ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ സഖ്യക്ഷികളുടെ ആവശ്യങ്ങള്‍ക്ക് അധിക പരിഗണന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്നതോടെ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി), ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) എന്നിവരടക്കമുള്ളവരെ ഒപ്പം കൂട്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. മോദിയുടെ പ്രധാനമന്ത്രിക്കസേരക്ക് ഇളക്കം തട്ടാതിരിക്കാനായി സഖ്യക്ഷികള്‍ക്കും അവരുടെ സംസ്ഥാനങ്ങള്‍ക്കും ധനമന്ത്രി ബജറ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുകയാണ്.
ബീഹാര്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ക്ക് പ്രത്യേക പദവി നല്‍കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളായിരുന്നു സര്‍ക്കാര്‍ രൂപീകരണ വേളയില്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഉയര്‍ത്തിയത്. എന്നാല്‍ പ്രത്യേക പദവികളില്ലെങ്കിലും വമ്പന്‍ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബീഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ധനമന്ത്രി പ്രഖ്യാപിച്ചത്. 11,500 കോടി രൂപയുടെ പ്രളയസഹായവും വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
അടിസ്ഥാന സൗകര്യത്തിന് മാത്രം ബീഹാറില്‍ 26,000 കോടി രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്. ബീഹാറില്‍ വിമാനത്താവളവും മെഡിക്കല്‍ കോളജും പ്രഖ്യാപിച്ചു.
അമൃത്സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ബീഹാറിലെ ഗയയില്‍ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. പാട്ന-പൂര്‍ണ എക്സ്പ്രസ് വേ, ബുക്സര്‍ ഭഗല്‍പൂര്‍ ഹൈവേ, ബോധ്ഗയ-രാജ്ഗിര്‍-വിശാലി-ധര്‍ബന്‍ഗ എന്നീ റോഡ് കണക്ടിവിറ്റി പ്രൊജക്റ്റുകള്‍ക്ക് പുറമെ ബുക്സാറില്‍ ഗംഗാ നദിക്ക് മുകളിലായി രണ്ട് വരി പാലത്തിന്റെ നിര്‍മാണത്തിനുള്ള പദ്ധതിയും ബജറ്റില്‍ ബീഹാറിനായി നീക്കിവെച്ചിട്ടുണ്ട്.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയും വരും നാളുകളില്‍ പ്രത്യേക ധനസഹായവുമാണ് ആന്ധ്രക്ക് ലഭിച്ചിരിക്കുന്നത്.
ആന്ധ്ര തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15,000 കോടി രൂപയും അനുവദിച്ചു. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിങ് ഏജന്‍സികളില്‍ നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്‍കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന് വിവിധ പാക്കേജുകളിലായി ധനസഹായം പ്രഖ്യാപിച്ച ധനമന്ത്രിക്ക് നന്ദിയറിയിച്ചുകൊണ്ട് ടി.ഡി.പി നേതാവും ആന്ധ്രാ പ്രദേശ് മന്ത്രിയുമായ ലോകേഷ് നാറ രംഗത്തെത്തിയിരുന്നു. എക്‌സിലൂടെയായിരുന്നു നാറയുടെ നന്ദി പ്രകടനം.
‘ആന്ധ്രാ പ്രദേശിന്റെ പുനര്‍നിര്‍മാണത്തിനായി 15,000 കോടി രൂപ അനുവദിച്ച എന്‍.ഡി.എ സര്‍ക്കാരിന് സംസ്ഥാനത്തെ എല്ലാ ജനങ്ങളുടേയും പേരില്‍ ഞാന്‍ നന്ദി അറിയിക്കുന്നു,’ APThanksModiji എന്ന ഹാഷ്ടാഗിനൊപ്പം നാറ എക്‌സില്‍ കുറിച്ചു.
ബീഹാര്‍, ആന്ധ്രാ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനായി പുര്‍വോദയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷ കക്ഷികള്‍ക്ക് ബജറ്റില്‍ കാര്യമായ പരിഗണന കേന്ദ്രം നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Content highlight: Nirmala Sitharaman gave special consideration to Bihar and Andhra Pradesh in the budget