രാഹുലിന്റെ പ്രീണന രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഹിന്ദു വിദ്വേഷത്തില്‍: നിര്‍മല സീതാരാമന്‍
national news
രാഹുലിന്റെ പ്രീണന രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഹിന്ദു വിദ്വേഷത്തില്‍: നിര്‍മല സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2024, 8:39 pm

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തിനെതിരെ ധനമന്ത്രി നിര്‍മല സീതാരാമന്‍. രാഹുല്‍ ഗാന്ധിയുടെ പ്രീണന രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഹിന്ദു വിദ്വേഷത്തിലാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ മുഴുവന്‍ അംഗങ്ങളും രാഹുലിന്റെ ഭാഷയാണ് പിന്തുടരുന്നതെന്നും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

ലോക്‌സഭാ പ്രസംഗത്തില്‍ ഇന്ത്യ എന്ന ആശയത്തെ ബി.ജെ.പി ആക്രമിക്കുന്നുവെന്നും ഹിന്ദു എന്ന് അവകാശപ്പെടുന്ന ചിലര്‍ രാജ്യത്ത് ആക്രമണം നടത്തുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം.

Also Read: ഇന്ത്യാ സഖ്യം ബി.ജെ.പിയെ രാജ്യത്ത് നിന്ന് തുരത്തും; അവർ അധികം വൈകാതെ തുടച്ചുനീക്കപ്പെടും: ഹേമന്ദ് സോറൻ

‘ഹിന്ദുവെന്ന് അവകാശപ്പെടുന്നവരെ ‘ഹിന്‍സാക്ക്’ എന്ന് വിളിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ധൈര്യം, ഹിന്ദുക്കളോടുള്ള കോണ്‍ഗ്രസിന്റെ വെറുപ്പിനെയും അവജ്ഞയെയും തുറന്ന് കാണിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ രാഹുലിന്റെ ഹിന്ദു വിദ്വേഷത്തോട് പൊരുത്തപ്പെടുകയും ചെയ്തു,’ എന്ന് കേന്ദ്ര മന്ത്രി എക്സില്‍ കുറിച്ചു.

മൊഹബത് കി ദുകാന്‍’ (സ്നേഹമാണ് എല്ലാം) എന്ന് അവകാശപ്പെടുന്നവരിലെ കാപട്യം ഇപ്പോള്‍ വെളിപ്പെട്ടുവെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാക്കള്‍ പ്രതിപക്ഷ നേതാവിന്റെ പാത പിന്തുടരുന്നതില്‍ അതിശയിക്കാനില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Also Read: മൈക്രോസോഫ്റ്റ് ചാരിറ്റിക്കുള്ള സംഭാവനകൾ എന്റെ മരണശേഷം അവസാനിക്കും; വിൽപത്രമെഴുതി ശതകോടീശ്വരൻ വാറൻ ബഫറ്റ്

‘ഇന്ത്യ എന്ന ആശയത്തിനും ഭരണഘടനക്കുമെതിരെ ബി.ജെ.പി മുന്നോട്ടുവെച്ച നയങ്ങളെ എതിര്‍ത്ത ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണങ്ങള്‍ നടന്നു. ഞാനും തനിക്ക് ചുറ്റുമുള്ള പലരും ആക്രമിക്കപ്പെട്ടു.

പ്രതിപക്ഷം മാത്രമല്ല, ദരിദ്രര്‍ക്കും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും എതിരായുള്ള ബി.ജെ.പി നീക്കങ്ങള്‍ക്കെതിരെ ശബ്ദിച്ചവരും തകര്‍ക്കപ്പെട്ടു. വിമത ശബ്ദങ്ങളെ ബി.ജെ.പി ജയിലിലടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു,’ എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Also Read: യൂറോപ്യൻ യൂണിയന്റെ നേതൃസ്ഥാനത്തേക്ക് ഹംഗറി

എന്നാല്‍ ലോക്‌സഭാ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി ഹിന്ദു സമൂഹത്തെ അവഹേളിച്ചുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു.

Content Highlight: Nirmala Sitharaman says Rahul Gandhi’s appeasement politics starts and ends with Hindu hatred