നിര്‍മ്മല സീതാരാമന്‍ കണ്ടത് പച്ച പിടിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; കണക്കുകള്‍ പറയുന്നത് പ്രതിസന്ധി അതിരൂക്ഷമെന്ന്
national news
നിര്‍മ്മല സീതാരാമന്‍ കണ്ടത് പച്ച പിടിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; കണക്കുകള്‍ പറയുന്നത് പ്രതിസന്ധി അതിരൂക്ഷമെന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th February 2020, 8:09 am

ന്യൂദല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത്.

രാജ്യത്തെ പണപ്പെരുപ്പം 7.6 ശതമാനമായി ഉയര്‍ന്നുവെന്നും വ്യാവസായിക ഉത്പാദനത്തില്‍ ജനുവരിയില്‍ 0.3 ശതമാനത്തിന്റെ കുറവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പണപ്പെരുപ്പം ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ധനയാണ് പണപ്പെരുപ്പം വീണ്ടും ഉയരാന്‍ ഇടയാക്കിയത്. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താനാണ് റിസര്‍വ്വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പണപ്പെരുപ്പം ഉയര്‍ന്ന നിലയിലേക്ക് നീങ്ങുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാവസായിക ഉത്പാദനത്തില്‍ ഡിസംബറിലേക്കാള്‍ 0.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഉത്പാദന മേഖലയിലെ മാന്ദ്യം വ്യവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു.

വൈദ്യുത ഉത്പാദനത്തില്‍ ഡിസംബറില്‍ 4.5 ശതമാനം വര്‍ധന ഉണ്ടാക്കിയെങ്കിലും ജനുവരിയില്‍ ഇതില്‍ 0.1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പാര്‍ലമെന്റില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ആരാഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളോട് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.