ഒരു പരിധി കഴിഞ്ഞപ്പോള്‍ വില്ലന്‍ റോളുകള്‍ തനിക്ക് മടുത്തുതുടങ്ങിയിരുന്നെന്നും അതില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തേക്ക് കടക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും നടന്‍ നിഷാന്ത് സാഗര്‍. എന്നാല്‍ പിന്നീടങ്ങോട്ട് വില്ലന്‍ റോളിലേക്ക് പോലും തന്നെ വിളിക്കാത്ത അവസ്ഥ വന്നുവെന്നും നിഷാന്ത് സാഗര്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ നമ്മളെ അവസാനം വില്ലന്‍ റോളിലേക്ക് പോലും വിളിക്കാത്ത അവസ്ഥ വന്നു. ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്, നിന്നെ അതില്‍ കാസ്റ്റ് ചെയ്യാനിരുന്നതാണ്. പിന്നെ നീ വരുമ്പോഴേ അറിയാം വില്ലനായിരിക്കുമെന്ന്. അതുകൊണ്ട് വിളിക്കാത്തതാണെന്ന്’. മാത്രമല്ല ഒരു നടനെന്ന നിലയില്‍ മറ്റ് ക്യാരക്ടറുകള്‍ ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
ഡോള്‍ഫിനില്‍ അനൂപേട്ടന്‍ ആ ക്യാരക്ടര്‍ തന്നപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്. ഒരുപാട് പേര്‍ സിനിമ കണ്ട ശേഷം വിളിച്ചു. നിന്നെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമല്ലേ എന്ന് ചോദിച്ചു. ജിന്ന് ആണെങ്കിലും ചതുരമാണെങ്കിലും കഥാപാത്രങ്ങളില്‍ വ്യത്യാസം ഉണ്ട്. ഞാന്‍ വിചാരിച്ച രീതിയില്‍ ഒരു മാറ്റം സംഭവിക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടായിരുന്നു.
എന്നാല്‍ ആര്‍.ഡി.എക്‌സില്‍ വീണ്ടും വില്ലനായി വന്നു. ആ പടം വലിയ വിജയമായി. വീണ്ടും ആ വില്ലന്‍ എന്ന സംഭവത്തിലേക്ക് തന്നെയാണ് വരുന്നത്. അതിന് ശേഷം വരുന്ന ഓഫറുകളും അങ്ങനെ തന്നെയാണ്.
പിന്നെ ആര്‍.ഡി.എക്‌സിലെ വില്ലനില്‍ ഒരുമാറ്റം ഉണ്ട്. നിന്റെ പഴയ രൂപമല്ല ഇതിലെന്നും ആ ചോക്ലേറ്റ് സാധനമല്ല കണ്ടതെന്നും ഇനി നിന്നെ ചില സിനിമകളില്‍ കാസ്റ്റ് ചെയ്യാന്‍ തോന്നുന്നുണ്ട് എന്നൊക്കെ ചിലയാളുകള്‍ പറഞ്ഞു. അത് സന്തോഷം തരുന്നുണ്ട്. വില്ലനില്‍ തന്നെ വലിയ വേരിയേഷന്‍സ് ഉണ്ടല്ലോ,’ നിഷാന്ത് സാഗര്‍ പറഞ്ഞു.
ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിച്ച കാലത്തെ കുറിച്ചും നിഷാന്ത് സാഗര്‍ അഭിമുഖത്തില്‍ സംസാരിച്ചു. 18ാമത്തെ വയസിലാണ് ജോക്കറില്‍ അഭിനയിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ പോലും കഥയൊന്നും തനിക്ക് അറിയില്ലായിരുന്നു. അന്ന് ലോഹിസാര്‍ ജോക്കറിനെ കുറിച്ച് പറഞ്ഞു തരുമ്പോള്‍ എനിക്ക് ഒന്നും അറിയുമായിരുന്നില്ല.
നമ്മള്‍ ഓരോ ദിവസം ലൊക്കേഷനില്‍ വരുമ്പോള്‍ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു ഇന്ന് എന്താണ് നടക്കാന്‍ പോകുന്നത് എന്ന് അറിയാന്‍. ജോക്കറിന്റെ മുഴുവന്‍ കഥയൊന്നും അന്ന് അറിയില്ലായിരുന്നു. അന്നത്തെ സീന്‍ ചിലപ്പോള്‍ ലൊക്കേഷനില്‍ വന്നിട്ടായിരിക്കും സാര്‍ എഴുതുന്നത്. ജോക്കര്‍ എന്നെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു, നിഷാന്ത് സാഗര്‍ പറഞ്ഞു.
Content Highlight: Nishant Sagar about RDX and his career challenge