അയോധ്യ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചെന്ന ആരോപണവുമായി നിര്‍മല സീതാരാമന്‍
national news
അയോധ്യ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചെന്ന ആരോപണവുമായി നിര്‍മല സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 5:29 pm

ന്യൂദൽഹി: ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചെന്ന ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

തമിഴ്നാട്ടില്‍ 200ലധികം ശ്രീരാമക്ഷേത്രങ്ങളുണ്ടെന്നും എച്ച്.ആറും സി.ഇയും നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളില്‍ ജനുവരി 22ന് ശ്രീരാമന്റെ നാമത്തിലുള്ള പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവ അനുവദനീയമല്ലെന്നും നിര്‍മല സീതാരാമന്‍ എക്‌സിലൂടെ പറഞ്ഞു.

അയോധ്യ ചടങ്ങുമായി ബന്ധപ്പെട്ട പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നതില്‍ നിന്ന് ക്ഷേത്രങ്ങളെ തടയാന്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

പ്രതിഷ്ഠ ദിനത്തില്‍ ശ്രീരാമന്റെ പേരില്‍ എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുന്നത് കണ്ടാല്‍ പന്തലുകള്‍ വലിച്ചുകീറുമെന്ന് സംഘാടകരെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.

രാജ്യം മുഴുവന്‍ അയോധ്യ ചടങ്ങിനെ ദീപാവലി പോലെ ആഘോഷിക്കുകയാണെന്നും തത്സമയ സംപ്രേക്ഷണം നിരോധിച്ച സര്‍ക്കാരിന്റ നടപടി അപലപനീയമാണെന്നും നിര്‍മല സീതാരാമന്‍ കുറിച്ചു.

എന്നാല്‍ തമിഴ്നാട് ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി.കെ. ശേഖര്‍ ബാബു നിര്‍മല സീതാരാമന്റെ പ്രസ്താവനയെ അപലപിച്ചു. സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് കോണ്‍ഫറന്‍സില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനായി എതിര്‍പക്ഷം തെറ്റായ വിവരങ്ങള്‍
പ്രചരിപ്പിക്കുന്നുവെന്ന് ശേഖര്‍ ബാബു പറഞ്ഞു.

ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഭക്ഷണം നല്‍കാനും പൂജ നടത്താനുമുള്ള സ്വാതന്ത്ര്യത്തിന് പരിമിതികളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അയോധ്യയില്‍ ക്ഷേത്രം വരുന്നതുകൊണ്ട് പ്രശ്നമില്ലെന്നും എന്നാല്‍ പള്ളി തകര്‍ത്ത് ക്ഷേത്രം പണിയുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും തമിഴ്‌നാട് കായിക യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.

Content Highlight: Nirmala Sitharaman alleges that the Tamil Nadu government banned the live telecast of the Ayodhya ceremony