| Wednesday, 17th April 2019, 12:09 pm

മോദിയെ പുറത്താക്കാന്‍ സഹായം തേടി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനില്‍ പോയി; പാക് കാര്‍ഡിറക്കി വീണ്ടും ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അംഗീകരിച്ചുകൊണ്ടുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ പുറത്താക്കാനായി ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനില്‍ പോയി സഹായം തേടിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

‘ എന്തുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് എനിക്ക് അറിയില്ല. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും മോദിയെ പുറത്താക്കാന്‍ പാകിസ്ഥാനില്‍ പോയി സഹായം തേടിയിട്ടുണ്ട്. മോദിയെ പുറത്താക്കാന്‍ ഞങ്ങളെ സഹായിക്കൂവെന്ന് പറയാനാണ് അവര്‍ പോയത്. കോണ്‍ഗ്രസ് ചെയ്യുന്ന ചില പദ്ധതികളുടെ ഭാഗമാണോയിതെന്ന് ഞാന്‍ സംശയിക്കുന്നു. ഇത് വ്യക്തിപരമായി എനിക്കു തോന്നുന്നതാണ്, പാര്‍ട്ടിയുടെ അഭിപ്രായമല്ല. ‘ എന്നാണ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്.

നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പു വേളയില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചത് വിവാദമായിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടുവെന്നായിരുന്നു മോദിയുടെ ആരോപണം. പാക് പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം.

ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന് കണ്ട് മോദി ‘പാക്കിസ്ഥാന്‍ കാര്‍ഡ്’ ഇറക്കുകയാണെന്ന ആരോപണമാണ് ഉയര്‍ന്നത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാണ് അടുത്തതായി വരാന്‍ പോകുന്നതെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

‘ ഒരു പക്ഷേ വലതുപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ജയിക്കുകയാണെങ്കില്‍ കശ്മീരില്‍ വിഷയത്തില്‍ ചില തരത്തിലുള്ള ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാനിടയുണ്ട്.’

‘ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍

Latest Stories

We use cookies to give you the best possible experience. Learn more