സത്യം ചെരിപ്പിടാന്‍ തുടങ്ങുമ്പോഴേക്ക് കളവ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കും എന്നു പറഞ്ഞത് മാര്‍ക് ടൈ്വനാണ്. കീഴാറ്റൂര്‍ വയല്‍ക്കിളികളുടെ സമരത്തെ കുറിച്ച് വയല്‍ വിരുദ്ധര്‍ നടത്തുന്ന പ്രചരണങ്ങള്‍ മാര്‍ക് ടൈ്വനിന്റെ വാക്കുകളെ വീണ്ടും ഓര്‍മിപ്പിക്കുന്നു.
വയല്‍ക്കിളികളുടെ സമരത്തെ ഭൂമി വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്ന കുറച്ച് ഭൂ ഉടമകളുടെ പ്രശ്‌നമാക്കി ലഘൂകരിച്ച് , വയല്‍ക്കിളികള്‍ മുന്നോട്ടു വച്ച പാരിസ്ഥിതികമായ ആശങ്കകളെ തമസ്‌കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.
എല്ലാ ഭൂവുടമകളെയും സ്വപ്ന തുല്യമായ വില നല്‍കി പര്‍ച്ചെയ്‌സ് ചെയ്യാന്‍ ഭരണകൂടത്തിനു കഴിഞ്ഞേക്കാം, അപ്പൊഴും വയല്‍ക്കിളികള്‍ മുന്നോട്ടു വച്ച പാരിസ്ഥിതിക ആശങ്കകള്‍ അപരിഹാര്യമായി തന്നെ തുടരും..
വയല്‍ക്കിളി സമരം ജല സമരമാണ്:
പുതിയ കാലത്തെ ഒട്ടുമിക്ക വന്‍കിട വികസന പദ്ധതികളെയും പോലെ കീഴാറ്റൂര്‍ ബൈപ്പാസും അടിസ്ഥാന പരമായി ജലവിരുദ്ധമാണ്. ഈ ജലവിരുദ്ധതയെയാണ് കിഴാറ്റൂരിലെ മനുഷ്യര്‍ ആദ്യം ചോദ്യം ചെയ്തതും. വയലിനോടു ചേര്‍ന്ന വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപത്തെ കുളത്തിലെ ജലനിരപ്പ് ഈ മാര്‍ച്ച് മാസത്തിലും 2 മീറ്റര്‍ മാത്രം ആഴത്തിലാണുള്ളത്. വയലിനോടു ചേര്‍ന്ന മിക്ക വീട്ടു കിണറുകളിലും രണ്ടോ മൂന്നോ മീറ്റര്‍ ആഴത്തിലാണ് ഇപ്പൊഴും വെള്ളമുള്ളത്. സമീപ പ്രദേശങ്ങളില്‍ കുഴല്‍ക്കിണറുകള്‍ പെരുകുമ്പോഴാണ് കിഴാറ്റൂര്‍ ഗ്രാമത്തിലെ മനുഷ്യര്‍ ജലദാരിദ്ര്യമെന്തെന്നറിയാതെ ജീവിതം പുലര്‍ത്തുന്നത്. തളിപ്പറമ്പിന്റെ സമീപ പ്രദേശങ്ങളില്‍ വെള്ളം ലഭിക്കാന്‍ 300 അടിയിലേറെ ആഴത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കേണ്ട സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കീഴാറ്റൂര്‍ ഗ്രാമം തെളിനീരിന്റെ ഒരു നിധികുംഭം പോലെ ഇന്നും അവശേഷിക്കുന്നത്.
