ന്യൂദല്‍ഹി: കന്നി ബജറ്റ് അവതരണത്തിന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തിയത് കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച്. പതിവുപോലെ കേന്ദ്ര ധനമന്ത്രിമാര്‍ കൈയില്‍ കരുതാറുള്ള ബ്രൗണ്‍ ബ്രീഫ്‌കേസ് ഒഴിവാക്കി, പകരം ചുവന്ന നാലുമടക്കുള്ള തുണിസഞ്ചിയില്‍ ബജറ്റ് നിര്‍ദേശങ്ങളുമായാണ് നിര്‍മലയെത്തിയത്.
രാവിലെ എട്ടേകാലോടെ ധനമന്ത്രാലയത്തിലെത്തിയ നിര്‍മല സഹമന്ത്രിമാരുമായും ധനവകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍, ധനകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗ്, ധനകാര്യ സഹമന്ത്രി അ നുരാഗ് ഠാക്കൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ബജറ്റുമായി നിര്‍മല രാഷ്ട്രപതി രാംനാഥ് കോവിന്ദിനെക്കണ്ടു.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണിത്, നിര്‍മലയുടേതും. 11-നാണ് ബജറ്റവതരണം. നികുതിഘടനയില്‍ മാറ്റം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണു കരുതപ്പെടുന്നത്. കാര്‍ഷിക-തൊഴില്‍ മേഖലയെ ഊന്നിയായിരിക്കും ബജറ്റെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള പരിധി ഉയര്‍ത്തണമെന്നും ധനമന്ത്രി തോമസ് ഐസക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയദുരിതത്തില്‍നിന്ന് കരകയറാന്‍ കേന്ദ്രബജറ്റില്‍ സഹായമുണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.
പ്രളയക്കെടുതിക്ക് പിന്നാലെ നികുതി വരുമാനത്തിലെ ഇടിവും സംസ്ഥാനത്തെ സാമ്പത്തിക കുരുക്കിലാഴ്ത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജി.എസ്.ടി.യിലൂടെയുള്ള നികുതി പിരിവിലെ ആശയക്കുഴപ്പവും അവസാനിച്ചിട്ടില്ല. നവകേരള നിര്‍മ്മാണത്തിന് ലോകബാങ്ക് എ.ഡി.ബി പോലുള്ള വിദേശ ഏജന്‍സിയുടെ സഹായം വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
സംസ്ഥാനത്ത് അന്തരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം അനുവദിക്കണമെന്നാണ് കേരളം ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. റബ്ബറിന്റെ വിലയിടിവ് നേരിടാന്‍ 200 രൂപ സബ്സിഡി അനുവദിക്കുക, ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചി വരെ നീട്ടുക, എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇത്തവണയും മുന്നോട്ട് വച്ചിട്ടുണ്ട്.
പുതിയ റെയില്‍ പാതക്കും ജലഗതാഗതത്തിനും മലബാര്‍ ക്യാന്‍സര്‍ സെന്ററിനും പണമനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.