പുറകില്‍ ക്വാറിയുടെ കുഴിയാണ്, എഡ്ജില്‍ മമ്മൂക്ക കാര്‍ നിര്‍ത്തുന്നത് കണ്ട് നിസാം ബഷീര്‍ വാ പൊളിച്ച് ഒരു എക്‌സ്‌പ്രെഷനിട്ടു: വൈറലായ വീഡിയോയെ പറ്റി ഷറഫുദ്ദീന്‍
Film News
പുറകില്‍ ക്വാറിയുടെ കുഴിയാണ്, എഡ്ജില്‍ മമ്മൂക്ക കാര്‍ നിര്‍ത്തുന്നത് കണ്ട് നിസാം ബഷീര്‍ വാ പൊളിച്ച് ഒരു എക്‌സ്‌പ്രെഷനിട്ടു: വൈറലായ വീഡിയോയെ പറ്റി ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th October 2022, 8:52 am

നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ റോഷാക്ക് മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിനിടക്ക് മമ്മൂട്ടി കാര്‍ ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കാര്‍ കറക്കി നിര്‍ത്തുന്ന വീഡിയോ നിര്‍മാതാവ് എന്‍.എം. ബാദുഷയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കാറിന്റെ മുന്‍വശത്ത് സെറ്റ് ചെയ്തിരിക്കുന്ന ക്യാമറയും മമ്മൂട്ടി കാര്‍ നിര്‍ത്തുമ്പോള്‍ ലൊക്കേഷനിലുള്ളവര്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഷൂട്ടിനിടക്ക് ഈ രംഗം ചിത്രീകരിച്ചതിനെ പറ്റി പറയുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീന്‍.

‘ഇതില്‍ ഒരു കാര്‍ സ്റ്റണ്ട് സീനുണ്ട്. കാര്‍ സ്റ്റണ്ട് എന്ന് പറഞ്ഞപ്പോള്‍ ഏതോ സ്റ്റണ്ട് ആര്‍ട്ടിസ്റ്റാണെന്നാണ് വിചാരിച്ചത്. മസ്താങ് കാറിലാണ് ചെയ്യുന്നത്. മമ്മൂക്ക കാറിലിരിപ്പുണ്ട്. കാര്‍ റിഗ് ചെയ്തിട്ടുള്ള ഷോട്ട് എടുക്കുകയാണ്. ബാക്കില്‍ കരിങ്കല്‍ ക്വാറിയുടെ ചെറിയ കുഴിയുണ്ട്. ഇപ്പുറത്ത് റോഡുണ്ട്, പെട്ടെന്ന് ടയറൊന്ന് പോകും. കണ്ട്രോള്‍ കിട്ടാതെ വണ്ടി സ്‌കിഡ് ചെയ്തു പോകുന്ന രംഗമാണ്.

ആദ്യം സ്റ്റണ്ട് മാസ്റ്റര്‍ ചെയ്തു. റിഗ് ഷോട്ട് വരെയുള്ളതേ മമ്മൂക്ക ചെയ്യുകയുള്ളൂ, അതുകഴിഞ്ഞിട്ടുള്ളത് ചെയ്യാന്‍ വേണ്ടി അവിടെ ആള് നിപ്പുണ്ട്. പുറകിലാണെങ്കില്‍ കുഴിയും. റിസ്‌കുള്ള ഷോട്ടിന് റിസ്‌കുള്ള സ്ഥലം തന്നെയാണല്ലോ തെരഞ്ഞെടുക്കുന്നത്.

വണ്ടി പഞ്ചറാകുന്നത് കാണിക്കുന്നത് കണ്ടു, പിന്നെ പുള്ളി ചെറുതായി ക്വാറിയുടെ എഡ്ജില്‍ റോഡിന്റെ പുറത്ത് ഒരു കാടിന്റെ സൈഡില്‍ നിര്‍ത്തി. അത് കാണേണ്ട കാഴ്ച ആയിരുന്നു. നിസാം വാ പൊളിച്ച് ഒരു എക്‌സ്‌പ്രെഷനിട്ടു. ഷോട്ട് ഓക്കെയാണോന്നല്ല, എടാ വീഡിയോ കിട്ടിയോന്നാണ് ഞാന്‍ ചോദിച്ചത്,’ ഷറഫുദ്ദീന്‍ പറഞ്ഞു.

അതേസമയം വിവിധ ഇടങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് റോഷാക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആകാംക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് സിനിമയെ വേറൊരു തലത്തിലേക്ക് എത്തിച്ചുവെന്നും ആരാധകര്‍ പറയുന്നു.

ആസിഫലി, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: Nisam Basheer makes a wow expression after seeing Mammooka stop the car: Sharafudheen on viral video