ഗുരുവായൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. നിസാമിന്റെ മാനേജരെയാണ് ബിസിനസ്സ് ഇടപാടുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയത്.
ജയിലില്‍നിന്ന് നിസാം തന്റെ ബിസിനസ്സ് ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയടക്കം മാനേജര്‍ ചന്ദ്രശേഖരന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിസാം. നേരത്തേ വിചാരണയ്ക്കായി ബാംഗ്ലൂരിലേയ്ക്ക് കൊണ്ടുപോകും വഴിയും നിസാം ഫോണ്‍ ഉപയോഗിച്ചിരുന്നു. തന്റെ സഹോദരങ്ങള്‍ക്ക് നേരെയാണ് അന്ന് നിസാം ഭീഷണിമുഴക്കിയത്.
മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ നിസാം തൃശൂരിലെ ഒരു ഹോട്ടലില്‍ വെച്ച് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. പോലീസാണ് ഇതിന് സൗകര്യമൊരുക്കികൊടുത്തതെന്നും ഹോട്ടലിലെ സി.സി.ടി.വി ഓഫ് ചെയ്തതിന് ശേഷമായിരുന്നു കൂടിക്കാഴ്ച എന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവം വിവാദമാതോടെ അന്നത്തെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
നേരത്ത ബംഗളൂരുവില്‍ ഇയാളെ അന്വേഷണത്തിനായി കൊണ്ടുപോയപ്പോള്‍ ആഡംബര കാര്‍ ഉപയോഗിച്ചതും വിവാദമായിരുന്നു. മാത്രമല്ല മുമ്പ് കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്നപ്പോള്‍ കൈവിലങ്ങ് മറയ്ക്കുന്നതിനായി പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചതും ചര്‍ച്ചയായിരുന്നു.