സമരത്തിന്റെ ഒരു ഘട്ടത്തിലും ന്യായമായ നഷ്ട പരിഹാരം എന്ന ആവശ്യം വയല്‍ക്കിളികളുന്നയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നിലവില്‍ കണ്ണൂര്‍ ജില്ലയിലെ ദേശീയ പാതയുടെ ഇരുവശങ്ങളിലെയും വീടുകളിലും പറമ്പുകളിലും കാണുന്ന “ഞങ്ങള്‍ക്കും സമ്മതമാണ്, ന്യായമായ നഷ്ട പരിഹാരം കിട്ടണം”” എന്ന ഫ്‌ളക്‌സ് ബോര്‍ഡ് കീഴാറ്റൂരിലെങ്ങും തൂങ്ങുന്നില്ല. മണ്ണിനെയും വെള്ളത്തെയും കാര്‍ഷിക ജീവിതത്തിന്റെ സ്വച്ഛതയെയും നോട്ടുകെട്ടുകള്‍ക്കു പകരം വയ്ക്കാന്‍ കീഴാറ്റൂരിലെ മനുഷ്യര്‍ക്കു കഴിയുമായിരുന്നില്ല എന്നു പറയാം.
ശരാശരി 60 മീറ്റര്‍ വീതിയില്‍ 4 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന വയലിലാണ് 45 മീറ്റര്‍ വീതിയില്‍ റോഡ് വരാന്‍ പോകുന്നത്. മുക്കാല്‍ ഭാഗവും ചുകന്ന മണ്ണിട്ടുയര്‍ത്തപ്പെട്ട വയലിന് അതിന്റെ പാരിസ്ഥിതിക ധര്‍മങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും വിശ്വസിക്കാനാകില്ല.
ഒരു ഹെക്ടര്‍ നെല്‍വയല്‍ പ്രതിവര്‍ഷം 5 ലക്ഷം ലിറ്റര്‍ വെളളം സംഭരിക്കുമെന്നാണ് കണക്ക്, ഇത്രയും വെള്ളത്തിന്റെ പാരിസ്ഥിതിക മൂല്യമോ സാമ്പത്തിക മൂല്യമോ ഏത് നഷ്ടപരിഹാര മാനദണ്ഡമനുസരിച്ചാണ് അളക്കുക.. ?
സംസ്ഥാനത്ത് ഭയാനകമായ രീതിയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നു വരുന്ന ജില്ലയാണ് കണ്ണൂര്‍ എന്ന് CWRDM തന്നെ സാക്ഷ്യപ്പെടുത്തുന്നു , തളിപ്പറമ്പ് താലൂക്കിന്റെ സ്ഥിതിയും ആശങ്കാ ജനകം തന്നെയാണ്. തളിപ്പറമ്പ് നഗരത്തില്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വകാര്യ കുടിവെള്ള വില്‍പനയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. ഓരോ വേനലിലും തളിപ്പറമ്പിന്റെ ദാഹം മാറ്റിയതില്‍ കീഴാറ്റൂരിലെ ജലസമൃദ്ധമായ കിണറുകള്‍ക്കും ഒരു പങ്കുണ്ട്. കീഴാറ്റൂര്‍ വായനശാലയ്ക്കു സമീപത്തെ കിണറില്‍ നിന്നും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലേക്കുള്ള കുടിവെള്ളം മുന്‍പ് ശേഖരിക്കാറുണ്ടായിരുന്നു.
അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നും കടമെടുത്ത് ഏതെങ്കിലും ഒന്നോ രണ്ടോ പൊതു ജലസ്രോതസ്സിനെ ഉപയോഗപ്പെടുത്തി നാടു മുഴുവന്‍ പൈപ്പുകളുടെ ശൃംഖലയും സ്ഥാപിച്ച് നാളെയുടെ കുടിവെള്ള പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചു കളയാം എന്ന് ചിന്തിക്കുന്നത് അപ്രായോഗികമാണെന്ന് ആര്‍ക്കാണറിയാത്തത്.
നിലവിലെ ജലസ്രോതസ്സുകളെ നിധിപോലെ സംരക്ഷിക്കുകയും സൂക്ഷിച്ചു മാത്രം ഉപയോഗിക്കുകയും ചെയ്യുകയല്ലേ വേണ്ടത്. അതായത് തളിപ്പറമ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കീഴാറ്റൂര്‍ വയല്‍ പൂര്‍ണ അര്‍ത്ഥത്തില്‍ സംരക്ഷിക്കാനുള്ള നടപടിയല്ലേ സ്വീകരിക്കേണ്ടത്. ?
