രാജ്യത്തെ ഐ.ഐ.ടികളുടെ ലോക റാങ്കിങിനെ കുറിച്ച് നിര്‍മല സീതാരാമന്‍ പറഞ്ഞത് തെറ്റെന്ന് നാഷണല്‍ ഹെറാള്‍ഡ്; നേട്ടം യു.പി.എ ഭരണകാലത്ത്
Union Budget 2019
രാജ്യത്തെ ഐ.ഐ.ടികളുടെ ലോക റാങ്കിങിനെ കുറിച്ച് നിര്‍മല സീതാരാമന്‍ പറഞ്ഞത് തെറ്റെന്ന് നാഷണല്‍ ഹെറാള്‍ഡ്; നേട്ടം യു.പി.എ ഭരണകാലത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 10:13 pm

ന്യൂദല്‍ഹി: 2014ന് ശേഷമാണ് ഐ.ഐ.ടികള്‍ ലോക റാങ്കിങില്‍ 200 റാങ്കിനുള്ളില്‍ വന്നതെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശം തെറ്റാണെന്ന് നാഷണല്‍ ഹെറാള്‍ഡ്.

രേഖകളെ അടിസ്ഥാനമാക്കിയാണ് ബജറ്റ് പ്രസംഗത്തിനിടയിലെ മന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് നാഷണല്‍ ഹെറാള്‍ഡ് ചൂണ്ടിക്കാണിച്ചത്.

യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2004-2014 കാലത്ത് തന്നെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ലോകത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു എന്നാണ് നാഷണല്‍ ഹെറാള്‍ഡ ചൂണ്ടിക്കാണിക്കുന്നത്.

ഐ.ഐ.ടി ദല്‍ഹി, ഐ.ഐ.ടി ബാംഗ്ലൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍ തുടങ്ങിയവ 2014ന് ശേഷമാണ് ആഗോള തലത്തിലെ മികച്ച 200 സര്‍വകലാശാലകളില്‍ ഉള്‍പ്പെട്ടതെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. എന്നാല്‍ 2004ലെ ലോക യൂണിവേഴ്‌സിറ്റി റാങ്കിങില്‍ 41ആം സ്ഥാനമുണ്ടായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക്.

2005ലെ പട്ടിക പ്രകാരം 50ആം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ഇതേ വര്‍ഷം തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് 84ആം റാങ്കും ജെ.എന്‍.യു 192ആം റാങ്കും സ്വന്തമാക്കി.

2006ല്‍ ലോകറാങ്കിങില്‍ 57ആം സ്ഥാനത്തായിരുന്നു ഐ.ഐ.ടി. ഐ.ഐ.എം 57ആം സ്ഥാനത്തും ജെ.എന്‍.യു 183ആം സ്ഥാനത്തും ആയിരുന്നു.

2008ല്‍ ഐ.എ.ടി ദല്‍ഹി 154ആം റാങ്കും ഐ.ഐ.ടി ബോംബെ 174ആം റാങ്കും സ്വന്തമാക്കി. രണ്ട് ഐ.ഐ.ടികളും പ്രത്യേകം പ്രത്യേകം പട്ടികയില്‍ ഇടംപിടിച്ചത് 2008ലാണ്. 2009ല്‍ ഐ.ഐ.ടി ദല്‍ഹി 181ആം സ്ഥാനത്തും ഐ.ഐ.ടി ബോംബെ 163ആം സ്ഥാനത്തുമായിരുന്നു.