Details
മഴക്കുഴി വെറും വിഡ്ഢിത്തമാണ്; വരള്‍ച്ചയുടെ ആക്കംകൂട്ടലാണ്
അതിഗുരുതരമായ ജലദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന ഒരു നാട്ടിലെ ജനതയായ നാം അതേപറ്റി നടത്തുന്ന ചര്‍ച്ചകള്‍ക്ക് പ്രശ്‌നത്തിന്റെ മഞ്ഞുമല മുനമ്പിനെ പോലും സ്പര്‍ശിക്കാനാകുന്നില്ല. മഹാഭൂരിപക്ഷം പേരും നിര്‍ദേശിച്ച പരിഹാരങ്ങള്‍ മഴക്കുഴികളും മഴവെള്ള സംഭരണികളും ടെറസിലെ മഴവെളളം കിണറ്റില്‍ ഇറക്കുന്ന കിണര്‍ റീചാര്‍ജും തടയണകളുമൊക്കെയാണ്. അവയൊന്നും വേണ്ട എന്നല്ല, ആവശ്യമാണ്, പക്ഷേ അതിനും മുകളിലുള്ള പാരിസ്ഥിതിക പരിഹാരങ്ങള്‍ നിര്‍ബന്ധമായും വരണം.
കാര്യമായി ആരും പ്രകൃതിയെ കുറിച്ച് മിണ്ടിയില്ല. മാനവരാശിയും ജീവലോകമാകെയും നേരിടുന്ന ഹിമാലയന്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം സാങ്കേതിക പരിഹാരങ്ങള്‍ ( Technological Solutions) ഉണ്ടെന്ന് സാമാന്യ ജനത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അവര്‍ പറയുമോ കാടു മൂടിയ പറമ്പില്‍ പോലും ഒരു മീറ്റര്‍ നീളവും അരമീറ്റര്‍ ആഴവും അത്ര തന്നെ വീതിയുമുളള കുഴികള്‍ എടുത്താല്‍ കിണറുകള്‍ ജലസമൃദ്ധമാകുമെന്ന്, വീടിന്റെ പുരപ്പുറത്തെ വെള്ളം കിണറ്റില്‍ ഇറക്കിയതുകൊണ്ടു മാത്രം ഉറവകള്‍ ശക്തിപ്പെടുമെന്ന്. തീച്ചയായും പറയില്ല.
സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പില്‍ പങ്കാളികളായ ബുദ്ധിജീവികള്‍ പറയുന്ന ഒരു തമാശയുണ്ട്, 3000 മില്ലീമീറ്റര്‍ വാര്‍ഷിക വര്‍ഷപാതം ലഭ്യമായിട്ടും നമ്മുടെ നാട്ടില്‍ വരള്‍ച്ച ഉണ്ടാകുന്നതിനു കാരണം കേരളത്തിന്റെ ചരിവാണെന്ന്, ഇതുകേട്ടാല്‍ തോന്നുക കഴിഞ്ഞ മൂന്നു നാല് ദശകങ്ങള്‍ കൊണ്ടാണ് കേരളം ചരിഞ്ഞത് എന്നാണ്. ആ ചരിവിന്റെ കിഴക്കന്‍ ഉന്നതിയായ പശ്ചിമഘട്ടമാണ് നമുക്ക് മഴ തരുന്നതെന്നും സുഖശീതളമായ കാലാവസ്ഥ ഒരുക്കുന്നതെന്നും അവര്‍ പറയുകയുമില്ല. പറഞ്ഞാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ചിലപ്പോള്‍ റിസോര്‍ട്ട് വ്യവസായവും ഇടയലേഖനങ്ങളുടെ പൊള്ളത്തരങ്ങളും പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസന്റെ തോട്ടങ്ങളും ഒക്കെ ചര്‍ച്ച ചെയ്യേണ്ടി വരും.
