ന്യൂദല്‍ഹി: പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാത്തതെന്തെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മന്ത്രിയുടെ വിമര്‍ശനം. രാഷ്ട്രീയ നേട്ടം ലഭിക്കുന്ന വേറെതെങ്കിലും സ്ഥലമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയേനെയെന്ന് അവര്‍ പറഞ്ഞു.
‘പഞ്ചാബില്‍ ജോലിക്കെത്തിയ ബീഹാര്‍ സ്വദേശിയുടെ ആറുവയസ്സുള്ള മകളാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പാതി കത്തിയ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ കോണ്‍ഗ്രസിലെ സഹോദരനും സഹോദരിയും ഓടിയെത്തിയേനെ. രാഷ്ട്രീയ നേട്ടമുണ്ടാകുമല്ലോ’- നിര്‍മ്മല പറഞ്ഞു.
കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.
രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഹാത്രാസില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും യു.പി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധം ആളിക്കത്തിയതോടെ കുടുംബത്തെ കാണാന്‍ ഇരുവരെയും അനുവദിക്കുകയായിരുന്നു.
ഈ പശ്ചാത്തലത്തിലായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രതികരണം.
കേന്ദ്രമന്ത്രിയായ പ്രകാശ് ജാവദേക്കറും ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെപ്പറ്റി നേതാക്കള്‍ കണ്ണടയ്ക്കുകയാണെന്ന് ജാവദേക്കര്‍ പറഞ്ഞു. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി ഫോട്ടോയെടുക്കുന്നതിലാണ് രാഹുലിനും പ്രിയങ്കയ്ക്കും താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹോഷിയാര്‍പൂരിലെ വീട്ടില്‍ നിന്ന് ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ബലാത്സംഗം ചെയ്ത് ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു.
കേസില്‍ കുട്ടിയുടെ മുത്തച്ഛനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോഷിയാര്‍പൂരിലെ ജലാല്‍പൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പകുതി കത്തിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Nirmala Seetharaman Slams Rahul Gandhi And Priyanka Gandhi