കുന്ന് എന്ന പ്രശ്‌നം:
4 കിലോമീറ്ററില്‍ വയല്‍ നികത്തിയെടുക്കാനുള്ള മണ്ണിനായി ഇടിക്കാന്‍ ഇനി എവിടെയാണ് കുന്നുകളുള്ളത്. വിവിധങ്ങളായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാഗീകമായെങ്കിലും ഇടിയ്ക്കാത്ത കുന്നുകള്‍ കണ്ണൂര്‍ ജില്ലയില്‍ ഇനി അവശേഷിച്ചിട്ടുണ്ടോ എന്നതു തന്നെ സംശയമാണ്.
കീഴാറ്റൂരിനെ തഴുകിയൊഴുകുന്ന കുറ്റിക്കോല്‍ പുഴയുള്‍പ്പടെ ഇടനാടന്‍ ചെങ്കല്‍ കുന്നുകളിലാണ് ഉറവയെടുക്കുന്നത്, കീഴാറ്റൂര്‍ തോടും ഒരു ചെങ്കല്‍ കുന്നില്‍ ഉല്‍ഭവിക്കുന്നതത്രേ, കീഴാറ്റൂരിന് വടക്കുള്ള കുപ്പം പുഴയുടെ പ്രധാന പോഷക പ്രവാഹങ്ങളെല്ലാം ചെമ്മണ്‍ കുന്നുകളുടെ സംഭാവനയത്രേ. ഒരു ജലസംഭരണിയായ വയല്‍ നികത്താനുള്ള മണ്ണിനായി മറ്റൊരു ജലസംഭരണിയായ കുന്നിടിക്കണമെന്നര്‍ത്ഥം. അതായത് ഇതുപോലൊരു പദ്ധതി ഒരേ സമയം രണ്ടു ജലസംഭരണികളെ ഇല്ലാതാക്കുന്നു എന്നര്‍ത്ഥം.
സമരപ്പന്തല്‍ കത്തിച്ചപ്പോള്‍ തോറ്റു പോയത് നിങ്ങളാണ് സഖാക്കളേ:
കമുക് ചെത്തി മേല്‍പ്പുരയൊരുക്കി ഒത്ത മധ്യത്തിന്‍ ഏറ്റവും ഉയരത്തിലായി ചുവന്ന കൊടിയും നാട്ടി, എവിടുന്നൊക്കെയോ സ്വരുക്കൂട്ടിയ പലകകള്‍ വച്ച് തട്ടൊരുക്കി, പഴയ സാരികള്‍ കൊണ്ട് മൂന്ന് ഭാഗവും മറച്ച് കീഴാറ്റൂര്‍ വയല്‍ക്കിളികള്‍ സ്ഥാപിച്ച സമരപ്പന്തല്‍ സംസ്ഥാന പൊലീസിന്റെ മൗനാനുവാദത്തോടെ ഒരു കൂട്ടം ഇജങ പ്രവര്‍ത്തകര്‍ കത്തിച്ചു ചാമ്പലാക്കി….
കാക്കിപ്പടയുടെ പിന്‍ബലത്തില്‍ വയല്‍ക്കിളി സഖാക്കളെ അറസ്റ്റു ചെയ്യാനും വയലളക്കാനും സമരപ്പന്തല്‍ കത്തിച്ച് ഫാസിസ്റ്റ് നൃത്തമാടാനും സി.പി.ഐ.എം തിരഞ്ഞെടുത്ത ദിവസം മാര്‍ച്ച് 14 തന്നെയായി എന്നതില്‍ വല്ലാത്തൊരു കാവ്യനീതിയുണ്ട്. പണ്ടൊരു മാര്‍ച്ച് 14 നാണ് ബംഗാളിലെ നന്ദീഗ്രാമിലെ ഇതേ പോലുള്ള ഒരു നെല്‍വയലില്‍ സലിം ഗ്രൂപ്പിന്റെ കെമിക്കല്‍ ഹബ്ബിനായി 14 കര്‍ഷകരെ അവിടെ അന്നു ഭരിച്ച ഇടതു സര്‍ക്കാര്‍ വെടിവച്ചു കൊന്നത്.
