തൃശൂരുകാരിയും ടീച്ചറും മോട്ടിവേഷണൽ സ്‌പീക്കറുമാണ് നിഷ റാഫേൽ. അധ്യാപന രംഗത്ത് പുതുമകൾ കൊണ്ടുവന്ന ഒരു അധ്യാപികയാണ് നിഷ. മോഹൻലാലിനെ അനുകരിച്ച് ക്ലാസ് എടുത്തതുകൊണ്ട് തന്റെ ജോലി വരെ നഷ്ടപ്പെട്ടെന്ന് പറയുകയാണ് നിഷ. താനൊരു ലാലേട്ടൻ ഫാനാണെന്നും അതുകൊണ്ട് ക്ലാസുകളിൽ കുട്ടികളുമൊത്ത് മോഹൽലാലിന്റെ സിനിമയിലെ സീനുകൾ ഡബ്സ്മാഷ് ചെയ്ത് അഭിനയിക്കാറുണ്ടെന്നും അത് മാനേജ്‌മന്റ് അറിഞ്ഞ് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നും നിഷ പറഞ്ഞു. തന്റെ ക്ലാസ്സിൽ ഇരിക്കാൻ കുട്ടികൾക്ക് ഇഷ്ടമാണെന്നും നിഷ കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഷ.
‘ഞാൻ ലാലേട്ടൻ ഫാനാണ്. ഞാൻ കണ്ട ലാലേട്ടന്റെ ആദ്യ ചിത്രം ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ആ സിനിമ കാണുമ്പോൾ എനിക്ക് ആറു വയസേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഇരുപതാം നൂറ്റാണ്ട് കണ്ട് ഇറങ്ങിയപ്പോൾ ലാലേട്ടനോടുള്ള മനസ്സിൽ തോന്നിയ ഒരു വികാരമുണ്ട്. അത് ഇത്ര വർഷം കഴിഞ്ഞിട്ടും ഇപ്പോഴും മനസ്സിലുണ്ട്.
ലാലേട്ടന്റെ സിനിമയോടുള്ള ആരാധന കൊണ്ട് അദ്ദേഹത്തിന്റെ സിനിമയിലുള്ള പല സീനുകളും ഡബ്സ്മാഷ് ആയിട്ട് ക്ലാസിൽ ചെയ്യും. ക്ലാസിലെ ഒന്ന് രണ്ട് സ്റ്റുഡൻസ് ആയിട്ട് നിന്നിട്ട് ഞങ്ങൾ അത് അഭിനയിക്കും. അത് കുട്ടികളുടെ മനസ്സിൽ തറച്ചു നിൽക്കും. ഇപ്പോൾ പ്രൊഡക്ഷൻ അങ്ങനെ എന്തെങ്കിലും ആണ് പഠിപ്പിക്കുന്നതെങ്കിൽ മിഥുനം സിനിമയുടെ ബാക്ക് ഗൗണ്ട് നിന്നുകൊണ്ട് അതിലൊരു സീൻ നമ്മൾ ക്ലാസിൽ അഭിനയിക്കും. അത് കറക്റ്റ് ആയിട്ട് മോഹൻലാലിനെ അനുകരിക്കുകയല്ല, പക്ഷേ ഡബ്സ്മാഷ് ആണ്. ലിപ് സിങ്ക് ചെയ്ത് പറയുന്നു എന്ന് മാത്രം.
അത് പലരും പറഞ്ഞറിഞ്ഞിട്ട് ഈ മാനേജ്മെന്റിലേക്ക് എത്തും. എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞു സഹപ്രവർത്തകർ പറഞ്ഞൊക്കെ അറിയുമല്ലോ. അങ്ങനെ പല ഇഷ്യൂസും ഉണ്ടായിട്ടുണ്ട്. കുട്ടികൾക്ക് ക്ലാസിൽ ഇരിക്കാൻ ഭയങ്കര ഇഷ്ടമാണ്. ഞാൻ അധികവും പഠിപ്പിച്ചിട്ടുള്ളത് എൻജിനീയറിങ് കോളേജിലാണ്.
എൻജിനീയറിങ് കോളേജിലെ കുട്ടികൾക്ക് സ്കിപ്പ് ചെയ്യാൻ ഏറ്റവും താല്പര്യമുള്ള സബ്ജക്ട് ആണ് ഇക്കണോമിക്സ്. ഞാൻ ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇക്കണോമിക്സ് അറുബോറൻ സബ്ജക്ട് ആണെന്നും, കുട്ടികൾക്ക് ബങ്ക് ചെയ്യാൻ ഇഷ്ടപ്പെട്ട വിഷയമാണെന്നുമാണ് കേട്ട് കേൾവി.
എന്നാൽ എന്റെ ക്ലാസിൽ എല്ലാവരും ഉണ്ടാവും, ഒറ്റയാളും ക്ലാസിൽ നിന്ന് ചാടി പോകില്ല. കുട്ടികൾ പറയുന്നത് ‘ഒന്നെങ്കിൽ പി.ടി അല്ലെങ്കിൽ നിഷാ മിസ്സിൻ്റെ ഹവർ’ എന്നുള്ളതാണ്. ക്ലാസിൽ ഇരിക്കാനാണ് പിള്ളേർക്കിഷ്ട്ടം. ഇത് എന്താണെന്ന് തേടിപ്പിടിച്ച് മാനേജ്മെന്റ് വന്നപ്പോൾ ഇവിടെ തമാശയും കളിയും ചിരിയുമൊക്കെയാണ്.
എന്നാൽ എന്റെ വിഷയത്തിൽ കുട്ടികൾക്ക് മുഴുവൻ മാർക്കും കിട്ടും. നമ്മുടെ മലയാളികളുടെ ഒരു സ്വഭാവമെന്തെന്നാൽ കുറ്റം കണ്ടെത്തി അതിനെ എങ്ങനെ പരിപോഷിപ്പിക്കാം എന്നാണ് ആലോചിക്കാറ്. ആ രീതിയിൽ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്,’ നിഷ റാഫേൽ പറഞ്ഞു.
Content Highlight: Nisha said that she went to her job because she imitated Mohanlal