാര്‍ടി അണികള്‍ പാര്‍ടി നേതൃത്വത്തെ ധിക്കരിച്ച് നടത്തുന്ന സമരത്തിന് കേരളത്തില്‍ മാധ്യമ ശ്രദ്ധ കിട്ടുക സ്വാഭാവികം മാത്രം. ഈ സാഹചര്യത്തിലാണ് ബി.ജെ.പിക്കാരും കോണ്‍ഗ്രസ്സുകാരുമെല്ലാം സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നത്. സമരപ്പന്തല്‍ സന്ദര്‍ശിച്ച് ബി.ജെ.പിക്കാര്‍ ഐക്യദാര്‍ഡ്യമര്‍പ്പിച്ചാല്‍ സമരം ബി.ജെ.പി സമരമാകില്ല എന്ന് സി.പി.ഐ.എംനേതാക്കള്‍ക്ക് നന്നായി അറിയാമെങ്കിലും അവര്‍ ബി.ജെ.പിയെ ചൂണ്ടിക്കാട്ടി സമരത്തെ അപഹസിക്കാന്‍ തുടങ്ങി.
സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍, എസ്.യു.സി.ഐ, എ.എ.പി, വെല്‍ഫയര്‍ പാര്‍ടി, തുടങ്ങിയവയെല്ലാം വയല്‍ക്കിളി സമരത്തില്‍ നേരിട്ട് പങ്കെടുത്തു എങ്കിലും സമരപ്പന്തല്‍ സന്ദര്‍ശിച്ച ബി.ജെ.പി ക്കാരുടെ പേര് മാത്രമേ സഖാക്കള്‍ എടുത്തു പറഞ്ഞുള്ളൂ.. ഒരു പാര്‍ടി ഗ്രാമത്തില്‍ ബി.ജെ.പി മുദ്രയോളം മോശമായ മറ്റൊന്നുമില്ലെന്ന് അറിയുന്ന സി.പി.ഐ.എം നേതൃത്വം സ്വന്തം അണികളുടെ സമരത്തെ ബി.ജെ.പി സമരം എന്നു വിളിച്ചു തുടങ്ങി.
“”അതൊകൊണ്ടരിശം തീരാത്തവനാ പുരയുടെ ചുറ്റും മണ്ടി നടന്നു “” എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികളെ സ്മരിപ്പിച്ചു കൊണ്ട് , അരിശമടങ്ങാത്ത സി.പി.ഐ.എം ജില്ലാ – സംസ്ഥാന നേതൃത്വങ്ങള്‍ വയല്‍ക്കിളി സമരത്തിന് മാവോയിസ്റ്റ് പട്ടവും ചാര്‍ത്തിക്കൊടുത്തു. ചാനല്‍ ചര്‍ച്ചകളില്‍ വന്ന് സി.പി.ഐ.എം നേതാക്കള്‍ വയല്‍ക്കിളി സമരം മാവോയിസ്റ്റ് സമരമാണെന്ന് ആക്ഷേപിച്ചു കൊണ്ടേയിരുന്നു.
Also Read കീഴാറ്റൂര്‍: പ്രകൃതി സംരക്ഷകരുടെ കുപ്പായമിട്ടുള്ള സി.പി.ഐ.എം വാദങ്ങള്‍ക്ക് ഒരു ഇടതനുകൂലിയുടെ മറുപടി
ഈ ഘട്ടമായപ്പോഴേക്കും സംസ്ഥാനത്തെയും വിശേഷിച്ച് കണ്ണൂര്‍ ജില്ലയിലെയും പരിസ്ഥിതി – മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചേര്‍ന്ന് “കീഴാറ്റൂര്‍ സമര ഐക്യദാര്‍ഡ്യ സമിതി ” എന്ന ഒരു കൂട്ടായ്മ രൂപീകരിച്ച് വയല്‍ക്കിളികള്‍ക്കു പിന്‍തുണയുമായി പ്രത്യക്ഷ സമരമാരംഭിച്ചിരുന്നു. ഈ ഐക്യദാര്‍ഢ്യ സമിതിയുടെ കണ്‍വീനര്‍ നോബിള്‍ പൈകട മാവോയിസ്റ്റാണ് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്തു. ഈ റിപ്പോര്‍ട്ട് വരുന്നതിനു രണ്ടാഴ്ച മുന്‍പ് സി.പി.ഐ.എംന്റെ ആലക്കോട് ഏരിയാ സെക്രട്ടറിയോടൊപ്പം നോബിള്‍ പൈകട പങ്കെടുത്ത ഒരു ക്വാറീ വിരുദ്ധ യോഗത്തിന്റെ വാര്‍ത്ത ഐക്യദാര്‍ഡ്യ സമിതിക്കാര്‍ ചൂണ്ടിക്കാണിക്കുകയും സഖാവ് നോബിളിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടെങ്കില്‍ കേസെടുക്കാന്‍ വെല്ലു വിളിക്കുകയും ചെയ്തു. ദേശാഭിമാനിയും സി.പി.ഐ.എംഉം ഒന്നും മിണ്ടിയില്ല.
