| Saturday, 4th May 2024, 10:02 pm

ലിസ്റ്റിനും ഡിജോയും പറഞ്ഞത് നുണ; അത് ഞാന്‍ മമ്മൂക്കയെ മനസില്‍ കണ്ടുണ്ടാക്കിയ പ്ലോട്ട്: മലയാളി ഫ്രം ഇന്ത്യയുടെ വിവാദത്തില്‍ നിഷാദ് കോയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മെയ് ഒന്നിന് തിയേറ്ററിലെത്തിയ നിവിന്‍ പോളി ചിത്രമായിരുന്നു മലയാളി ഫ്രം ഇന്ത്യ. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഷാരിസ് മുഹമ്മദായിരുന്നു. എന്നാല്‍ സിനിമ റിലീസാകുന്നതിന് മുമ്പ് ചില വിവാദങ്ങള്‍ മലയാളി ഫ്രം ഇന്ത്യയെ തേടി വന്നിരുന്നു. നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുള്ള നിഷാദ് കോയയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായിരുന്നത്.

റിലീസിന് തലേ ദിവസം അടുത്ത ദിവസം ഇറങ്ങുന്ന മലയാള സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന് തുടങ്ങുന്ന പോസ്റ്റാണ് നിഷാദ് കോയ പങ്കുവെച്ചിരുന്നത്. എന്നാല്‍ പിന്നീട് നിഷാദ് തന്റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. സിനിമ തിയേറ്ററിലെത്തിയ ശേഷം നിഷാദ് പോസ്റ്റില്‍ പറഞ്ഞ കഥയുമായി സിനിമക്ക് സാമ്യവും ഉണ്ടായിരുന്നു. മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനായ ഡിജോയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ഇതിനെതിരെ പ്രതികരിച്ചിരുന്നു.

തങ്ങളോട് നിഷാദ് ഈ കാര്യം ഫേസ്ബുക്ക് പോസ്റ്റിടുന്നതിന് മുമ്പായി സംസാരിച്ചിട്ടില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇപ്പോള്‍ ഇതിന് മറുപടി പറയുകയാണ് നിഷാദ് കോയ. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യത്തെ കാര്യം, മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകനുമായും നിര്‍മാതാവുമായും ഞാന്‍ സംസാരിച്ചിട്ടില്ല എന്ന് പറയുന്നത് നുണയാണ്. അതിനുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. രണ്ടാമത്തെ കാര്യം, ഞാന്‍ എന്റെ സിനിമയുടെ കഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ സിനിമയുടെ കഥയല്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ടെന്‍ഷനടിക്കുന്നത്.

അവരുടെ സിനിമ അത് ആയത് കൊണ്ടാണ് ആ രാത്രി തന്നെ എനിക്ക് കോളുകള്‍ വരുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും ഫെഫ്ക്കയില്‍ നിന്നുമൊക്കെ എന്നെ വിളിച്ച് സംസാരിച്ചത്. എന്നോട് അവര്‍ പറഞ്ഞത് ‘ഒരു സിനിമ ഇറങ്ങുകയല്ലേ, നമുക്ക് ലീഗലി നീങ്ങാം. അല്ലെങ്കില്‍ സംസാരിക്കാം. മുപ്പത് കോടി ബജറ്റില്‍ നിര്‍മിച്ച സിനിമയാണ്. ആ പോസ്റ്റ് ഒന്ന് പിന്‍വലിക്കൂ’ എന്നായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ആ പോസ്റ്റ് പിന്‍വലിച്ചത്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്നും മുതിര്‍ന്ന ആളുകള്‍ വിളിക്കുമ്പോള്‍ വില കൊടുക്കണം എന്ന് കരുതിയാണ് ഞാന്‍ അത് പിന്‍വലിച്ചത്. ലീഗലി നീങ്ങാം, അല്ലെങ്കില്‍ ചര്‍ച്ച ചെയ്തിട്ട് വിളിക്കുമായിരിക്കും എന്ന് കരുതി നില്‍ക്കുമ്പോഴാണ് അവരുടെ ഇന്റര്‍വ്യൂ കാണുന്നത്.

ഞാന്‍ ഇന്‍ഡോ – പാക് എന്ന് പറഞ്ഞ് 2021ല്‍ എഴുതിയ കഥയാണ് അത്. ജയസൂര്യയുടെ ബെര്‍ത്ത് ഡേയുടെ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ജോഷി സാര്‍ ഡയറക്ട് ചെയ്ത് വേണു കുന്നപ്പള്ളി പ്രൊഡ്യൂസ് ചെയ്ത് നവാസുദ്ദീന്‍ സിദ്ദീഖിയെയും ജയസൂര്യയെയും കാസ്റ്റിങ് വെച്ച് അനൗണ്‍സ് ചെയ്ത സിനിമയാണ് അത്. അതും 2021ല്‍ ആണ് ആ അനൗസ്‌മെന്റ് നടത്തുന്നത്. ഇന്നലെ ലിസ്റ്റിന്‍ പറഞ്ഞത് ഒന്നേകാല്‍ വര്‍ഷം മുമ്പ് അവര്‍ തുടങ്ങി വെച്ചതാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ്.

ഞാന്‍ ഈ സിനിമയുടെ പ്ലോട്ട് ഉണ്ടാക്കിയത് മമ്മൂക്കയെ മനസില്‍ കണ്ടാണ്. മാമാങ്കത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ മമ്മൂക്കയോട് ഈ കഥ പറയുന്നത്. അന്ന് അദ്ദേഹം പറഞ്ഞത്, കഥ നല്ലതാണ് കുറച്ചുകൂടെ യങ് ആയ ഒരാള്‍ ചെയ്യുകയാണെങ്കില്‍ നന്നായിരിക്കും എന്നാണ്. നമുക്ക് വേറെ പരിപാടി പിടിക്കാമെന്നും ഇത് വേറെ ആര്‍ട്ടിസ്റ്റിനെ വെച്ച് പ്ലാന്‍ ചെയ്യാനും പറയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ജയസൂര്യയോട് കഥ പറയുന്നതും പുള്ളിക്ക് ഇഷ്ടമാകുന്നതും,’ നിഷാദ് കോയ പറഞ്ഞു.


Content Highlight: Nishad Koya Talks About Malayali From India

We use cookies to give you the best possible experience. Learn more