”ആനമലയില്‍ പെയ്യുന്ന മഴവെള്ളം ആറുമണിക്കൂര്‍ കൊണ്ട് അറബിക്കടലിലെത്തും ” എന്നൊക്കെ തട്ടി വിടുന്ന വിദഗ്ധരെ കണ്ടിട്ടുണ്ട്. ഒഴുകുന്ന വെള്ളമെല്ലാം അണകളില്‍ തടഞ്ഞു നിര്‍ത്തിയാല്‍ നാട് ജലസമൃദ്ധമാകും എന്ന ഉപദേശവും. പുഴകള്‍ ഒഴുകി കടലില്‍ എത്തിയില്ലെങ്കില്‍ കരയില്‍ നിന്നും കടലിലേക്കുള്ള ജൈവ പദാര്‍ത്ഥ പ്രവാഹങ്ങള്‍ തടസ്സപ്പെടില്ലേ എന്നും അത് പൊക്കാളി കൃഷിയെ മുതല്‍ കടലിലെ മത്സ്യ ലഭ്യതയെ വരെ ബാധിക്കില്ലേ എന്നും , ഒഴുക്ക് കുറഞ്ഞാല്‍ ഓരുവെള്ളത്തിന്റെ തള്ളിക്കയറ്റം വര്‍ധിക്കില്ലേ എന്നും അവരോട് ചോദിക്കരുത്..
ആന മലയില്‍ പെയ്യുന്ന മഴവെള്ളം ആറ് മണിക്കൂര്‍ കൊണ്ട് അറബിക്കടലില്‍ എത്തുമായിരുന്നു എങ്കില്‍ ക്ലാസെടുക്കുന്ന വിദഗ്ധരും നമ്മളുമെല്ലാം 6 മാസത്തെ വേനലിനിടെ വെള്ളം കിട്ടാതെ ചത്തേനേ.. ആനമലയില്‍ മാത്രമല്ല പശ്ചിമഘട്ടത്തിലാകെയും ഇടനാടന്‍ കുന്നുകളിലും പെയ്യുന്ന മഴവെളളം സ്വാഭാവിക സസ്യാവരണത്താല്‍ കവചിതമായ മണ്ണിലേക്കിറങ്ങി ഭൂഗര്‍ഭങ്ങളിലെ ജല അറകളില്‍ സംഭരിക്കപ്പെടുന്നതു കൊണ്ടാണ് അടുത്തൊരു കാലം വരെ മേടമാസത്തിലും നമ്മുടെ കിണറുകള്‍ വറ്റാതിരുന്നത്, കൊടിയ വേനലിലും നമ്മുടെ പല നീര്‍ച്ചാലുകളും വറ്റിവരണ്ടു പോകാതിരുന്നത്.
കേരളത്തിന്റെ ഭൂഘടനയുടെയും കാലാവസ്ഥയുടെയും ജൈവവ്യവസ്ഥയുടെയും സവിശേഷതകള്‍ കൊണ്ടാണ് നമുക്ക് മൂന്ന് വിള നെല്‍ക്കൃഷി ചെയ്യാനായത്. കണ്ണൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ പൂര്‍ണമായും ഇടനാടന്‍ ചെങ്കല്‍പരപ്പിന്റെ ഭാഗമായ കാരക്കുണ്ട് വെള്ളച്ചാട്ടം ഈ 2019 മെയ് മാസം വരെയും ഒഴുകിയത് ഉദാഹരണമായി ഇവിടെ സൂചിപ്പിക്കട്ടേ.
ചരിഞ്ഞ ഭൂപ്രകൃതിയാണെങ്കിലും പെയ്യുന്ന മഴവെളളത്തെ മണ്ണിലേക്കിറക്കാന്‍ പര്യാപ്തമായ സസ്യസമൃദ്ധി നമുക്കുണ്ടായിരുന്നു. പശ്ചിമഘട്ടത്തിന്റെ ഉന്നതിയിലെ ചോലവനങ്ങളിലും പുല്‍മേടുകളിലും അതിനു താഴെ ചെങ്കുത്തായ ചരിവുകളില്‍ പോലും മഴവെള്ളം ഉപരിതല ജലപ്രവാഹമായി (Surface flow) ഒഴുകിപ്പോകുന്നത് നമുക്ക് കാണാനാകില്ല. ചുട്ടുപഴുത്ത ഇരുമ്പുപാത്രത്തില്‍ വീഴുന്ന വെള്ളത്തുളളികളെ പോലെ കാടിന്റെ തലപ്പില്‍ പെയ്യുന്ന മഴവെള്ളവും അപ്രത്യക്ഷമാകുന്നു. യഥാര്‍ത്ഥത്തില്‍ അത് അപ്രത്യക്ഷമാകലല്ല, ഒരു തരം ഒളിച്ചു വയ്ക്കലാണ്, പെയ്യുന്ന മഴവെള്ളമത്രയും ചോലകളായി മാത്രം പുറത്തേക്കൊഴുക്കുന്ന കാടുമൂടിയ മലകളുടെ മഹത്തായ മാന്ത്രികത. മരത്തിന്റെ തടിയില്‍ പറ്റിപ്പിടിച്ചു വളരുന്ന പന്നല്‍ച്ചെടികള്‍ മുതല്‍ ഉണക്കത്തടി തുരക്കുന്ന വണ്ടുകളും പിന്നെ ചിതലുകളും ഉറുമ്പുകളും വരെ ഈ മഹാ ഇന്ദ്രജാലത്തില്‍ തങ്ങളുടേതായ പങ്ക് വഹിക്കുന്നു.