ബംഗാളെന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന്റെ സ്വകാര്യ അഹങ്കാരത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അന്നാണ് അടിച്ചു കയറ്റിയത്. അതേ മാര്‍ച്ച് 14 ന് പുകയുന്ന വയ്‌ക്കോല്‍ കൂനകള്‍ക്കു നടുവില്‍ ഓരോ കുപ്പി ഡീസലും കയ്യിലെടുത്ത് മുദ്രാവാക്യം മുഴക്കുന്ന വയല്‍ക്കിളി സഖാക്കളോടൊപ്പം നില്‍ക്കുമ്പോള്‍ നന്ദീഗ്രാമിനെ ഓര്‍മ വന്നത് സ്വാഭാവികമാകാം. ചരിത്രത്തില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ല എന്നതാണ് ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം എന്നത് സി.പി.ഐ.എമ്മിനെ പോലുള്ളവയ്ക്കു വേണ്ടി മാത്രം പറഞ്ഞതാണോ എന്നു സംശയിച്ചു പോകുന്നു.
തലയിലും ദേഹത്താകെയും എണ്ണയൊഴിച്ച് തീക്ഷ്ണമായ വെയിലില്‍ നാലര മണിക്കൂറോളം നിന്ന സുരേഷേട്ടനും മനോഹരേട്ടനും “ലൊഡുക്കു” വിദ്യ കാട്ടുകയാണെന്ന് ചില വലിയ സഖാക്കള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തിരിച്ച് സഹതാപം മാത്രമേ തോന്നുന്നുള്ളൂ. കത്തിയമരുന്ന ചെങ്കൊടിപ്പന്തലും സമര സഖാക്കളുടെ എണ്ണയില്‍ കുളിച്ച ശരീരങ്ങളും ഇന്ത്യയിലെ മുഖ്യധാരാ ഇടതു പക്ഷത്തെ ഇനി ഏറെ നാള്‍ വേട്ടയാടും.
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഇരുളറകളെ അവ പരസ്യമായി വിചാരണ ചെയ്യും. പകൃതി വിഭവങ്ങളുടെ ചൂഷണത്തിന്റെ പരിധികളെ സംബന്ധിച്ചുള്ള വലുതും ചെറുതുമായ ചര്‍ച്ചകള്‍ക്ക് അവ തിരികൊളുത്തും, ഒന്നുമില്ലെങ്കിലും അര്‍ദ്ധ മുതലാളിത്ത ബൈപ്പാസിനായി ഗ്രാമങ്ങളുടെ കുടിനീര് മുട്ടിക്കുന്ന വികസന ഭ്രാന്തിനെ അവ തുറന്നു കാട്ടും. സമരപ്പന്തല്‍ കത്തിച്ച ഭീരുക്കളേ തോറ്റു പോയത് നിങ്ങളാണ്..
ഇന്നലെ റോഡിനായി വയല്‍ നികത്തി എന്ന ന്യായം
പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നാവുന്ന ഒരു ന്യായമാണിത്. ഇന്നലെ ചെയ്തിട്ടുണ്ട് എന്നത് ഇന്ന് അതാവര്‍ത്തിക്കുന്നതിനുള്ള ന്യായീകരണമായി കുറഞ്ഞ പക്ഷം മാര്‍ക്‌സിസ്റ്റുകാരെങ്കിലും പറഞ്ഞു കൂടാത്തതാണ്. ഇന്നലെ നായാട്ട് വിനോദമായിരുന്നു. രാജാവിനും പ്രജയ്ക്കും നായാടാമായിരുന്നു. ഇന്നത് തടവും പിഴയും കിട്ടാവുന്ന ഒരു കുറ്റകൃത്യമാണ്.
