ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാല്‍പ്പര്യത്തെ വൃണപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘രാഹുല്‍ ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കുകയും ഉത്തരങ്ങളും അഭിപ്രായങ്ങളും പറയുകയും ചെയ്തു. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായിപ്പോഴും ഉത്തരം തേടുന്നതാണ് നല്ലത്. അത് ഏറ്റുപിടിക്കുന്നത് ദേശീയ താല്‍പ്പര്യത്തെ വൃണപ്പെടുത്തും’- നിര്‍മല ട്വിറ്റിറില്‍ കുറിച്ചു.
മുംബൈയില്‍ നടന്ന ‘ദ ഇക്കണോമിക് ടൈംസ് ഇ.ടി പുരസ്‌കാര’ച്ചടങ്ങില്‍ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരെ വേദിയിലിരുത്തിയായിരുന്നു രാഹുല്‍ ബജാജ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
‘മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ആരെവേണമെങ്കിലും അധിക്ഷേപിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇന്ന് വ്യവസായികള്‍ക്കു പോലും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ല.’- രാഹുല്‍ പറഞ്ഞിരുന്നു.
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ‘ദേശഭക്തന്‍’ എന്നു വിളിച്ച ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിനെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. ‘അവര്‍ ബി.ജെ.പിയുടെ പിന്തുണ നേടുന്നതില്‍ വിജയിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എനിക്കറിയില്ല.’- അദ്ദേഹം പറഞ്ഞിരുന്നു.
എന്‍.ഡി.എ ഭരണകാലത്ത് ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത് ഷാ മറുപടിയായി പറഞ്ഞത്. പ്രജ്ഞയുടെ പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു.