ജി.എസ്.ടിയിലെ സങ്കീര്‍ണതകള്‍ സംസാരിച്ച വ്യവസായിയെ കൊണ്ട് മാപ്പ് പറയിച്ച് നിര്‍മല സീതാരാമന്‍; വിവാദം
national news
ജി.എസ്.ടിയിലെ സങ്കീര്‍ണതകള്‍ സംസാരിച്ച വ്യവസായിയെ കൊണ്ട് മാപ്പ് പറയിച്ച് നിര്‍മല സീതാരാമന്‍; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2024, 8:58 pm

ചെന്നൈ: ജി.എസ്.ടിയിലെ സങ്കീര്‍ണതകളെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ച വ്യവസായി പിന്നീട് ധനമന്ത്രിയുടെ അടുത്തെത്തി മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നത് തമിഴ്‌നാട്ടില്‍ ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ പ്രമുഖ ഹോട്ടല്‍ ശൃഖലയായ അന്നപൂര്‍ണ ഹോട്ടല്‍സിന്റെ എം.ഡിയും തമിഴ്‌നാട് ഹോട്ടല്‍ അസോസിയേഷന്‍ ഹോണററി പ്രസിഡന്റുമായ ശ്രീനിവാസനാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ പിന്നീട് ധനമന്ത്രിയോട് മാപ്പ് പറയേണ്ടി വന്നിരിക്കുന്നത്.

ധനമന്ത്രിയുടെ അടുത്തെത്തി എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ മാപ്പ് പറയുന്ന വീഡിയോ തമിഴ്‌നാട് ബി.ജെ.പി ഘടകം അവരുടെ ഒദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്നെയാണ് പുറത്തു വിട്ടത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ വീഡിയോ നീക്കം ചെയ്തു.

കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ വനതി ശ്രീനിവാസന്റെ സാന്നിദ്ധ്യത്തിലാണ് വ്യവസായി മാപ്പ് പറഞ്ഞത്. താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമല്ലെന്നും തന്നോട് ക്ഷമിക്കണമെന്നും ശ്രീനിവാസന്‍ മന്ത്രിയോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

സെപ്തംബര്‍ 11നായിരുന്നു തമിഴ്‌നാട്ടിലെ ഹോട്ടലുടമകളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ വെച്ചാണ് ശ്രീനിവാസന്‍ ജി.എസ്.ടിയിലെ സങ്കീര്‍ണതകളെ കുറിച്ച് വളരെ സരസമായി ഉദാഹരങ്ങള്‍ സഹിതം ധനമന്ത്രിയോട് സംസാരിച്ചത്.

ഈ സങ്കീര്‍ണതകള്‍ തങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം യോഗത്തില്‍ സംസാരിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കൂടുതല്‍ ആളുകള്‍ മധുര പലഹാരങ്ങല്‍ കഴിക്കുന്നതിനാലാണ് മധുര പലഹാരത്തിന് 5 ശതമാനം മാത്രം ജി.എസ്.ടി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തമിഴ്‌നാട്ടില്‍ ആളുകള്‍ കാപ്പി, നാംകീന്‍ (ഉപ്പ് ചേര്‍ത്ത പലഹാരങ്ങള്‍), മധുരപലഹാരങ്ങള്‍ എന്നിവ ഒരുപോലെ കഴിക്കുക എന്നും ഇവ ഓരോന്നിനും വ്യത്യസ്ത ജി.എസ്.ടി ആണ് എന്നതിനാല്‍ വില നിശ്ചയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രവുമല്ല ഇവക്ക് ഏകീകൃത ജി.എസ്.ടി നടപ്പിലാക്കിയാല്‍ നന്നായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഈ അഭിപ്രായത്തിന്റെ പേരിലാണ് അദ്ദേഹത്തിന് മന്ത്രിയോട് മാപ്പ് പറയേണ്ടി വന്നത്. എന്നാല്‍ മാപ്പ് പറയുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ജി.എസ്.ടിയിലെ സങ്കീര്‍ണതകളെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. വിഡീയോ നീക്കം ചെയ്‌തെങ്കിലും വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെ ജി.എസ്.ടിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഉപയോഗിക്കുന്നു.

അറിയപ്പെടുന്ന ഒരു വ്യവസായിക്ക് തന്റെ അഭിപ്രായവും ആശങ്കയും വ്യക്തമാക്കിയതിന്റെ പേരില്‍ മാപ്പ് പറയേണ്ടി വന്നതിനെതിരെ ഇപ്പോള്‍ കോണ്‍ഗ്രസും ഡി.എം.കെയും രംഗത്തെത്തിയിരിക്കുകയാണ്. അധികാരത്തിലിരിക്കുന്നവരുടെ ദുര്‍ബലമായ ഈഗോകള്‍ വ്രണപ്പെടുമ്പോള്‍ അവര്‍ മറ്റുള്ളവരെ അപമാനിക്കാന്‍ മുതിരുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഹങ്കാരമുള്ള ഈ സര്‍ക്കാര്‍ ജനങ്ങളെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതുപോലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചെറുകിട വ്യവസായി പൊതുപ്രവര്‍ത്തകരോട് ജി.എസ്.ടിയെ സംബന്ധിച്ചുള്ള തന്റെ ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്കത് അഹങ്കാരവും അനാദരവുമായി തോന്നുന്നു. എന്നാല്‍ പ്രധാനമന്ത്രി തന്റെ കോടീശ്വരനായ സുഹൃത്തിന് നിയമങ്ങള്‍ വളച്ചൊടിച്ച് പൊതുസ്വത്ത് കൊള്ളയടിക്കാനുള്ള ചുവപ്പ് പരവതാനി വിരിച്ചു നല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡി.എം.കെ നേതാവ് കനിമൊഴിയും വ്യവസായിയെ കൊണ്ട് മാപ്പ് പറയിച്ച നിര്‍മല സീതാരാമന്റെ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. അഹങ്കാരം എല്ലായിപ്പോഴും നമ്മളില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്വഭാവമാണ്, എന്നാല്‍ പ്രശ്‌നങ്ങളെ ലളിതമായി കാണുന്ന സ്വഭാവം നമുക്ക് എല്ലായിപ്പോഴും അഭിനന്ദനം നേടിത്തരുന്ന കാര്യമാണെന്നും അര്‍ത്ഥം വരുന്ന തിരുക്കുറളിലെ വരികള്‍ പങ്കുവെച്ചായിരുന്നു കനിമൊഴിയുടെ വിമര്‍ശനം. കേന്ദ്രമന്ത്രിയും കേന്ദ്രസര്‍ക്കാറും തമിഴ്‌നാടിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തരുതെന്നും കനിമൊഴി പറഞ്ഞു.

വീഡിയോ വിവാദമായതിന് പിന്നാലെ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയും മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്തെത്തി.

content highlights: Nirmala Sitharaman apologizes to the businessman who talked about the complications of GST; Controversy