ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് പാക് അധീന കാശ്മീരില്‍ ഇറങ്ങിയ പൈലറ്റിനെ ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് ജനക്കൂട്ടം തല്ലിക്കൊന്നുവെന്ന വ്യാജ വാര്‍ത്ത ഏറ്റെടുത്ത് പ്രതിരോധ മന്ത്രി നിര്‍മല സീതാരമന്. സോഷ്യല്‍ മീഡിയ വാര്‍ത്തകളെ താന്‍ ആശ്രയിക്കുന്നില്ലെന്നും എന്നാല്‍ ഈ വാര്‍ത്തയില്‍ പറയുന്ന ഒരു പാക് വൈമാനികനെക്കുറിച്ച് എന്തുകൊണ്ടാണ് പാകിസ്താന് മിണ്ടാത്തതെന്നും നിര്‍മല ചോദിച്ചു.
“പാകിസ്ഥാന് ഇതേ രീതിയില്‍ മുന്‍പും പ്രവൃത്തിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തിലും ഇന്ത്യന്‍ സൈനികരാല്‍ കൊല്ലപ്പെട്ട പാകിസ്ഥാന് സൈനികര്‍ തങ്ങളുടേതാണ് എന്ന് സമ്മതിക്കാന്‍ അവര്‍ മടി കാണിച്ചു. അങ്ങനെയുള്ള അവര്‍ പാകിസ്ഥാന്റെ എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടു എന്ന് ഒരിക്കലും സമ്മതിക്കില്ല. ഇന്ത്യയുടെ അക്രമണത്തിലാണ് പാകിസ്ഥാന് വിമാനം തകര്‍ന്നത്.” നിര്‍മല പറഞ്ഞു.
നാട്ടുകാര്‍ ഈ പാകിസ്ഥാന് വൈമാനികനെ ഇന്ത്യന്‍ വൈമാനികനാണെന്ന് കരുതി തല്ലിക്കൊന്നെന്നും പിന്നീട് ആശുപത്രിയിലെത്തിച്ചെന്നും അവര്‍ പറഞ്ഞു. പാക് വൈമാനികന് രക്ഷപ്പെട്ടെന്ന് താന്‍ കരുതുന്നില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച ദ പ്രിന്റാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനത്തില്‍ നിന്ന് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ട് പാകിസ്ഥാന് മണ്ണിലെത്തിയ പാക് വൈമാനികനെ സ്വന്തം നാട്ടുകാര്‍ ഇന്ത്യക്കാരനെന്ന് തെറ്റിദ്ധരിച്ച് തല്ലിക്കൊന്നുവെന്നായിരുന്നു മാധ്യമങ്ങളുടെ വാര്‍ത്ത. നമ്പര്‍ 19 സ്ക്വാഡ്രണിലെ പൈലറ്റായ ഷഹ്സാസ് എന്ന വ്യക്തിയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നതും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത വാര്‍ത്ത മാധ്യമങ്ങള്‍ വസ്തുതയെന്നോണം അവതരിപ്പിച്ചത്.
ആ വ്യാജ വാര്‍ത്തയെയാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി തന്നെ സത്യമെന്ന രീതിയില്‍ പ്രസ്താവനയിറക്കിയിരിക്കുന്നത്.
Read Also : പി.ജയരാജന് വിമര്ശിക്കപ്പെടുമ്പോള് കെ.സുധാകരന് രക്ഷപ്പെടുന്നത് എന്തുകൊണ്ട്?
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ വലിയ ആഘോഷത്തോടെയായിരുന്നു പ്രസ്തുത വാര്‍ത്ത ഏറ്റെടുത്തത്. ദ ന്യ ഇന്ത്യന്‍ എക്സ്പ്രസും ന്യൂസ് 18 നും ഫസ്റ്റ്പോസ്റ്റും യു.എന്‍.ഐയും ടൈംസ് നൗവും ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയായിരുന്നു ആ വാര്‍ത്ത നല്‍കിയത്. ഇതിന്റെ ചുവട് പിടിച്ച് മലയാളത്തില്‍ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും എന്നുവേണ്ട ഒട്ടുമിട്ട പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയും ചെയ്തു.