കാടും കാട്ടു മൃഗങ്ങളും ധാരാളമുണ്ടായിരുന്ന ഭൂതകാലത്ത് ശരിയായിരുന്ന ഒരു കാര്യം കാടും കാട്ടു മൃഗങ്ങളും അപൂര്‍വ്വമായ വര്‍ത്തമാന കാലത്ത് തെറ്റായി മാറുന്നു.
കണ്ണെത്താ ദൂരത്തോളം വയലുകളുള്ള കാലത്ത് നെല്‍വയല്‍ നികത്തുന്നത് അത്ര വലിയ പാതകമൊന്നുമല്ല. പക്ഷേ നാട്ടില്‍ അങ്ങിങ്ങായി മാത്രം വയലുകള്‍ ബാക്കിയായ വര്‍ത്തമാന കാലത്ത് അത് ന്യായീകരിക്കാനാകാത്ത തെറ്റാണ്.
വയലിലൂടെയുള്ള റോഡിന് ഫ്‌ളൈ ഓവറോ മറ്റ് ബദലുകളോ ഉണ്ടാവാം പക്ഷേ കുടിവെള്ളത്തിന് ബദലുകളേ ഇല്ല. മനുഷ്യരാശി നേരിടുന്ന മഹാ പ്രതിസന്ധികളെ കുറിച്ച് നിരന്തരം നമ്മെ ഓര്‍മിപ്പിച്ച മഹാനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ് ഈ ലോകത്തെ വിട്ടു പിരിഞ്ഞത് ഈ മാര്‍ച്ച് 14 നാണ്, അത്തരം മഹാമനീഷികള്‍ ആയിരം തവണ ആവര്‍ത്തിച്ചത് ജല പ്രതിസന്ധിയെ കുറിച്ചാണ്, ഗതാഗതക്കുരുക്കിനെ പറ്റിയല്ല. അതായത് ജലവിരുദ്ധമായി ഇനി ഒരു പദ്ധതിയും നടപ്പിലാക്കിക്കൂടാ എന്നര്‍ത്ഥം.
ജല സ്വാശ്രയത്വമുള്ള ഗ്രാമങ്ങളെ കൂടി പൈപ്പിലൂടെ അനുവദിക്കപ്പെടുന്ന ഔദാര്യത്തിനുള്ള നീണ്ട ക്യൂവിലേക്ക് നിര്‍ത്താതിരിക്കാനായെങ്കിലും അവശേഷിക്കുന്ന നെല്‍വയലുകളെ നമുക്ക് സംരക്ഷിക്കാം.
