ന്യൂദല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടലുകളുണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. കരാറിന്റെ പുരോഗതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാര്യാലയത്തിന്റെ അന്വേഷണം ഇടപെടലായി കാണാന്‍ കഴിയില്ലെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
“കരാര്‍ എത്രത്തോളം പുരോഗമിച്ചു, അത് ഇവിടെ വെച്ചാണോ നടക്കുന്നത്, അത് ഫ്രാന്‍സില്‍ വെച്ചാണോ നടക്കുന്നത് എന്ന രീതിയിലുള്ള അന്വേഷണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന അന്വേഷണങ്ങള്‍ ഇടപെലായി കാണാന്‍ കഴിയില്ല”- നിര്‍മല സീതാരാമന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാന്‍സുമായി സമാന്തര വിലപേശല്‍ നടത്തിയിരുന്നുവെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലുകള്‍ക്ക് സമാന്തരമായിരുന്നു ഇതെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ പ്രതിരോധ മന്ത്രിക്ക് നല്‍കിയ ഫയല്‍ നോട്ടിനെ മുന്‍ നിര്‍ത്തിയായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ മോഹന്‍ കുമാര്‍ നല്‍കിയ ഫയല്‍ നോട്ടിന് അന്നത്തെ പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കര്‍ മറുപടി നല്‍കിയിരുന്നെന്നും, ഇത് പരിഹരിക്കപ്പെട്ട ഒന്നാണെന്നുമായിരുന്നു ലോക്‌സഭയില്‍ നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ കാര്യാലയം റഫാല്‍ കരാറില്‍ ഇടപെട്ടിട്ടേയില്ല എന്നാണ് പ്രതിരോധമന്ത്രിയുടെ പുതിയ വാദം. പുതിയ വെളിപ്പെടുത്തല്‍.
ദി ഹിന്ദു പുറത്തു വിട്ട റിപ്പോര്‍ട്ട് പകുതി സത്യം മാത്രമാണെന്നും, പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരുന്നു റിപ്പോര്‍ട്ട് എന്നും മന്ത്രി പറഞ്ഞു.
യു.പി.എ സര്‍ക്കാറിന്റെ കാലത്തെ റഫാല്‍ കരാര്‍ മോദി സര്‍ക്കാര്‍ അട്ടിമറിച്ച് അനില്‍ അംബാനിക്കും മറ്റ് തല്‍പരകക്ഷികള്‍ക്കും സഹായകരമാവും വിധം മാറ്റുകയായിരുന്നെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.