|

ഉപ്പും മുളകിലെയും നീലുവായി നിഷ തന്നെ തുടരുമെന്ന് ഫ്‌ളവേഴ്‌സ് ചാനല്‍; സംവിധായകനെതിരായ ആരോപണത്തില്‍ മൗനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉപ്പും മുളകും സംവിധായകനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ നിഷ സാരംഗ് തന്നെ സീരിയലില്‍ തുടരുമെന്ന് ഫ്‌ളവേഴ്‌സ് ചാനല്‍. ഫേസ്ബുക്കിലൂടെയായിരുന്നു ഫ്‌ളവേഴ്‌സിന്റെ വിശദീകരണം.

നിഷ സാരംഗ് “നീലു”വായി ഉപ്പും മുളകില്‍ തുടരും. പ്രചരണങ്ങള്‍ സത്യമല്ല എന്നായിരുന്നു ചാനലിന്റെ വിശദീകരണം. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ “നീലു”വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കുമെന്നും നിഷ സാരംഗുമായി ചാനല്‍ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നെന്നും ചാനല്‍ പറയുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചത്. എന്നായിരുന്നു ചാനല്‍ നല്‍കിയ വിശദീകരണം.


Also Read ‘ഉപ്പും മുളകും സംവിധായകനെ പുറത്താക്കണം, നിഷയ്ക്ക് നീതി ലഭ്യമാക്കണം’; ഫ്‌ളവേഴ്‌സ് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം


എന്നാല്‍ സംവിധായകനെതിരെയോ നടിയുടെ പരാതിയെ കുറിച്ചുള്ള നിലപാടുകളെ കുറിച്ചോ ചാനല്‍ പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് വിശദീകരണ കുറിപ്പ് ചാനല്‍ വീണ്ടും മാറ്റി നല്‍കി.

പുതിയ കുറിപ്പില്‍ ഉയര്‍ന്നുവന്ന പരാതികള്‍ ചാനല്‍ മാനേജ്മെന്റ് ഗൗരവത്തോടെ പരിശോധിച്ച് വരികയാണെന്നും നിഷ ഉന്നയിച്ച പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ആ കലാകാരിക്ക് ഉറപ്പ് നല്‍കുകയും ചെയ്‌തെന്നും പറയുന്നുണ്ട്.

ഉപ്പും മുളകും സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് സീരിയല്‍ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുന്ന ഉപ്പും മുളകും സീരിയലില്‍ നിന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നും നിരന്തരമായ ശല്യം പരാതിപ്പെട്ടതിന്റെ പകയാണിതെന്നും നിഷ പറഞ്ഞിരുന്നു.


Also Read “ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും” നിഷാ സാരംഗിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യു.സി.സി


റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നിഷയുടെ തുറന്ന് പറച്ചില്‍. അമേരിക്കയിലെ ഒരു അവാര്‍ഡ് ഷോയ്ക്ക് അനുവാദമെടുത്ത് അഞ്ചു ദിവസം പോയതിന്റെ പേര് പറഞ്ഞാണ് തന്നെ സീരിയലില്‍ നിന്ന് പുറത്താക്കിയതെന്ന് നിഷ പറഞ്ഞു.

നിരന്തരം തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പരാതി പറഞ്ഞതിന്റെ പകയാണ് ഉണ്ണികൃഷ്ണനെന്ന് നിഷ പറയുന്നു. സീരിയല്‍ ആരംഭിച്ചതിന് ശേഷം തന്നോട് മോശമായി പെരുമാറുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇത് ഇഷ്ടമില്ലെന്ന് പറഞ്ഞതോടെ നിരന്തരം തനിക്ക് മെസേജ് അയക്കാനും തെറി വിളിക്കാനും തുടങ്ങി. തുടര്‍ന്ന് ഫ്ളേവഴ്സ് ചാനല്‍ എം.ഡിയായ ശ്രീകണ്ഠന്‍ നായരോട് വിളിച്ച് പറഞ്ഞെന്നും തുടര്‍ന്ന് സംവിധായകനെ വാണ്‍ ചെയ്തെന്നും നിഷ പറയുന്നു.

സംവിധായകന്‍ ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും നടി നിഷയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്ളവേഴ്സ് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധമാരംഭിച്ചിരുന്നു.