ഏത് വേനലിലും കാട്ടില്‍ വെളളമുളളത് ആര് ‘മഴക്കുഴി’ നിര്‍മിച്ചിട്ടാണ് ? മഴക്കുഴികള്‍ ശരിയായ പരിഹാരമല്ല എന്നു പറയുന്നത് എന്തു കൊണ്ടാണെന്നു വിശദീകരിക്കാം.
1. മഴക്കാലത്ത് നമുക്ക് കാണാവുന്ന രീതിയില്‍ മണ്ണിന്റെ ഉപരിതലത്തിലൂടെ വെള്ളം ഒഴുകിപ്പോകുന്നു എങ്കില്‍ മാത്രമേ കുഴികള്‍ കുഴിച്ച് ആ വെള്ളത്തെ കുഴിയില്‍ ഇറക്കേണ്ടതുളളൂ .. അല്ലാത്ത പക്ഷം പൂര്‍ണമായും അത് ഒരു പാഴ്‌വേല മാത്രം.
2. അടിക്കാടുകള്‍ ഉള്‍പ്പടെയുള്ള സ്വാഭാവിക സസ്യാവരണങ്ങള്‍ ഉള്ളതോ, കരിയിലകളാല്‍ മണ്ണിന് പുതപ്പുള്ളതോ ആയ ഒരു പറമ്പിലും മഴക്കുഴികള്‍ ആവശ്യമില്ല. കാരണം അത്തരം പറമ്പുകളില്‍ നിന്നും സാധാരണയായി ഒരു തുള്ളി വെളളം പോലും ഒഴുകി നഷ്ടപ്പെടില്ല..
3. അനാവശ്യമായി ഇത്തരം കുഴികള്‍ നിര്‍മിക്കുന്നത് മണ്ണില്‍ നിന്നും ബാഷ്പീകണം വഴിയുള്ള ജലനഷ്ടം വര്‍ദ്ധിപ്പിക്കുകയും അത് വരള്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.
4. ആവശ്യമുള്ള ഇടങ്ങളില്‍ കുഴിച്ച മഴക്കുഴികളില്‍ നിന്നും നീക്കം ചെയ്യുന്ന മണ്ണിനെ ആവരണ വിളകള്‍ വഴിയോ പുതയിട്ടോ സംരക്ഷിച്ചില്ലെങ്കില്‍ അത് മണ്ണൊലിപ്പിനും കാരണമാകും.
മഴക്കുഴികളില്‍ വെള്ളമുണ്ടാകാന്‍ സാധ്യത മഴയുള്ള മാസങ്ങളില്‍ മാത്രമല്ലേ.. മറ്റു മാസങ്ങളില്‍ അവ എന്തു ചെയ്യും? ഉത്തരം ലളിതമാണ്
അവ വരള്‍ച്ചയുടെ തോത് വര്‍ധിപ്പിക്കും. എങ്ങനെ എന്ന് വിശദീകരിക്കാം.
ഒന്നാമതായി മഴക്കുഴികള്‍ മഴ വെള്ളത്താല്‍ നിറഞ്ഞാലും ആ വെളളം ഭൂമിയിലേക്ക് കാര്യമായി ഇറങ്ങുകയില്ല. കാരണം കുഴിയ്ക്കകത്തെ വെറുംമണ്ണില്‍ വെള്ളം കെട്ടി നില്‍ക്കുന്നതോടെ അടിയില്‍ ചെളിയുടെ നേര്‍ത്ത പാളി രൂപം കൊള്ളും. ഇതിന്റെ കനം ഏതാനും മഴകള്‍ കൂടി കഴിയുമ്പോള്‍ വര്‍ധിക്കും, ഇതോടെ മണ്ണിലേക്കുള്ള നീര്‍വാര്‍ച്ച തടയപ്പെടും. മണ്‍ റോഡിലും മറ്റും രൂപം കൊള്ളുന്ന ചെറിയ വെള്ളക്കെട്ടുകള്‍ ഏറെ ദിവസം അത്തരത്തില്‍ തന്നെ അവശേഷിക്കുന്നതിനുള്ള കാരണം അടിയില്‍ ഊറിക്കൂടിയ ചെളി വെളളത്തെ മണ്ണിലേക്ക് ഇറക്കാതിരിക്കുന്നതാണ്. വെയിലേറ്റ് ബാഷ്പീകരണം വഴിയാകും മണ്‍ റോഡിലെ ഇത്തരം കുഴികള്‍ പലപ്പോഴും വറ്റുന്നത്.
