| Wednesday, 12th August 2020, 11:25 am

സൈബര്‍ ആക്രമണം: ഇതിനൊക്കെയുള്ള മറുപടി കേരള പൊതു സമൂഹം നല്‍കട്ടെ; നിഷ പുരുഷോത്തമന്‍ പ്രതികരിക്കുന്നു

കവിത രേണുക

ഇക്കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലെ ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നവമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നുവരികയാണ്. സി.പി.ഐ.എം അനുഭാവികളായ ആളുകളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നും വന്നുകൊണ്ടിരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായവരിലൊരാളാണ് മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നിഷ പുരുഷോത്തമന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു…

അഭിമുഖം: നിഷ പുരുഷോത്തമന്‍/ കവിത രേണുക

താങ്കള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്ന സംഘടിതമായ ആക്രമണങ്ങളെ എങ്ങിനെയാണ് നോക്കിക്കാണുന്നത്?

ബോധപൂര്‍വ്വം നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍, ഒരു പ്രത്യേക മനോവികാരമാണ്. അത് നിരവധി പേരില്‍ കാണുന്ന ഒരു മനോവൈകൃതമാണ്. അത്തരം വൈകൃതങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ സമയമില്ല. മാധ്യമപ്രവര്‍ത്തനം എന്താണെന്ന് അറിയാത്തവരൊന്നുമല്ലല്ലോ കേരളത്തിലെ ആളുകള്‍. എല്ലാ സര്‍ക്കാരിന്റെയും കാലത്ത് ചെയ്യുന്ന മാധ്യമപ്രവര്‍ത്തനം തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. ഇനി മാധ്യമപ്രവര്‍ത്തനം ചെയ്യുന്നിടത്തോളം കാലം അത് തന്നെയേ ചെയ്യുകയുമുള്ളു.

സാധാരണയില്‍ നിന്ന് വിഭിന്നമായി ഒരേ തൊഴില്‍ ചെയ്യുന്നവരില്‍ നിന്ന് പോലും ആക്രമണം ഉണ്ടായി എന്നതിനെ എങ്ങനെ കാണുന്നു?

മാധ്യമ പ്രവര്‍ത്തക എന്നതിനൊപ്പം ഞാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ വൈസ് പ്രസിഡന്റ് കൂടിയാണ്. പൊതു ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചാലും മാധ്യമപ്രവര്‍ത്തക കൂട്ടായ്മക്കകത്ത് നിന്ന് പരസ്പരം ആക്രമണങ്ങള്‍ ഉണ്ടാവുമെന്ന പൊതു ധാരണ എനിക്കില്ലായിരുന്നു. ഇവിടെ ഒരു പാര്‍ട്ടി പോലെയല്ലല്ലോ. മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ ഒറ്റ യൂണിയനല്ലേ ഉള്ളു.

കക്ഷി രാഷ്ട്രീയത്തിനപ്പുറം, വലിയ പത്രമെന്നോ ചെറിയ പത്രമെന്നോ വ്യത്യാസമില്ലാതെ ഒറ്റ യൂണിയനായി നില്‍ക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അങ്ങനെയുള്ളവര്‍ തമ്മില്‍ ഒരു പരസ്പര ധാരണയുണ്ടാവില്ലേ. മാധ്യമ കൂട്ടായ്മക്കകത്ത് നിന്ന് പരസ്പരം ഇത്തരത്തിലൊരു ആക്രമണം ഇല്ലാതെ പോകുന്നതായിരിക്കും ആരോഗ്യകരമായൊരു മാധ്യമപ്രവര്‍ത്തന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എക്കാലവും നല്ലത്.