ഈ ഭൂമി നാം മനുഷ്യരുടെ കൂട്ടു സ്വത്തു പോലുമല്ലെന്നും, നമുക്ക് ലഭിച്ചതു പോലെ ഈ ഭൂമി വരും തലമുറയ്ക്ക് കൈമാറേണ്ടതുണ്ടെന്നും പണ്ടൊരു വികസന വിരോധി പറഞ്ഞിരുന്നു. മുതലാളിത്ത ചൂഷണം പിന്നില്‍ മരുഭൂമികളെ മാത്രമേ അവശേഷിപ്പിക്കുകയുള്ളൂവെന്നും ആ താടിക്കാരന്‍ പറഞ്ഞുകളഞ്ഞു, ആ വികസന വിരോധിയുടെ പേര് കാള്‍ മാര്‍ക്‌സ് എന്നായിരുന്നു. പിന്നൊരു താടിക്കാരന്‍ മെസപ്പട്ടോമിയയിലും ഗ്രീസിലും ഏഷ്യാമൈനറിലും അമിതമായ പ്രകൃതി ചൂഷണം വരുത്തിവച്ച വിനകള്‍ എടുത്തു പറഞ്ഞു, ആ പരിസ്ഥിതി മൗലികവാദിയുടെ പേര് ഫ്രഡറിക്ക് എംഗല്‍സ് എന്നായിരുന്നു. (മുതലാളിത്ത പ്രകൃതി ചൂഷണം എന്ന വിശേഷണത്തില്‍ BOT വരുമോ എന്നത് ഒരു തര്‍ക്ക വിഷയമാണ്, എങ്കിലും…)
മണ്ണിനും മണലിനുമൊന്നും ക്ഷാമമേ ഇല്ലാത്ത കാലത്ത്, കുടിവെള്ളം കുപ്പിയിലെ ചരക്കാകാത്ത കാലത്ത്, നാടിനേക്കാളും കാടുണ്ടായ കാലത്ത്, ജനസംഖ്യ ഇന്നത്തേതിന്റെ പത്തില്‍ ഒന്നു പോലുമില്ലാത്ത കാലത്ത്, ആഗോളതാപനമെന്ന പേരു പോലുമുണ്ടാകാത്ത കാലത്ത് ആ രണ്ടു താടിക്കാരും പ്രകൃതി ചൂഷണത്തെ കുറിച്ചും വിഭവ ശോഷണത്തെ കുറിച്ചും പിന്‍തിരിപ്പന്‍ കഥകള്‍ പെരുപ്പിച്ച് പറഞ്ഞ് നാട്ടില്‍ വികസന വിരോധത്തിന്റെ വിത്തു വിതയ്ക്കുകയായിരുന്നു.
ചരിത്രം യാഥാര്‍ത്ഥമായും പ്രഹസനമായും പിന്നെയും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. വികസന വിരോധികളും അവരുടെ കുപ്രചരണങ്ങളും കാലത്തിനൊപ്പം സഞ്ചരിച്ചു. സൈലന്റ് വാലിയില്‍ അണകെട്ടി വൈദ്യുതിയുണ്ടാക്കാന്‍ ശ്രമിച്ചപ്പോഴാണ് നമ്മുടെ നാട്ടിലും വികസന വിരോധികള്‍ തലപൊക്കിയത്. പെരിങ്ങോം ആണവനിലയത്തിനെതിരെയും പ്ലാച്ചിമടയിലെ കൊക്കക്കോളയ്‌ക്കെതിരെയും ഈ വികസന വിരോധികള്‍ പ്രശ്‌നമുണ്ടാക്കി. നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാനും നാടാകെ പുരോഗമിപ്പിക്കാനും കൊണ്ടുവന്ന കോളക്കമ്പനിയെ വികസനത്തിന്റെ ശത്രുക്കള്‍ പൂട്ടിച്ചു.
മയിലമ്മയെന്നൊരു വികസന വിരോധിയായ ഒരു നേതൃത്വത്തിലായിരുന്നു മധുര മനോജ്ഞ കൊക്കക്കോളയെ പൂട്ടിച്ചത്. കാസര്‍കോട് കശുവണ്ടി വിപ്ലവത്തിനായി എന്‍ഡോസള്‍ഫാന്‍ തളിച്ചപ്പൊഴും വികസന വിരോധികള്‍ സംഘടിച്ചു കുഴപ്പമുണ്ടാക്കി. പെരിങ്ങോം ആണവ നിലയം, എന്റോണ്‍, എക്‌സ്പ്രസ് ഹൈവേ, മാടായിപ്പാറ, നീറ്റാ ജലാറ്റിന്‍, കടലാടിപ്പാറ, ചക്കിട്ടപ്പാറ, വല്ലാര്‍പാടം, വിഴിഞ്ഞം, ചീമേനി, മതികെട്ടാന്‍, പാത്രക്കടവ്, മൂന്നാര്‍, വിഴിഞ്ഞം, അതിരപ്പിള്ളി, പുതുവൈപ്പിന്‍ ഇവിടെയെല്ലാം വികസന വിരോധികളെത്തി. സിംഹവാലന്‍ കുരങ്ങിന്റെയും വേഴാമ്പലിന്റെയും ആനത്താരയുടേയും പേരിലാണ് വൈദ്യുത വിപ്ലവങ്ങളെ അവര്‍ എതിര്‍ത്തത്.
