ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്റെ സഹായം തേടിയതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. പ്രതിപക്ഷത്തിന് മാന്യത നഷ്ടപ്പെട്ടതായും ദല്‍ഹിയില്‍ നടന്ന ബി.ജെ.പിയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.
“പ്രതിരോധ സേന അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയപ്പോള്‍ അതിനെ അഭിനന്ദിക്കേണ്ടതിന് പകരം പ്രതിപക്ഷം തെളിവ് ചോദിക്കുകയാണ് ചെയ്തത്. അവര്‍ക്ക് തെളിവ് കാണിച്ചു കൊടുത്തു. അതേ പ്രതിപക്ഷത്തിലെ കോണ്‍ഗ്രസിലെ ചില നേതാക്കളാണ് പാകിസ്ഥാനില്‍ പോയി നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ സഹായം ആവശ്യപ്പെട്ടത്”- സീതാരാമന്‍ പറഞ്ഞു.
പാകിസ്ഥാനില്‍ പോയി “ദയവു ചെയ്ത് അവരെ പുറത്താക്കാന്‍ ഞങ്ങളെ സഹായിക്കൂ” എന്ന് അപേക്ഷിച്ചത് പ്രതിപക്ഷത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും ഇത്തരം രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും സീതാരാമന്‍ കുറ്റപ്പെടുത്തി.
അതേസമയം, കോണ്‍ഗ്രസ് നടത്തി എന്നവകാശപ്പെടുന്ന മീറ്റിങ്ങിനെക്കുറിച്ച് നിര്‍മല സീതാരാമന്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നില്ല. നേരത്തെ സമാനമായ ആരോപണം നരേന്ദ്ര മോദിയും ഉന്നയിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പാകിസ്ഥാന്‍ സഹായം തേടി എന്നായിരുന്നു മോദിയുടെ ആരോപണം.
റഫാലിനെക്കുറിച്ച് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഫ്രഞ്ച് ഭരണകൂടം തള്ളിക്കളഞ്ഞതാണെന്നും അവര്‍ അവകാശപ്പെട്ടു.