എനിക്കെതിരെയുള്ള വ്യക്തിയധിക്ഷേപങ്ങള്‍ പെട്ടെന്നുണ്ടായ ഒന്നല്ല. ഇന്നലെ വരെ ഇതില്‍ പാര്‍ട്ടിയുണ്ടെന്ന് തോന്നിയിരുന്നില്ല. പക്ഷെ കഴിഞ്ഞ ദിവസം മുതല്‍ ഇതില്‍ പാര്‍ട്ടിയും ഉണ്ടെന്നാണ് തോന്നി തുടങ്ങി. ദേശാഭിമാനിയിലെ സ്റ്റാഫ് ഇത്തരത്തിലൊരു പോസ്റ്റ് ഇടുമ്പോള്‍ ഇത് പാര്‍ട്ടിയറിയാതെ നടക്കുമോ?

സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുന്നു എന്നുള്ള വിമര്‍ശനങ്ങള്‍ എല്ലാക്കാലത്തും എല്ലായിടത്തും ഉയരാറുള്ള ഒന്നാണ്. ഈ സൈബര്‍ ആക്രമണങ്ങളെ അങ്ങനെ കാണുന്നുണ്ടോ?

ഇതില്‍ സര്‍ക്കാര്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഏതെങ്കിലുമൊരു ജനാധിപത്യ ഭരണസംവിധാനത്തില്‍ സര്‍ക്കാരിന് മാധ്യമ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താനോ ഇല്ലാതാക്കാനോ കഴിയുമെന്ന് കരുതുന്നില്ല. പ്രത്യേകിച്ച് ഒരു ഇടതുപക്ഷ സര്‍ക്കാരിന് അത് സാധിക്കുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.

പക്ഷെ സര്‍ക്കാരുകൂടി അറിഞ്ഞു കൊണ്ടാണിതെന്നും ആളുകള്‍ പറയുന്നുണ്ട്. ഇനി ഇടതുപക്ഷം എന്നല്ല, കേരളത്തിലെ ഏതെങ്കിലുമൊരു സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും വ്യക്തിപരമായി ഞാന്‍ വിചാരിക്കുന്നില്ല.

പക്ഷെ ഭരണകക്ഷി നേതാക്കള്‍ വളരെ ലാഘവത്തോടെയാണ് ഇതിനോട് പ്രതികരിച്ചത് എന്ന് തോന്നുന്നുണ്ടോ?

കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണങ്ങള്‍ ആളുകള്‍ക്ക് സംശയമുണ്ടാക്കുന്നതാണ്. കാരണം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇതിനെ ന്യായീകരിച്ച് രംഗത്തെത്തുന്നു. മുഖ്യമന്ത്രിയോട് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അറിയില്ലാ എന്ന് പറയുന്നു. പക്ഷെ എന്തുതന്നെയായാലും കേസ് അന്വേഷിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

അത് അന്വേഷിക്കട്ടെ നല്ലകാര്യമാണ്. അത് നടക്കട്ടെ. പ്രതികളെ അറസ്റ്റ് ചെയ്യുന്നുണ്ടോ എന്ന് നോക്കാം നമുക്ക്. മുമ്പൊന്നും കൊടുത്ത പരാതികളില്‍ അങ്ങനെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതില്‍ ഉണ്ടാവുമോ എന്ന് നോക്കാം.

അവരന്വേഷിക്കാം എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. തീര്‍ച്ചയായും ഈ വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

നിഷയ്ക്കെതിരെയുള്ള പ്രചരണങ്ങളില്‍ ഒന്ന് താങ്കളുടെ രാഷ്ട്രീയത്തെ സംബന്ധിച്ചാണ്. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാണെന്നും പറയുന്നു. ഇതിനോടുള്ള പ്രതികരണം?