ഭോപ്പാലില്‍ വ്യവസായ വികസനത്തെ തകര്‍ക്കാനാണ് ആയിരക്കണക്കിനു വികസന വിരോധികള്‍ ചത്തുകളഞ്ഞത്. കാസര്‍ഗോഡ് കുറേ പേര്‍ക്ക് ക്യാന്‍സറും അംഗവൈകല്യങ്ങളും ഉണ്ടായതിന്റെ കാരണം എന്‍ഡോസള്‍ഫാനാണെന്നു കുറ്റപ്പെടുത്തിയാണ് അവര്‍ കാര്‍ഷിക വികസനത്തിന് തുരങ്കം വച്ചത്. നന്ദീ ഗ്രാമിലും സിംഗൂരിലും ടാറ്റയുടെയും സലിം ഗ്രൂപ്പിന്റെയും മഹാ വികസനത്തിനായി കൃഷി ഭൂമി ഏറ്റെടുക്കാനും വികസനത്തിന്റെ ശത്രുക്കള്‍ സമ്മതിച്ചില്ല.
ഗെയ്‌ലിന്റെ വാതകക്കുഴലിലൂടെയും BOT ഹൈവേയിലൂടെയുമെല്ലാം നവകേരളം നിര്‍മിക്കുന്നതിനിടെ പയ്യന്നൂര്‍ കണ്ടങ്കാളിയിലെയും കണ്ണൂര്‍ കീഴാറ്റൂരിലെയും ചുവന്ന മണ്ണില്‍ വികസന വിരുദ്ധര്‍ സംഘടിക്കുന്നത്.
വികസനത്തിന്റെ ശത്രുക്കളുടെ വാദങ്ങള്‍ രസകരവും വിചിത്രവുമാണ്.
വയിലില്ലെങ്കില്‍ നെല്ലുണ്ടാകില്ലത്രേ.. നെല്ലില്ലെങ്കില്‍ അരിയുണ്ടാകില്ലത്രേ. വയലും കുന്നും ഇല്ലെങ്കില്‍ വെള്ളമുണ്ടാകില്ലത്രേ. കാടില്ലെങ്കില്‍ മഴയുണ്ടാകില്ലത്രേ. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ചൂട് കൂട്ടുന്നുണ്ടത്രേ. പ്രാണവായുവില്ലാതെ ജീവിതം സാധ്യമത്രേ. സാങ്കേതിക വിദ്യയിലുണ്ടാകുന്ന വിപ്ലവങ്ങളെ കുറിച്ച് ഒരു ചുക്കുമറിയാത്തവരാണ് ഈ കൂപ മണ്ഡൂകങ്ങള്‍, മഴയില്ലെങ്കില്‍ കൃത്രിമമഴ, കിണര്‍ വറ്റിയാല്‍ ജപ്പാന്‍ വെള്ളം , ശാസ്ത്രം വളരുന്നതും ചൈനയിലൊക്കെ അത് പൂത്ത് വിടര്‍ന്ന് നില്‍ക്കുന്നതും ഈ വികസന വിരോധികള്‍ അറിയുന്നില്ലല്ലോ.
അല്ലെങ്കിലും ആ പഴയ താടിക്കാരെ പറഞ്ഞാല്‍ മതി, ഒരു പരിസ്ഥിതി പ്രശ്‌നവുമില്ലാത്ത കാലത്ത്, പ്രകൃതി ചൂഷണത്തെ കുറിച്ചും വികസനത്തിന്റെ പരിധികളെ കുറിച്ചും പറഞ്ഞ ആ പിന്‍തിരിപ്പന്‍ പ്രവാചകരെ.