തൃശൂര്‍: സംഘപരിവാറിന്റെ ലവ് ജിഹാദ് പ്രചരണങ്ങള്‍ക്കിടെ തൃശൂര്‍ സ്വദേശികളായ മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി. ലവ് ജിഹാദ് ആരോപണം നേരിട്ട തൃശൂര്‍ പാവറട്ടി സ്വദേശികളായ നിസാമുദ്ദീനും ഹരിതയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ കഴിഞ്ഞദിവസം വിവാഹിതരായത്.
മംതമാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടത്തിയതെന്നും ഇവര്‍ പറഞ്ഞു. സ്വന്തം വിശ്വാസങ്ങള്‍ അനുസരിച്ചു തന്നെ ഒന്നിച്ചുജീവിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.
മകളെ സിറിയയിലേക്കു കടത്താന്‍ ശ്രമിക്കുന്നുവെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണത്തിന്റെ ചുവടുപിടിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഇവര്‍ക്കെതിരെ ലവ് ജിഹാദ് പ്രചരണം നടത്തിയിരുന്നു.
ഐസിസ് ബന്ധമുളള മുസ്‌ലിം യുവാവ് മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി ഹരിതയുടെ പിതാവാണ് ആദ്യം രംഗത്തുവന്നത്. പിതാവിന്റെ ആരോപണം മാതൃഭൂമി ന്യൂസ് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നിസാമുദ്ദീന്റേത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അയാളുടെ സഹോദരന്റെ ഫേസ്ബുക്ക് പ്രൊഫൈലും ഹരിതയെഴുതിയെന്നു പറയുന്ന ഒരു ഡയറിയും വാര്‍ത്തയില്‍ കാണിച്ചിരുന്നു.
സംഘപരിവാര്‍ സംഘടനകള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയും ഇവര്‍ക്കെതിരെ ലവ് ജിഹാദ് പ്രചരണം നടത്തുകയുമായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയോടെ നിസാമുദ്ദീനും ഹരിതയും വിവാഹിതരായതോടെ ഇത്തരം പ്രചരണത്തിന് കനത്ത തിരിച്ചടിയായി.
നിസാമുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍നിന്ന് അനുകൂലമായി വിധി വന്നതോടെയാണു വിവാഹം നടത്താന്‍ തീരുമാനിച്ചത്. അതിനിടെ, വിഷയത്തില്‍ തൃപ്പൂണിത്തുറയിലെ വിവാദമായ ആര്‍ഷ വിദ്യാ സമാജം ഇടപെട്ടിരുന്നതായും ആരോപണമുണ്ട്. സനാതന ധര്‍മ്മത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍ഷ വിദ്യാ സമാജത്തിലേക്ക് വരണമെന്നു സ്ഥാപനത്തില്‍നിന്നു ക്ഷണിച്ചിരുന്നതായി ഹരിത പറഞ്ഞു.
മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന പിതാവിന്റെ ആരോപണം ഹരിത തള്ളിയിരുന്നു. മതംമാറ്റി സിറയയിലേക്കു കടത്താന്‍ ശ്രമിച്ചുവെന്നത് വ്യാജവാര്‍ത്തയാണെന്നു പറഞ്ഞ ഹരിത മതംമാറാതെയാണ് തങ്ങള്‍ വിവാഹിതരായതെന്നും വ്യക്തമാക്കി.
ഘര്‍വാപസി പീഡനക്കേസില്‍ ഉള്‍പ്പെട്ട ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ എന്ന സംഘടന പിതാവിനെ സഹായിക്കുന്നുണ്ടെന്നും ഹരിത ആരോപിച്ചിരുന്നു. തങ്ങളുടെ പ്രണയബന്ധം തകര്‍ക്കുന്നതിനായി ആര്‍.എസ്.എസ് ശ്രമിച്ചിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.
ആര്‍ഷവിദ്യാ സമാജ് എന്ന പേരിലുള്ള സംഘടനയും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. സനാതന ധര്‍മ്മത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍ഷ വിദ്യാസമാജത്തിലേക്ക് വരണമെന്ന് പറഞ്ഞത് തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി ശ്രുതി തന്നെ വിളിച്ചിരുന്നതായി ഹരിത പറഞ്ഞിരുന്നു. ഇതിനുമുന്നോടിയായി തൃശൂരിലെ ഒരു വീട്ടില്‍ കൊണ്ടുപോകുകയും അവിടെവെച്ച് ലവ് ജിഹാദ് പ്രതിപാദിക്കുന്ന സി.ഡികളും പുസ്തകങ്ങളും കാണിക്കുകയും ചെയ്തതായി ഹരിത പറഞ്ഞിരുന്നു.