| Wednesday, 16th October 2019, 4:19 pm

ഭര്‍ത്താവിനെ തിരുത്തി നിര്‍മല സീതാരാമന്‍; 'രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ തകര്‍ന്നത് മന്‍മോഹന്‍-രഘുറാം രാജന്‍ കൂട്ടുകെട്ടില്‍'

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിക്കുന്നതിനുപകരം’ സമ്പദ് വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിന് വഴിയൊരുക്കിയ റാവു-സിംഗ് സാമ്പത്തിക മാതൃകയാണ് ബി.ജെ.പി സ്വീകരിക്കേണ്ടതെന്നായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകല പ്രഭാകരന്‍ പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവിനെയടക്കം വിമര്‍ശിച്ചവരെ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മല സീതാരാമന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്റെയും കാലം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കഷ്ടകാലമായിരുന്നെന്നാണ് നിര്‍മലയുടെ അഭിപ്രായം. കൊളംബിയ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫയേഴ്‌സില്‍ സംസാരിക്കവെയായിരുന്നു നിര്‍മ്മലയുടെ പ്രതികരണം.

‘എനിക്ക് പ്രതികരിക്കാന്‍ ഒരു മിനുട്ടാണ് ആവശ്യം. ഇന്ത്യന്‍ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ട അവസ്ഥയില്‍നില്‍ക്കുമ്പോള്‍ സെന്‍ട്രല്‍ ബാങ്കിന്റെ തലപ്പത്തേക്ക് കടന്നുവന്ന നല്ല പാണ്ഡിത്യമുള്ള രഘുറാം രാജനെ ഞാന്‍ ബഹുമാനിക്കുന്നു’, നിര്‍മല പറഞ്ഞു.

‘രഘുറാം രാജന്‍ ആര്‍.ബി.ഐയുടെ ഗവര്‍ണറായിരുന്ന കാലത്താണ് പങ്കാളിത്ത മുതലാളിമാര്‍ക്ക് ഒരു ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍മാത്രം ലോണുകള്‍ നല്‍കിയത്. എനിക്കാരെയും പരിഹസിക്കാന്‍ ഉദ്ദേശമില്ല. എന്നാല്‍ അവര്‍ ഇരുവരോടുമുള്ള എല്ലാ ബഹുമാനത്തോടെയും കൂടെ പറയട്ടെ, സിങ്-രാജന്‍ കൂട്ടുകെട്ടുണ്ടായിരുന്ന കാലത്താണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. അക്കാലത്ത് നമുക്കാര്‍ക്കും ഇത് അറിയില്ലായിരുന്നു എന്നതാണ് വസ്തുത’, നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചുമായിരുന്നു പരകല പ്രഭാകരന്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവന്നത്. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പുതിയ നയങ്ങള്‍ രൂപപ്പെടുത്തിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more