| Friday, 16th September 2022, 5:25 pm

രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പദ്ധതികളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്, മോദി@20 മാനേജ്‌മെന്റ് പുസ്തകം: നിര്‍മല സീതാരാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മോദിയുടെ 20വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തെകുറിച്ച് പ്രമുഖരെഴുതിയ മോദി@20 മാനേജ്‌മെന്റ് പുസ്തകമായി ഉപയോഗിക്കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ബി.ജെ.പി യോഗത്തെ അഭിസംബാധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ പരാമര്‍ശം.

‘ഇന്ത്യയെപ്പോലെയുള്ള സങ്കീര്‍ണ്ണമായ സമ്പദ്‌വ്യവസ്ഥയില്‍ ആധുനിക ഭരണം എങ്ങനെ നടക്കുമെന്നും പ്രതിബദ്ധതയുള്ള നേതാക്കള്‍ക്ക് രാജ്യത്ത് എങ്ങനെ മാറ്റമുണ്ടാക്കാമെന്നും പറയുന്ന ഒരു പുസ്തകമാണ് മോദി@20,’ നിര്‍മല സീതാരാമന്‍ പറഞ്ഞു.

രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികളും എല്ലാവര്‍ക്കും തുല്യമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും മോദി സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കേതികവിദ്യയെ കൃത്യമായി മനസിലാക്കുകയും അത് പ്രവര്‍ത്തിയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നതിനാലാണ് ജനങ്ങള്‍ക്ക് നേരിട്ടുള്ള ആനുകൂല്യ സംവിധാനം ലഭ്യമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോദിയെക്കുറിച്ചുള്ള പുസ്തകം മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ് പുറത്തിറക്കിയത്. മെയ് ആദ്യമായിരുന്നു പുസ്തകപ്രകാശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2001ല്‍ ഗുജറാത്തിന്റെ  മുഖ്യമന്ത്രിയായത് മുതല്‍ പ്രധാനമന്ത്രിയായി മാറിയത് വരെയുള്ള 20 വര്‍ഷത്തെ കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2001ലാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. 2014 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 2019ല്‍ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

രൂപാ പബ്ലിക്കേഷന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച ഈ പുസ്തകം നന്ദന്‍ നിലേകനി, സുധാ മൂര്‍ത്തി, സദ്ഗുരു, പി.വി. സിന്ധു, അമീഷ് ത്രിപാഠി തുടങ്ങിയവരാണ് എഴുതിയിരിക്കുന്നത്.

അതേസമയം കേരളത്തില്‍ കാലിക്കറ്റ് സര്‍വകാലാശാലയില്‍ നിന്ന് പുസ്തകം നീക്കിയതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. പുസ്തകത്തിനെതിരായ നടപടി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി’ എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സില്‍ നിന്നും നീക്കിയിരുന്നു. ഇത്
പാകിസ്ഥാന്‍ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്നാണ് കെ. സുരേന്ദ്രന്റെ വാദം.

ദേശവിരുദ്ധ ശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങിയ യൂണിവേഴ്സിറ്റി അധികൃതര്‍ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് അപമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നരേന്ദ്ര മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ മറന്നു പോകരുത്. ഭാരതത്തിലെ ജനങ്ങള്‍ വന്‍ഭൂരിപക്ഷം നല്‍കി തുടര്‍ച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയില്‍ വെക്കാന്‍ പാടില്ലെന്ന താലിബാനിസം ബി.ജെ.പി അംഗീകരിച്ചു തരില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലരാകുന്ന ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Content Highlight: Nirmala sitaraman says modi@20 is a management textbook

We use cookies to give you the best possible experience. Learn more