മഴക്കുഴികളിലും ഇതു തന്നെ സംഭവിക്കും. വെളളത്തെ മണ്ണില്‍ ഇറക്കാന്‍ സമ്മതിക്കുകയുമില്ല, ബാഷ്പീകരണ നഷ്ടം വര്‍ധിപ്പിക്കുകയും ചെയ്യും. കുഴിയില്‍ നിറയുന്ന വെളളം ഭൂമിയിലേക്കിറങ്ങും എങ്കില്‍ പ്രളയകാലത്ത് താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടി നിന്ന വെള്ളം മുഴുവന്‍ ഭൂഗര്‍ഭ ജലമാകുമായിരുന്നു, അതുണ്ടായില്ലല്ലോ.
മിക്ക മഴക്കുഴികളുടെയും ആഴം 30 സെന്റീമീറ്റര്‍ മുതല്‍ 50 സെന്റീമീറ്റര്‍ വരെയാണ്, അതായത് ചെടികളുടെയും മരങ്ങളുടെയും വേര്പടല മേഖല (Root Zone ) . ഈ മേഖലയില്‍ സൂര്യപ്രകാശത്തിന്റെ ചൂടും കാറ്റും ഒന്നും തട്ടാന്‍ പാടില്ലാത്തതാണ്. കാരണം മണ്ണിന്റെ ഈ അടരിലെ ജലാംശം ബാഷ്പീകരണം വഴി നഷ്ടപ്പെട്ടാല്‍ അത് സസ്യ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും.
അടിക്കാടു കൊണ്ടും കരിയിലകള്‍ കൊണ്ടും ദ്രവിക്കുകയും അഴുകുകയും ചെയ്യുന്ന ജൈവാംശം കൊണ്ടും മൂടപ്പെട്ട മണ്ണാണ് ഇത്തരത്തില്‍ ആഴത്തില്‍ തുറന്നു വയ്ക്കപ്പെടുന്നത്. മഴയില്ലാത്ത മാസം മുഴുവന്‍ ഈ ‘മഴക്കുഴികള്‍’ ‘ബാഷ്പീകരണക്കുഴികള്‍’ ആയാണ് വര്‍ത്തിക്കുക.
മഴക്കുഴികള്‍ നിര്‍മിക്കാന്‍ കാടുവെട്ടിത്തെളിക്കുന്നതുപോലുള്ള മണ്ടത്തരങ്ങള്‍ക്ക് പാവം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാറുണ്ട്. കാടുമൂടിയ മണ്ണ് തന്നെ മഴവെളളത്തെ മണ്ണിലിറക്കുമെന്ന സാമാന്യബോധം പദ്ധതി ആസൂത്രണ വിദഗ്ധര്‍ക്ക് ഉണ്ടാകാനിടയില്ല , ഉണ്ടായാലും അവര്‍ പറയില്ല, കാരണം ഫണ്ട് ചെലവാക്കണ്ടേ.
കാടിന്റെ സ്വാഭാവികതയില്‍ നിന്ന് പാഠം പഠിക്കുകയും കൃഷിയിടങ്ങളില്‍ അവശേഷിച്ച സ്ഥലങ്ങളിലെല്ലാം ആവരണ വിളകള്‍ വളര്‍ത്തുകയും, മണ്ണില്‍ നേരിട്ട് മഴയോ വെയിലോ കാറ്റോ ഏല്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. സ്വാഭാവികമായി വളരുന്ന പുല്‍വര്‍ഗ സസ്യങ്ങളെ സാധ്യമായത്രയും സംരക്ഷിക്കാന്‍ ശ്രമിക്കുകയും വേണം..