ചെന്നൈ: പുനെയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന യുവതി ജോലി സമ്മര്‍ദം മൂലം മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ കോളേജിലെ ചടങ്ങിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.
‘രണ്ട് ദിവസം മുമ്പ് പത്രത്തില്‍ ജോലി സമ്മര്‍ദംമൂലം ഒരു പെണ്‍കുട്ടി മരിച്ചതായി വാര്‍ത്ത കണ്ടു. കോളേജുകള്‍ വിദ്യാര്‍ത്ഥികളെ നന്നായി പഠിപ്പിക്കുകയും ജോലി നേടിക്കൊടുക്കുകയും ചെയ്യുന്നു.
അതേപോലെ തന്നെ കുടുംബങ്ങള്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. നീ എത്ര പഠിച്ച് ഏത് നിലയില്‍ എത്തിയാലും മനസ്സില്‍ സമ്മര്‍ദങ്ങളെ നേരിടാന്‍ ഉള്‍ശക്തിയുണ്ടാവണം. അതിനായി ദൈവത്തിനെ ആശ്രയിക്കണം. എന്നാല്‍ മാത്രമെ ആത്മശക്തിയുണ്ടാവുകയുള്ളു,’ മന്ത്രി പറഞ്ഞു.
അതേസമയം അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. മുബൈയിലെ ഏണസ്റ്റ് ആന്‍ഡ് യങിലെ ജീവനക്കാരിയായിരുന്ന യുവതിയുടെ മരണത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
മരണത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് കമ്മീഷന്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ പൂനെയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ജൂലായ് 20നായിരുന്നു സംഭവം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ അമ്മ കമ്പനിയുടെ മേധാവിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്.
അന്നയുടെ മരണം ചര്‍ച്ചയായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ, കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ പ്രതികരിക്കുകയും വസ്തുതകള്‍ക്കനുസരിച്ച് നടപടി എടുക്കുമെന്നും പ്രതികരിച്ചിരുന്നു.
സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും എല്ലാ തൊഴിലിടങ്ങളിലും നിശ്ചിത സമയം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ശശി തരൂര്‍ പറഞ്ഞത്.
Content Highlight: Nirmala Sitharaman’s controversy statement on 26-year-old EY India employee’s death