| Thursday, 8th July 2021, 7:20 pm

മന്ത്രിസഭാ പുനസംഘടനയില്‍ അതൃപ്തി; വലിയ വില നല്‍കേണ്ടി വരും, എതിര്‍പ്പ് പ്രകടിപ്പിച്ച് യു.പിയിലെ ബി.ജെ.പി. ഘടകകക്ഷികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ ഘടകകക്ഷികള്‍ക്കിടയിലെ അതൃപ്തി രൂക്ഷമാകുന്നു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. ഘടക കക്ഷിയായ നിഷാദ് പാര്‍ട്ടിയാണ് ഏറ്റവുമൊടുവിലായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

പാര്‍ട്ടി അധ്യക്ഷനായ സഞ്ജയ് നിഷാദ് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി. തന്റെ മകനായ പ്രവീണ്‍ നിഷാദിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അപ്‌നാ ദളിലെ അനുപ്രിയ പട്ടേലിനെ മന്ത്രിയാക്കാമെങ്കില്‍ എന്തുകൊണ്ട് തന്റെ മകനെ നിഷേധിച്ചുവെന്നാണ് സഞ്ജയ് നിഷാദ് ചോദിച്ചത്.

അനുപ്രിയ പട്ടേലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് എന്റെ മകനെ തഴഞ്ഞു? ബി.ജെ.പിയുടെ നയങ്ങളില്‍ നിഷാദ് പാര്‍ട്ടി അംഗങ്ങള്‍ സംതൃപ്തരല്ല. യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ കനത്ത വില നല്‍കേണ്ടിവരും.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ഘടകകക്ഷികളുടെ എതിര്‍പ്പ് യോഗി ആദിത്യനാഥ് സര്‍ക്കാരിന് വെല്ലുവിളിയാകുമെന്നുറപ്പാണ്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ഘടകകക്ഷികളെ കാര്യമായി പരിഗണിച്ചില്ലെങ്കില്‍ യു.പിയില്‍ ബി.ജെ.പിക്ക് തിരിച്ചടി ഉറപ്പാണ്.

ജൂലൈ ഏഴിനാണ് രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചത്. പുനസംഘടനയില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകളും ധാരണയായിട്ടുണ്ട്. ആഭ്യന്തരമന്ത്രിയായ അമിത് ഷാ സഹകരണ മന്ത്രാലയത്തിന്റെ ചുമതല കൂടി ഏറ്റെടുത്തേക്കും.

പുതുതായി രൂപീകരിച്ച വകുപ്പാണിത്. ആരോഗ്യമന്ത്രിയായി മന്‍സുഖ് മാണ്ഡവ്യയെ തെരഞ്ഞെടുത്തു.

അനുരാഗ് ഠാക്കൂറിന് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റേയും കായിക മന്ത്രാലയത്തിന്റേയും ചുമതല നല്‍കും. ധര്‍മ്മേന്ദ്ര പ്രധാനായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല.

ഐ.ടി., റെയില്‍വേ വകുപ്പുകള്‍ അശ്വിനി വൈഷ്ണവ് കൈകാര്യം ചെയ്യും. ജ്യോതിരാദിത്യ സിന്ധ്യയാണ് വ്യോമയാന മന്ത്രി.

87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ. മന്ത്രിസഭയിലെ സ്ത്രീകളുടെ എണ്ണം പതിനൊന്നാണ്.

ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ടാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു. നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Nishad Party In UP Slams Ministry Reshuffle

We use cookies to give you the best possible experience. Learn more