കേരളത്തില്‍ വയനാടും അട്ടപ്പാടിയും നിലമ്പൂരും കഴിഞ്ഞാല്‍ മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള പ്രദേശം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ മുനിസിപ്പാലിറ്റിയിലെ കീഴാറ്റൂരാണെന്നാണ് സി.പി.ഐ.എം നേതാക്കളും ദേശാഭിമാനിയും വിശ്വസിക്കുന്നത്.വയല്‍ നികത്തിയാല്‍ കുടിവെള്ളം മുട്ടും എന്നെല്ലാം പ്രചരിപ്പിച്ച് കുറേ വികസന വിരുദ്ധര്‍ വയല്‍ക്കിളികളെന്ന പേരില്‍ സമരം തുടങ്ങിയതോടെയാണ് കീഴാറ്റൂരിലേക്ക് മാവോയിസ്റ്റുകള്‍ എത്തിത്തുടങ്ങിയതത്രേ. വയല്‍ക്കിളി സമരത്തിന്റെ തുടക്കം മുതല്‍ ദേശാഭിമാനി ലേഖകന്റെ ഭൂതക്കണ്ണാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം വെളിപ്പെട്ടിരുന്നുവെന്നാണ് പത്രത്തിന്റെ അവകാശവാദം.
Also Read കീഴാറ്റൂരിലേത് പൂര്‍ണമായും ഒരു ജല സമരമാണ്
പക്ഷേ, പത്രം മൗനം പാലിക്കുന്ന മറ്റു ചില കാര്യങ്ങളുണ്ട് അവയിലേക്ക് ഒന്ന് കണ്ണോടിക്കാം.ഒരു നിരോധിത സംഘടനയുടെ പ്രവര്‍ത്തകര്‍ മലമടക്കിലോ വനത്തിലോ ഒന്നുമല്ല നല്ല ഒന്നാം തരം ജനവാസ കേന്ദ്രത്തില്‍, അതായത് ഒരു മുനിസിപ്പാലിറ്റിയില്‍ പരസ്യമായി പ്രവര്‍ത്തിച്ചിട്ടും ഇരട്ടച്ചങ്കുള്ള ആഭ്യന്തര വകുപ്പ് ഒരു പെറ്റിക്കേസു പോലും രജിസ്റ്റര്‍ ചെയ്തില്ല. നിലമ്പൂര്‍ കാട്ടില്‍ ഗര്‍ജിച്ച തോക്കിന്‍ കുഴലുകള്‍ കീഴാറ്റൂരില്‍ മിണ്ടിയതേയില്ല.
മാവോയിസ്റ്റ് വന്നേ, മാവോയിസ്റ്റ് വന്നേ എന്നു വിളിച്ചു കൂവുന്ന ദേശാഭിമാനി ലേഖകര്‍ മാവോയിസ്റ്റുകളെ പിടികൂടാത്തതിനെതിരെ ഇന്നേ വരെ ഒരു ഫോളോ അപ്പ് വാര്‍ത്ത പോലും ചെയ്തില്ല. പണ്ട് പാതിരാത്രിയില്‍ പ്രേത മിറങ്ങുന്ന ചില നാടുകളുണ്ടായിരുന്നു. പ്രേതത്തെ പേടിച്ച് സന്ധ്യ മയങ്ങിയാല്‍ ആരും പുറത്തിറങ്ങില്ല, ആരും പുറത്തിറങ്ങാത്ത ഇരുട്ടില്‍ പ്രേത പ്രചാരകരുടെ അവിഹിത ഏര്‍പ്പാടുകള്‍ സുഗമമായി നടക്കുകയും ചെയ്യും. ഏറെക്കുറേ ഇതുപോലെയാണ് കീറ്റൂരിലെ മാവോയിസ്റ്റുകളും.
പത്രം തുറന്നാല്‍ മാവോയിസ്റ്റുണ്ട്, പാര്‍ടി നേതാവിന്റെ ചാനല്‍ ചര്‍ച്ചയില്‍ മാവോയിസ്റ്റുണ്ട് , പാര്‍ടിയുടെ വിശദീകരണ യോഗത്തിലും വര്‍ഗ ബഹുജന സംഘടനകളുടെ സമ്മേളനങ്ങളിലെ പൊതു ചര്‍ച്ചകളുടെ അത്യുഗ്രന്‍ മറുപടികളിലും മാവോയിസ്റ്റുണ്ട് , പക്ഷേ നേരിട്ട് കണ്ടവരാരുമില്ല. ഒരു മാവോയിസ്റ്റ് ലഘുലേഖ പോലും കീഴാറ്റൂരില്‍ നിന്നു കിട്ടിയിട്ടില്ല , ആടു കിടന്നതിന്റെ പൂടപോലും കിട്ടാതെയാണ് വിപ്ലവ പത്രക്കാരന്‍ ഈ മാവോയിസ്റ്റ് പാട്ട് നീട്ടിപ്പാടുന്നത്.
കണ്ണൂര്‍ ജില്ലയിലെ പരിസ്ഥിതി പ്രര്‍ത്തകര്‍ രൂപീകരിച്ച കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ കണ്‍വീനര്‍ നോബിള്‍ പൈകടയും മറ്റൊരു ഭാരവാഹിയായ തളിപ്പറമ്പിലെ മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ കുമാറുമെല്ലാം മാവോയിസ്റ്റു ബന്ധമുള്ളവരാണെന്ന് ഒരു ഘട്ടത്തില്‍ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ ബന്ധത്തിന്റെ തെളിവ് ചോദിച്ചാല്‍ പണ്ടേതോ സിനിമയില്‍ മുകേഷിന്റെ കഥാപാത്രത്തോട് കമ്പിളിപുതപ്പിനാവശ്യപ്പെട്ടപ്പോള്‍ “കേള്‍ക്കുന്നില്ല… കേള്‍ക്കുന്നില്ലാ “എന്ന് ബധിര നാട്യം നടത്തി തടി തപ്പുന്നതു പോലെയാണ് മറുപടി..
ജനകീയ സാംസ്‌കാരിക വേദിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് സഖാവ് നോബിളും സഖാവ് സുനില്‍കുമാറും, അതെങ്ങനെയാണ് മാവോയിസ്റ്റ് ബന്ധമാകുക എന്ന് സി.പി.എമ്മുകാരോട് ചോദിക്കരുത്. നക്‌സല്‍ പ്രസ്ഥാനത്തിലുണ്ടായിരുന്ന ഭാസുരേന്ദ്ര ബാബുവിനെ പോലുള്ളവര്‍ പാര്‍ടിയുടെ ഔദ്യോഗിക ബുദ്ധിജീവിയായി പാര്‍ടി ചാനലിലുരുന്ന് “പത്രപാരായണം” നടത്തുന്നത് ഇവിടെ സ്മരിക്കാം.. നോബിളിനും സുനില്‍ കുമാറിനും ഓണററി മാവോയിസ്റ്റ് പദവി നല്‍കുന്നവര്‍ ഭാസുരേന്ദ്രബാബുവിനെയും മാവോയിസ്റ്റാക്കേണ്ടതാണ്.. ജെ.എന്‍.യു വില്‍ എസ്.എഫ്.ഐ യോടൊപ്പമുളള “ഐസ” യെ ഇടതു തീവ്രവാദികളായി മുദ്രകുത്തുന്ന സംഘ പരിവാരവും കേരളത്തിലെ സി.പി.ഐ.എംഉം എന്താണ് വ്യത്യാസമെന്ന് ഈ അവസരത്തില്‍ ആലോചിച്ചു പോകുന്നു.
ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹിയായും തീവ്രവാദിയായും ചിത്രീകരിക്കുക എന്നത് ഒരു ഫാസിസ്റ്റ് തന്ത്രമാണ്.. നരേന്ദ്ര മോഡി അതാണ് ചെയ്യുന്നത്. പിണറായി വിജയനും അതു തന്നെ ആവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയില്‍ മഹത്തായ കര്‍ഷക റാലിയെ മാവോയിസ്റ്റ് റാലി എന്നാണ് അവിടുത്തെ ബി.ജെ.പി സര്‍ക്കാര്‍ ആദ്യം വിളിച്ചതെന്ന് കിസാന്‍ സഭയുടെ നേതാവും സി.പി.ഐ.എംകേന്ദ്ര കമ്മറ്റി അംഗവുമായ സഖാവ് വിജു കൃഷ്ണന്‍ മുന്‍പ് പറഞ്ഞതായി ഓര്‍ക്കുന്നു. ജനകീയ സമരങ്ങള്‍ക്ക് മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിക്കൊടുക്കുന്നതിനെതിരെ വിജു കൃഷ്ണന്‍ പ്രതിഷേധിച്ചതും ഓര്‍ക്കുന്നു.
മഹാരാഷ്ട്രയിലെ ബി.ജെ.പി ഗവണ്‍മെന്റ് കര്‍ഷക പ്രക്ഷോഭകര്‍ക്കു നേരെ ഉന്നയിക്കുന്ന അതേ ആരോപണം കീഴാറ്റൂരിലെ സമരക്കാര്‍ക്കെതിരെ ദേശാഭിമാനിയും പാര്‍ടിയും കേരളത്തില്‍ ഉന്നയിക്കുമ്പോള്‍ വിജു കൃഷ്ണന്‍മാര്‍ക്ക് മിണ്ടാനായി വായതുറക്കാന്‍ പറ്റാത്ത രീതിയില്‍ വായ്പ്പുണ്ണാണ്. കാണാനായി കണ്ണ് തുറക്കാന്‍ പറ്റാത്ത രീതിയില്‍ കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയുമാണ്.
സമരവുമായി വയല്‍ക്കിളികളും സമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങളുമായി സി.പി.ഐ.എംഉം മുന്നോട്ടു പോയി. മുനിസിപ്പാലിറ്റി നിര്‍മിച്ച ഇ.എം.എസ് റോഡിനെ സുരേഷ് കീഴാറ്റൂര്‍ സ്വന്തം വീട്ടിലേക്ക് വയല്‍ നികത്തി നിര്‍മിച്ച സ്വകാര്യ റോഡാക്കി കൈരളി പീപ്പിളും ദേശാഭിമാനിയും റിപ്പോര്‍ട് ചെയ്തു.
സുരേഷ് കീഴാറ്റൂരിനെതിരെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രം പാര്‍ടി പത്രത്തിന്റെ നാലഞ്ചു കോളങ്ങള്‍ നീക്കിവച്ചു. സുരേഷിന്റെ വീടിന് പാതിരാത്രി കല്ലെറിഞ്ഞു.സമരപ്പന്തല്‍ പട്ടാപ്പകല്‍ കത്തിക്കുകയും സമരക്കാര്‍ തന്നെ കത്തിച്ചതാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കള്ളം പറയുകയും ചെയ്തു.
സ്വന്തം പാര്‍ടി ഗ്രാമത്തിലെ ഒരു പാരിസ്ഥിതിക സമരത്തെ ഇത്രയും നികൃഷ്ടമായി നേരിട്ട സി.പി.ഐ.എംആണ് , വയല്‍ക്കിളികള്‍ സമരത്തിനിടയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പി യുടെയും പിന്‍തുണ സ്വീകരിച്ചു.. വേദി പങ്കിട്ടു എന്നെല്ലാം വിമര്‍ശിക്കുന്നത്. ഒരു ജനകീയ സമരത്തിന് പലരും പിന്‍തുണ നല്‍കിയെന്നു വരും, ആറന്‍മുള സമരത്തില്‍ എം.എ. ബേബിയും കുമ്മനവും ഒരു വേദിയിലിരുന്നതും ഒന്നിച്ച് സമരം നയിച്ചതും സഖാക്കള്‍ മറന്നു പോയതായിരിക്കും.
അണികള്‍ പോയാലും വയലില്‍ മണ്ണിട്ടാല്‍ മതിയെന്ന ദുര്‍വാശിയില്‍ ഉറച്ചു നിന്ന സി.പി.ഐ.എംന് പ്രതിപക്ഷ പാര്‍ടികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു എന്നു വിലപിക്കാന്‍ എന്താണവകാശം. ?
കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വികസനത്തിന് ചൂട്ടു പിടിക്കുമ്പോള്‍ വീണ്ടും വീണ്ടും തോല്‍പിക്കപ്പെടുന്നത് നിങ്ങളാണ് സഖാക്കളേ വയല്‍ക്കിളികളല്ല.
DoolNews Video