ന്യൂദല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ ചുവട് തന്നെ പിഴച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലഘു സമ്പാദ്യങ്ങളുടെ പലിശനിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച നടപടിയിലാണ് നിര്‍മ്മല സീതാരാമനെതിരെ വിമര്‍ശനമായും ട്രോളുകളായും നിരവധി പേര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
സാധാരണക്കാരനെ പ്രതികൂലമായി ബാധിക്കുന്ന ലഘു സമ്പാദ്യങ്ങളുടെ പലിശ വെട്ടിക്കുറച്ച കേന്ദ്ര നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പലിശ വെട്ടിക്കുറയ്ക്കില്ലെന്നും പഴയ നിരക്കില്‍ തന്നെ തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും, വീണ്ടുവിചാരമില്ലാതെയെടുക്കുന്ന നയങ്ങളെ പരിഹസിച്ചും നിരവധി പേര്‍ മുന്നോട്ടു വന്നത്.
കൂടുതലായും മധ്യവര്‍ഗത്തിനെ ബാധിക്കുന്ന കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി അനുഭാവികളില്‍ നിന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.
” താനൊരു ബി.ജെ.പിക്കാരനാണ്. ഇത്തരം നീക്കങ്ങള്‍ മധ്യവര്‍ഗങ്ങള്‍ക്ക് എതിരായുള്ളവയാണ്. പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ ശക്തമായി ഇടപെടണം,” എന്ന ആവശ്യവും നിര്‍മ്മലയുടെ ട്വീറ്റിന് കീഴെ കമന്റുകളായി വന്നിട്ടുണ്ട്.
ഇവിടെ മൊത്തം ദുരന്തമാണ്, കേന്ദ്രത്തിന് എന്താണ് സംഭവിക്കുന്നത് എന്നും പോലും അറിയില്ല. ഒരു പദ്ധതിയുമില്ലാതെ, ഗുണങ്ങളോ ദോഷങ്ങളോ നോക്കാതെ സ്ഥിരതപോലുമില്ലാത്ത അവസ്ഥയിലാണ്. നമ്മുടെ മന്ത്രിമാരെല്ലാം വലിയ ആശയക്കുഴപ്പത്തിലാണ്. ഇനി ദൈവം ഇന്ത്യയെ രക്ഷിക്കട്ടെ എന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ധനമന്ത്രി രാജിവെക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഏപ്രില്‍ ഒന്നുമുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറയ്ക്കും എന്നായിരുന്നു കേന്ദ്രം ആദ്യം ഉത്തരവ് ഇറക്കിയത്.
സേവിങ്ങ്സ് ഡെപ്പോസിറ്റുകളുടെ പലിശ 4 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കിയ ഉത്തരവായിരുന്നു കേന്ദ്രം പുറത്തിറക്കിയത്.
കേന്ദ്രം ആദ്യം ഇറക്കിയ ഉത്തരവില്‍ പി.പി.എഫ് റേറ്റ് 7.1 ശതമാനത്തില്‍ നിന്നും 6.4 ശതമാനമാക്കിയിരുന്നു. ഒരുവര്‍ഷത്തെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ 5.5 ശതമാനത്തില്‍ നിന്നും 4.4 ശതമാനമായാണ് കുറച്ചത്. മുതിര്‍ന്ന പൗരന്മാരുടെ സേവിങ്ങ്സ് സ്‌കീമിലെ പലിശ നിരക്കിലും കുറവ് വരുത്തിയിരുന്നു. 7.4 ശതമാനത്തില് നിന്ന് 6.5 ശതമാനമായാണ് ഇത് കുറച്ചിരുന്നത്.
കേന്ദ്രത്തിന്റ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ മുന്നോട്ടുവന്നിരുന്നു. സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാരാണ് ഇതെന്ന് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
” ഇത് ഒരു റോബിങ്ങ് ഹുഡ് സര്‍ക്കാരാണ്. പാവപ്പെട്ട കര്‍ഷകരെയും, തൊഴിലാളികളെയും ഇപ്പോള്‍ മധ്യവര്‍ഗക്കാരെയുമാണ് ഇവര്‍ കൊള്ളയടിക്കുന്നത്. അതുവഴി അംബാനിയേയും അദാനിയേയും പോലുള്ളവരെ സര്‍ക്കാര്‍ ഊട്ടി വളര്‍ത്തുകയാണ്,” എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്യ ഓര്‍ഡര്‍ പിന്‍വലിക്കുമെന്ന നിര്‍മ്മല സീതരാമന്‍ ട്വീറ്റിലൂടെ അറിയിച്ചതിന് പിന്നാലെ അപ്പോള്‍ ഇതൊരു ഏപ്രില്‍ ഫൂള്‍ ഓര്‍ഡര്‍ ആയിരുന്നോ എന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.