ലക്‌നൗ: ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തിന്റെ ഭാഗമായി നിഷാദ് പാര്‍ട്ടിയും ജന്‍വാദി പാര്‍ട്ടി (സോഷ്യലിസ്റ്റ്) യും. ലക്‌നൗവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അഖിലേഷ് യാദവാണ് പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രിയായതിന് ശേഷം യോഗി ആദിത്യനാഥ് സ്ഥാനമൊഴിഞ്ഞ ഗോരഖ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നിഷാദ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മതേതര സഖ്യം സീറ്റ് പിടിച്ചെടുത്തിരുന്നു.
നിഷാദ് പാര്‍ട്ടി തലവനായ സഞ്ജയ് നിഷാദിന്റെ മകനായ പ്രവീണ്‍ കുമാര്‍ നിഷാദാണ് 1989ന് ശേഷം ബി.ജെ.പി തോറ്റിട്ടില്ലാത്ത, യോഗി ആദിത്യനാഥിന്റെ സിറ്റിങ് സീറ്റായ ഗോരഖ്പൂര്‍ പിടിച്ചെടുത്തിരുന്നത്.
യുപിയിലെ ആകെയുള്ള 80 സീറ്റുകളില്‍ ബിഎസ്പി 38 സീറ്റുകളിലും എസ്പി 37 സീറ്റുകളിലും ആര്‍.എല്‍.ഡി മൂന്നു സീറ്റുകളിലും സഖ്യമായി മത്സരിക്കാനാണ് ധാരണയായിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.