| Saturday, 5th October 2024, 12:35 pm

എന്തുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ നിന്ന് മാറി നിന്നതെന്ന ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല അവരോടാണ്: നിഷാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഋതു, അപൂര്‍വരാഗം, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ അഭിനേതാവാണ് നിഷാന്‍. സിനിമയില്‍ നിന്നും കുറച്ചു കാലമായി ഇടവേളയെടുത്ത താരം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

സിനിമയിലെ ഇടവേളയെ കുറിച്ച് സംസാരിക്കുകയാണ് നിഷാന്‍. കിഷ്‌കിന്ധാ കാണ്ഡം ഇറങ്ങിയത് മുതല്‍ ആളുകള്‍ തന്നോട് എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്, മലയാളത്തിലേക്ക് തിരിച്ചു വന്നല്ലോ എന്നെല്ലാം ചോദിക്കാറുണ്ടെന്ന് നിഷാന്‍ പറയുന്നു.

നല്ല സിനിമകളും കഥകളും തന്നെ തേടി വരാത്തതുകൊണ്ടാണ് മലയാളത്തില്‍ നിന്ന് മാറി നിന്നതെന്നും നല്ല റോളുകള്‍ കിട്ടിയിരുന്നെങ്കില്‍ താന്‍ ഇവിടെ തന്നെ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് താന്‍ മലയാളത്തില്‍ നിന്ന് മാറി നിന്നത് എന്ന ചോദ്യം തന്നോടല്ല ചോദിക്കേണ്ടതെന്നും അത് ഫിലിം മേക്കേഴ്സിനോടാണ് ചോദിക്കേണ്ടതെന്നും നിഷാന്‍ പറയുന്നു.

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ അലക്‌സ് കുര്യനും താനും മുമ്പ് അപൂര്‍വരാഗത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കിഷ്‌കിന്ധാ കാണ്ഡത്തിലേക്ക് വിളിച്ച് ചെറുതാണെങ്കിലും പ്രധാനപ്പെട്ട വേഷമാണ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നെന്നും നിഷാന്‍ പറയുന്നു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഷാന്‍.

‘കിഷ്‌കിന്ധാ കാണ്ഡം പുറത്തിറങ്ങിയതിന് ശേഷം എല്ലാവരും എന്നോട് മലയാളത്തിലേക്ക് തിരിച്ചുവന്നല്ലോ എന്നാണ് ചോദിക്കുന്നത്. തിരിച്ചുവരാനായി ഞാന്‍ ഒരിടത്തും പോയിട്ടില്ല. നല്ല സിനിമകളും കഥകളും എന്നെത്തേടി വരാത്തതുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ നിന്ന് മാറി നിന്നത്. നല്ല റോളുകള്‍ കിട്ടിയിരുന്നെങ്കില്‍ ഞാനിവിടെ തന്നെ ഉണ്ടാകുമായിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ നിന്ന് മാറി നിന്നതെന്ന ചോദ്യം ചോദിക്കേണ്ടത് ഫിലിം മേക്കേഴ്സിനോടാണ്.

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ അലക്‌സ് കുര്യനും ഞാനും മുന്‍പ് അപൂര്‍വരാഗത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം എന്നെ ഈ പ്രൊജക്ടിലേക്ക് വിളിച്ചപ്പോള്‍ ഒരു ഫാമിലി റീ യൂണിയന്‍ പോലെയാണ് എനിക്ക് തോന്നിയത്.

കിഷ്‌കിന്ധാ കാണ്ഡം അദ്ദേഹം നിര്‍മിക്കാന്‍ പോകുന്ന വിവരം അലക്‌സ് എന്നെ വിളിച്ച് അറിയിച്ചിരുന്നു. ചിത്രത്തില്‍ ചെറുതാണെങ്കിലും ഒരു പ്രധാനപെട്ട വേഷം ഞാന്‍ തന്നെ ചെയ്യണമെന്നും എന്നോട് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ ഓക്കേ പറഞ്ഞു. അങ്ങനെയാണ് വീണ്ടും ഒരു ഇടവേളക്ക് ശേഷം ഒരു മലയാള സിനിമയിലേക്ക് ഞാന്‍ എത്തുന്നത്,’ നിഷാന്‍ പറയുന്നു.

Content Highlight: Nishan Talks About His Gap From Malayalam Film Industry

We use cookies to give you the best possible experience. Learn more