ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന നടന്‍ സണ്ണി ഡിയോളിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ‘യുവ നടന്‍’ എന്ന് വിശേഷിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ തമാശയായി.
ദേശീയതയും രാജ്യസ്‌നേഹവും സിനിമയിലൂടെ അവതരിപ്പിച്ച് ജനഹൃദയങ്ങളില്‍ എങ്ങനെ എത്തിക്കാമെന്ന് ‘ബോര്‍ഡര്‍’ സിനിമയിലൂടെ കാണിച്ചു തന്നയാളാണ് സണ്ണി ഡിയോളെന്ന് പറഞ്ഞ നിര്‍മ്മല സീതാരാമന്‍ താരത്തെ അഭിസംബോധന ചെയ്തത് ‘യങ്’ ‘ഫയര്‍ബ്രാന്‍ഡ്’ എന്നീ വാക്കുകളുപയോഗിച്ചാണ്.
എന്നാല്‍ തന്നെക്കാള്‍ പ്രായമുള്ളയാളെയാണ് നിര്‍മ്മല സീതാരാമന്‍ യുവാവ് എന്ന് വിളിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ സംഭവത്തെ കളിയാക്കി കൊണ്ട് പലരും അഭിപ്രായപ്പെട്ടത്.
എട്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ ബി.ജെ.പിയുടെ മാര്‍ഗ നിര്‍ദ്ദേശക് മണ്ഡലില്‍ ഉള്‍പ്പെടുത്തേണ്ടയാളാണെന്ന് സതീഷ് സര്‍വോദയ എന്നയാള്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്ക് മോദി ഭരണത്തിലെത്തണമെന്നും ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പിന്നാലെ സണ്ണി ഡിയോള്‍ പ്രതികരിച്ചിരുന്നു.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിറകെയാണ് ബി.ജെ.പിയില്‍ ചേരുന്നുവെന്ന വിവരം താരം പുറത്തുവിട്ടിരുന്നത്.
സണ്ണി ഡിയോളിന്റെ പിതാവ് ധര്‍മേന്ദ്ര അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. മഥുരയില്‍ നിന്നും മത്സരിക്കുന്ന ഭാര്യ ഹേമമാലിനിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്നും സണ്ണി ഡിയോള്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. അമൃത്സറില്‍ നിന്നോ ഗുര്‍ദാസ്പൂരില്‍ നിന്നോ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.