ഈ പട്ടണത്തിൽ ഭൂതം, തുറുപ്പുഗുലാൻ, താപ്പാന എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു തോപ്പിൽ ജോപ്പൻ. നിഷാദ് കോയ തിരക്കഥ ഒരുക്കിയ ചിത്രം ഒരു ഫാമിലി കോമഡി പടമായിരുന്നു.
മലയാളത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമായ പുലിമുരുകനൊപ്പമായിരുന്നു തോപ്പിൽ ജോപ്പൻ റിലീസായത്. പുലിമുരുകന്റെ ഗംഭീര കുതിപ്പിന് മുന്നിൽ പിടിച്ച് നിൽക്കുന്നതിൽ തോപ്പിൽ ജോപ്പൻ പരാജയപ്പെട്ടിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ ക്ലാഷ് റിലീസിൽ ഒന്നായിരുന്നു അത്.
തോപ്പിൽ ജോപ്പൻ പുലിമുരുകനോടൊപ്പം ക്ലാഷ് റിലീസ് വെക്കണമെന്നത് തന്റെ നിർബന്ധമായിരുന്നുവെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയ പറയുന്നു.
മമ്മൂട്ടിക്കും ജോണി ആന്റണിക്കും സംശയമുണ്ടായിരുന്നുവെന്നും നിഷാദ് കോയ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തോപ്പിൽ ജോപ്പൻ അങ്ങനെ ഇറക്കണമെന്നത് എന്റെ ഒരു നിർബന്ധമായിരുന്നു. തോപ്പിൽ ജോപ്പൻ ചെറിയ രീതിയിൽ പോവുന്ന ഒരു സിനിമയാണ്. അത്രേം വലിയ മാസ് പടവുമായിട്ട് ക്ലാഷ് വേണ്ടെന്ന് മമ്മൂക്കക്കും ജോണി ചേട്ടനുമൊക്കെ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു, ഏതായാലും ആളുകൾ തിയേറ്ററിലേക്ക് വരും. അപ്പോൾ ഒരുമിച്ച് വെക്കുന്നതിന് പ്രശ്നമില്ലല്ലോ,’നിഷാദ് പറയുന്നു.
രണ്ട് സിനിമകളും വ്യത്യസ്ത രീതിയിൽ പ്രേക്ഷകർ സ്വീകരിക്കുമെന്ന് താൻ കരുതിയെന്നും ജോണി ആന്റണിയോടും അത് പറഞ്ഞെന്നും നിഷാദ് പറഞ്ഞു.
‘രണ്ട് സിനിമകളെയും രണ്ട് രീതിയിൽ ആളുകൾ വിലയിരുത്തുമല്ലോ. മലയാളികൾ അങ്ങനെയാണല്ലോ. മലയാളി പ്രേക്ഷകരെ അത് പ്രത്യേകം പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. അത് കേട്ടപ്പോൾ ജോണി ചേട്ടൻ എന്നാൽ ആയിക്കോട്ടെയെന്ന് പറഞ്ഞു. അങ്ങനെയാണ് പുലിമുരുകന്റെ കൂടെ തോപ്പിൽ ജോപ്പൻ ക്ലാഷ് വെച്ചത്,’നിഷാദ് കോയ പറഞ്ഞു
Content Highlight: Nishad Koya Says That Why Thoppil Joppan Release With Pulimurugan