'രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേത്'; സുപ്രീംകോടതിയിലെ ഖേദപ്രകടത്തിന് പിന്നാലെ രാഹുലിനെതിരെ നിര്‍മ്മല സീതാരാമന്‍
national news
'രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേത്'; സുപ്രീംകോടതിയിലെ ഖേദപ്രകടത്തിന് പിന്നാലെ രാഹുലിനെതിരെ നിര്‍മ്മല സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 5:51 pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി അവസരവാദിയാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിര്‍മ്മല സീതാരാമന്റെ പ്രതികരണം.

രാഹുലിനെതിരെ സുപ്രിംകോടതിയുടെ നടപടിക്ക് കാത്ത് നില്‍ക്കുകയാണെന്നും നിര്‍മ്മല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ചൗക്കിദാര്‍ ചോര്‍ ഹേ( കാവല്‍ക്കാരന്‍ കള്ളനാണ്) പരാമര്‍ശത്തില്‍ സുപ്രീം കോടതിയുടെ പേരുവലിച്ചിഴച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഖേദം പ്രകടിപ്പിച്ചിരുന്നു.

പ്രസ്താവന തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞുപോയതാണെന്നാണ് രാഹുല്‍ സുപ്രീം കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചരത്തിനിടെ പറഞ്ഞത് രാഷ്ട്രീയ പ്രതിയോഗികള്‍ ആയുധമാക്കിയെന്നും രാഹുല്‍ സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു.

റാഫേല്‍ കേസിലെ വിധിയില്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുലിന്റെ പ്രസ്താവനക്കെിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

ബി.ജെ.പിയുടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി നേരത്തെ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ മറുപടി പരിശോധിച്ചതിന് ശേഷം കോടതിയലക്ഷ്യ നടപടികള്‍ വേണോ എന്ന് നാളെ കോടതി തീരുമാനിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.

റാഫേല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്തുവന്ന രേഖകള്‍ കൂടി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു.

ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുല്‍ തെരഞ്ഞടുപ്പ് പ്രചരണ പരിപാടികളില്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്.
DoolNews Video