| Saturday, 20th April 2024, 9:58 am

ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരും: നിര്‍മല സീതാരാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ചര്‍ച്ചകള്‍ക്ക് ശേഷം മാറ്റങ്ങളോടെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രി ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ച് സംസാരിച്ചത്.

വീണ്ടും ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവരാനായി തങ്ങള്‍ക്ക് എല്ലാ വിഭാഗം ആളുകളുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയിലാകും ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരുന്നത്.

ഇതിന്റെ സുതാര്യത ഉറപ്പാക്കി കള്ളപ്പണം എത്തുന്നത് തടയുമെന്നും സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

സുതാര്യതയില്ലാത്തതിന്റെ പേരില്‍ സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കുകയായിരുന്നു. ഫെബ്രുവരി 15നായിരുന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.

പദ്ധതിയില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തിയിരുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണ് ഇലക്ടറല്‍ ബോണ്ടുകളുടെ ഘടനയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: Nirmala Sitharaman Says Bjp Will Bring Back Electoral Bonds After Elected

We use cookies to give you the best possible experience. Learn more