ഞാന്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണോ എന്നത് ആര്‍ക്കും എളുപ്പത്തില്‍ അന്വേഷിക്കാവുന്ന കാര്യമാണ്. നമുക്ക് ഓരോരുത്തര്‍ക്കും രാഷ്ട്രീയം ചാര്‍ത്തിക്കൊടുക്കാന്‍ സാധിക്കും. എന്ത് കാര്യവും ഒരാളുടെ മേല്‍ നമുക്ക് ആരോപിക്കാം എന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. എന്നെ സംബന്ധിച്ച് ഞാനെപ്പോഴും പ്രതിപക്ഷത്തിന്റെ കൂടെയാണ്. അത് ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴായാലും അങ്ങനെതന്നെയാണ്. അത് സിപിഐഎമ്മുകാര്‍ക്കുമറിയാലോ.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഞാന്‍ പ്രതിപക്ഷത്തിന്റെ പക്ഷത്തായിരുന്നു. മാധ്യമപ്രവര്‍ത്തനം എന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ പക്ഷത്ത് നിന്നുകൊണ്ട് ചെക്ക്സ് ആന്‍ഡ് ബാലന്‍സസ് എന്നുള്ളതാണ്.

അല്ലാത്തത് നിങ്ങള്‍ വല്ല രാജ ഭരണത്തിലോ ഏകാധിപത്യ ഭരണ സംവിധാനങ്ങളിലോ കാണുന്നതായിരിക്കും. ചൈനയിലും റഷ്യയിലുമൊക്കെ കാണാം. പക്ഷെ ഇന്ത്യ ഇന്നും ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ മാധ്യമങ്ങള്‍ ഇന്നും പ്രതിപക്ഷത്തിന്റെ റോള്‍ കൂടി എടുത്ത് കൊണ്ട് പണിയെടുക്കുന്നവരാണ്. അപ്പോള്‍ ഇടതുപക്ഷം ഭരിച്ചാലും യു.ഡി.എഫ് ഭരിച്ചാലും ഇനി ബിജെപി നാളെ അധികാരത്തില്‍ വന്നാലുമൊക്കെ മാധ്യമ പ്രവര്‍ത്തനമാണ് അപ്പോഴും ചെയ്യുന്നതെങ്കില്‍ ഞാന്‍ പ്രതിപക്ഷത്തിന്റെ പക്ഷത്തായിരിക്കും. അത് പതിനഞ്ച് വര്‍ഷമായിട്ട് അങ്ങനെയാണ്. ഇനിയും അങ്ങനെയായിരിക്കും.

സൈബറിടങ്ങളില്‍ പൊതുവേ അധിക്ഷേപിക്കപ്പെടുന്നവരാണ് പൊതുരംഗത്തുള്ള സ്ത്രീകള്‍. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. വ്യക്തി ജീവിതങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നുണ്ട്

ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് സാധിക്കാത്ത കൂട്ടായ്മകള്‍ ആദ്യം ചെയ്യുന്ന ഒന്നാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തുക എന്നത്. അങ്ങേയറ്റം മനോവൈകൃതമുള്ളവരാണ് അത് ചെയ്യുന്നത് ചെയ്യുന്നത്.

അവര്‍ക്ക് യാതൊരു നിലവാരമോ സാമൂഹ്യ ബോധമോ മനുഷ്യത്വമോ ഒന്നുമില്ല. കെ. ജി കമലേഷിനോടുള്ളത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തോടുള്ള അസഹിഷ്ണുതയാണ്. എന്റെ മുന്നില്‍ വളഞ്ഞ് നില്‍ക്കുന്നവരല്ലാത്തവരെ ജീവിക്കാന്‍ വിടില്ല എന്ന തമ്പുരാക്കന്മാരുടെ ഭാവം.

കമലേഷിനെ ഏത് രീതിയില്‍ വ്യക്തിഹത്യ നടത്താന്‍ പറ്റുമോ ആ രീതി ഉപയോഗിക്കുന്നു. അതിന് കമലേഷിന്റെ വ്യക്തി ജീവിതം, സ്വകാര്യത എടുത്ത് വെച്ച് അധിക്ഷേപിക്കുന്നു. ഇതെല്ലാം നടത്തുന്നത് അങ്ങേയറ്റം നീചന്മാരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more