| Sunday, 5th May 2024, 1:18 pm

ഇതേ കഥ ഞാന്‍ പൃഥ്വിയോടും പറഞ്ഞിരുന്നു, ഡിജോ ഈ കഥ ചെയ്യുന്നുണ്ടെന്ന് പൃഥ്വിക്ക് അന്നേ അറിയാമായിരുന്നു: നിഷാദ് കോയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി ഫ്രം ഇന്ത്യയുടെ സ്‌ക്രിപ്റ്റ് വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ഒന്നേകാല്‍ വര്‍ഷം മുമ്പ് സ്റ്റാര്‍ട്ട് ചെയ്ത പ്രൊജക്ടാണിതെന്നും, നിഷാദ് ചെയ്തത് മോശമാണെന്നും നിര്‍മാതാവ് ലിസ്റ്റിന്‍ അഭിമുഖത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി നിഷാദ് രംഗത്തെത്തിയത്.

ആദ്യം ജയസൂര്യയെ വെച്ച് ചെയ്യാനിരുന്ന പ്രൊജക്ട് ഡ്രോപ്പായെന്ന് നിഷാദ് പറഞ്ഞു. ജയസൂര്യ ഈ കഥ ഡിജോയോട് പറഞ്ഞപ്പോള്‍ ഡിജോക്ക് ഇതിനോട് താത്പര്യമുണ്ടായിരുന്നെന്നും എന്നാല്‍ താന്‍ ഡിജോയെ വിളിച്ചപ്പോള്‍ അയാള്‍ പ്രതികരിച്ചില്ലെന്നും നിഷാദ് പറഞ്ഞു.

പിന്നീട് ഇതേ കഥ പൃഥ്വിയെ വെച്ച് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പൃഥ്വി പറഞ്ഞത് ഡിജോ ഈ കഥ നിവിനെ വെച്ച് ചെയ്യാന്‍ പോകുന്നുണ്ടെന്നും എബി, വിമാനം എന്നീ സിനിമകള്‍ക്ക് വന്ന അവസ്ഥ ഈ സിനിമക്ക് വരാതിരിക്കാന്‍ വേണ്ടി ഡിജോ വിളിക്കാന്‍ പൃഥ്വി നിര്‍ദേശിച്ചെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഷാദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘2021ല്‍ ജയസൂര്യയുടെ പിറന്നാളിന്റെ അന്നാണ് ഞാന്‍ ഇന്തോ-പാക് എന്ന പേരില്‍ ഈ സിനിമ അനൗണ്‍സ് ചെയ്തത്. ജോഷി സാറായിരുന്നു സംവിധാനം. എന്നാല്‍ സിനിമയുടെ ബജറ്റ് കാരണം അത് ഡ്രോപ്പായി. പിന്നീട് ഒരു പരസ്യത്തിന്റെ ഷൂട്ടിനിടയില്‍ ജയസൂര്യ ഈ കഥ ഡിജോയോട് പറഞ്ഞെന്നും അയാള്‍ക്ക് താത്പര്യമുണ്ടെന്നും ജയസൂര്യ എന്നോട് പറഞ്ഞു. ഞാന്‍ ഡിജോയെ വിളിച്ചപ്പോള്‍ അയാള്‍ ഫോണെടുത്തില്ല.

ഡിജോ ഈ സിനിമ ചെയ്യുന്നുണ്ടാകില്ല എന്ന് ഞാന്‍ വിചാരിച്ചു. കുറച്ചു മാസം കഴിഞ്ഞപ്പോള്‍ ഗോകുലം മൂവീസിലെ തരുണ്‍ ചേട്ടന്‍ എന്നെ വിളിച്ചിട്ട് എന്റെ കഥയില്‍ താത്പര്യം കാണിച്ചു. പൃഥ്വിയെ വെച്ച് ഈ സിനിമ ചെയ്യാമെന്നും ധാരണയായി. കാപ്പയുടെ സെറ്റില്‍ ചെന്ന് ഞാന്‍ ഈ കഥ പൃഥ്വിയോട് പറഞ്ഞു. പൃഥ്വിക്ക് ഓക്കെയായി.

2022ല്‍ സലാറിന്റെ ഷൂട്ട് ഹൈദരാബാദില്‍ നടക്കുമ്പോള്‍ പൃഥ്വി എന്നെ അങ്ങോട്ടേക്ക് വിളിപ്പിച്ചു. ഇതേ കഥ ലിസ്റ്റിന്‍ നിവിനെ വെച്ച് ചെയ്യുന്ന സിനിമയുടെ കഥയുമായി സിമിലാരിറ്റിയുണ്ട്. ഡിജോയാണ് അതിന്റെ ഡയറക്ടര്‍. ഇതിന് മുമ്പ് എബിയും വിമാനവും ഇറങ്ങിയപ്പോള്‍ ഇതേ പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങള്‍ തമ്മില്‍ സംസാരിച്ച് ശരിയാക്ക് എന്ന് പൃഥ്വി പറഞ്ഞു.

പിന്നീട് നാട്ടിലെത്തിയപ്പോള്‍ വീണ്ടും ഞാന്‍ ഡിജോയെ കോണ്ടാക്ട് ചെയ്തു. യാതൊരു മറുപടിയും ഡിജോയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല,’ നിഷാദ് പറഞ്ഞു.

Content Highlight: Nishad Koya saying Prithvi knows that Dijo doing the same script of him

We use cookies to give you the best possible experience. Learn more