ഫെബ്രുവരി 28 ന് ലണ്ടനിലെ അഭിഭാഷകനായ ഖാലിദ് ഉമര്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് പൈലറ്റിന് സംഭവിച്ച കാര്യങ്ങള്‍ വസ്തുതയെന്നോണം എഴുതിയിരുന്നത്. പൈലറ്റിന്റെ ബന്ധുക്കളില്‍ നിന്നും വ്യോമസേനാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റെന്നായിരുന്നു ഖാലിദ് ഉമര്‍ അവകാശപ്പെട്ടത്.
ഷഹ്സാസ് പാകിസ്ഥാന് എയര്‍ഫോഴ്സിലെ എഫ് 16 ഫൈറ്റര്‍ ജറ്റിലെ പൈലറ്റാണെന്നും അഭിനന്ദിനെ പോലെ ഒരു പൈലറ്റിന്റെ മകനാണ് ഷഹ്സാസെന്നും ഖാലിദ് പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു.
ഇന്ത്യന്‍ പൈലറ്റായ അഭിനന്ദ്, ഷഹ്സാസിന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയായിരുന്നൈന്നും വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട ഷഹ്സാസ് പാക് അധീന കശ്മീരില്‍ എത്തുകയും എന്നാല്‍ അദ്ദേഹത്തെ പാകിസ്ഥാനികള്‍ ഇന്ത്യന്‍ പൈലറ്റെന്നു കരുതി തല്ലിക്കൊന്നെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞുവെച്ചത്.
കൊല്ലപ്പെട്ട പൈലറ്റ് എയര്‍ മാര്‍ഷല്‍ വസീം ഉദ് ദിന്റെ മൂന്നു മക്കളില്‍ ഒരാളാണെന്നും കൊല്ലപ്പെട്ട ആളുടെ കുടുംബവും മരണം ശരിവച്ചുവെന്നുമായിരുന്നു ഖാലിദ് ഉമര്‍ അവകാശപ്പെട്ടത്.
എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചില സംശയങ്ങള്‍ തോന്നിയതിന് പിന്നാലെ ന്യൂസ് ലോണ്ട്രിയിലെ പ്രദീപ് ഗോയല്‍ എന്ന മാധ്യമപ്രവര്ത്തകന് ഖാലിദ് ഉമറിനെ ഫോണില്‍ ബന്ധപ്പെട്ടു.
തനിക്ക് ഈ വിവരം ഒരാളില്‍ നിന്നല്ലെന്നും വിവിധ വ്യോമസേനാ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചതാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. എഫ് 16 വിമാനം ഉപയോഗിച്ചുവെന്ന കാര്യം പോലും നിഷേധിക്കുന്ന പാകിസ്ഥാന് ഈ വിവരം അംഗീകരിക്കാനിടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം പറഞ്ഞതൊന്നും വസ്തുതയല്ലെന്ന് വ്യക്തമാകുന്നത്. അദ്ദേഹം പോസ്റ്റില്‍ പറഞ്ഞ എയര്‍ മാര്‍ഷല്‍ വസീമിന് മൂന്ന് മക്കളില്ല. രണ്ടുപേരാണ് ഉള്ളത്. അവര്‍ വ്യോമസേനയില്‍ സേവനം അനുഷ്ഠിക്കുന്നവരും അല്ല.
ഇക്കാര്യം പാകിസ്താനിലെ പത്രപ്രവര്‍ത്തകരും ശരിവയ്ക്കുന്നുണ്ട്. ഇത് വ്യാജവാര്‍ത്തയാണെന്നും പാക്കിസ്ഥാനിലെ വിവിധ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.