ഗോരഖ്പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ നിഷാദ് പാര്‍ട്ടിക്ക് 50 കോടി കൈക്കൂലി നല്‍കിയെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണ് നിഷാദ് പാര്‍ട്ടി.
സമാജ്‌വാദി പാര്‍ട്ടിയുടെ ഗോരഖ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി രംഭുലാല്‍ നിഷാദാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപ്പെട്ടാണ് പാര്‍ട്ടിക്ക് പണം നല്‍കിയതെന്നും രംഭുലാല്‍ ആരോപിക്കുന്നു.
സഞ്ജയ് നിഷാദ്, യോഗി ആദിത്യനാഥില്‍ നിന്ന് 50 കോടി കൈക്കൂലി വാങ്ങി ബി.ജെ.പിക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്ന് രംഭുലാല്‍ പറയുന്നു.
അതേസമയം, നിഷാദ് പാര്‍ട്ടി ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി രംഭുലാലിനെ ഗൊരഖ്പൂരില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
രണ്ട് തവണ കൗഡിറാം മണ്ഡലത്തില്‍ നിന്ന് രംഭുലാല്‍ എം.എല്‍.എയായി വിജയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്.പി സീറ്റില്‍ മത്സരിച്ച നിഷാദ് പാര്‍ട്ടി മാര്‍ച്ച് 30നായിരുന്നു മഹാസഖ്യം ഉപേക്ഷിച്ചത്.
മഹാസഖ്യത്തിന്റെ ഭാഗമായി മൂന്നു ദിവസം പിന്നിട്ടപ്പോഴായിരുന്നു സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ നിഷാദ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനിടെ യോഗി ആദിത്യനാഥിനെ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചത് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
അതേസമയം, ഗോരഖ്പൂരില്‍ സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ നിഷാദാണ് നിലവിലെ എം.പി. ഗോരഖ്പൂര്‍ സീറ്റില്‍ പ്രവീണ്‍ നിഷാദിനെ വീണ്ടും മത്സരിപ്പിക്കുമെന്ന് നിഷാദ് പാര്‍ട്ടിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു.