| Thursday, 19th September 2019, 12:41 pm

ധനമന്ത്രിയെന്ന നിലയില്‍ നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്; നിര്‍മലാ സീതാരാമനോട് കോര്‍പ്പറേറ്റ് തലവന്‍; മറുപടിയുമായി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ധനമന്ത്രിയെന്ന നിലയില്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള എന്തെങ്കിലും നടപടികള്‍ താങ്കള്‍ ഇതുവരെ കൈക്കൊണ്ടോയെന്ന കോര്‍പ്പറേറ്റ് നേതാവിന്റെ ചോദ്യത്തിന് ട്വിറ്ററില്‍ നേരിട്ട് മറുപടി നല്‍കി ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

ഞാന്‍ അതിനായി പ്രവര്‍ത്തിക്കുകയാണ് എന്നായിരുന്നു നിര്‍മലാ സീതാരാമന്‍ ട്വിറ്ററില്‍ മറുപടി നല്‍കിയത്.

”ധനമന്ത്രിയെന്ന നിലയില്‍, -നിങ്ങള്‍ നിരീക്ഷിച്ചിരിക്കാം – സമ്പദ്വ്യവസ്ഥയുടെ കാര്യങ്ങളില്‍ ഞങ്ങള്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ഞാന്‍ പതിവായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്ന നിരവധി പദ്ധതികള്‍ കേന്ദ്രം ആവിഷക്കരിക്കുന്നുണ്ട്- നിര്‍മലാ സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡ്രഗ് മേക്കല്‍ ബയോകോണ്‍ ലിമിറ്ററ്റ് തലവന്‍ കിരണ്‍ മസുംദാര്‍ ഷായുടെ ചോദ്യത്തിനായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇന്ത്യയില്‍ ഇ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ധനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതും ഇദ്ദേഹം ചോദ്യം ചെയ്തിരുന്നു. ആരോഗ്യമന്ത്രി പ്രഖ്യാപിക്കേണ്ട ഇക്കാര്യം എന്തുകൊണ്ട് ധനമന്ത്രി പ്രഖ്യാപിച്ചുവെന്നായിരുന്നു ഇദ്ദേഹം ചോദിച്ചത്. ഇതിനും മന്ത്രി മറുപടി നല്‍കി.

”കിരണ്‍ ജി, കുറച്ച് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മന്ത്രിസഭാ തീരുമാനപ്രകാരമാണ് വാര്‍ത്താ സമ്മേളനം നടന്നത്. മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചത് ഞാനായിരുന്നു. മാത്രമല്ല കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്റര്‍നാഷണല്‍ മീറ്റില്‍ പങ്കെടുക്കാനായി പോയതാണ്. അദ്ദേഹം ഇന്ത്യയിലില്ല- എന്നായിരുന്നു സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചത്.

ധനമന്ത്രിയെന്ന നിലയില്‍ സോഷ്യല്‍ മീഡിയ വിമര്‍ശനത്തോട് പ്രതികരിച്ച അപൂര്‍വ സന്ദര്‍ഭങ്ങളിലൊന്നാണിത്. ഇന്ന് ദല്‍ഹിയിലെ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുടെ മേധാവികളുമായി നിര്‍മലാ സീതാരാമന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇപ്പോഴത്തെ സ്ഥിതിയെ സാമ്പത്തിക മാന്ദ്യമെന്നാണോ ഞെരുക്കമെന്നാണോ ദുരിതകാലമാണോ വിളിക്കേണ്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ മന്ത്രി തയ്യാറായിരുന്നില്ല. ‘വിശേഷണങ്ങള്‍ക്കില്ല, ഞാനെന്റെ ജോലി ചെയ്യുകയാണ്’ എന്നായിരുന്നു നിര്‍മല സീതാരാമന്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ എന്‍.ഡി.എ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന നിര്‍മലാ സീതാരാമന്‍ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ധനമന്ത്രിയായി ചുമതലയേറ്റത്.

രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിച്ചതായി നിര്‍മ്മല സീതാരാമന്‍ ഇന്നലെയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ഇ സിഗരറ്റ് പ്രദര്‍ശിപ്പിച്ച് അതിന്റെ ദൂഷ്യഫലങ്ങള്‍ കാണിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളും നിരോധിച്ചതായി മന്ത്രി അറിയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more