| Tuesday, 27th August 2019, 7:17 pm

ആര്‍.ബി.ഐയുടെ കരുതല്‍ ധനം: രാഹുലിന്റെ ആരോപണങ്ങള്‍ ജനം തള്ളിക്കളയുമെന്ന് നിര്‍മല സീതാരാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.ബി.ഐ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള നീക്കത്തിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍.

രാഹുലിന്റെ ആരോപണങ്ങള്‍ ജനം തള്ളിക്കളയുമെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് രാഹുല്‍ വിദഗ്ധരോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

‘ചോര്‍’ പരാമര്‍ശത്തിന് രാഹുലിന് അര്‍ഹിക്കുന്ന തിരിച്ചടി കിട്ടിയതാണ്. ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ കേന്ദ്രസര്‍ക്കാരിന് പണം നല്‍കിയതെന്നും ധനമന്ത്രി വിശദീകരിച്ചു.

വെടിയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ് എയ്ഡ് ഒട്ടിക്കുന്നതുപോലെയെ നടപടി ഉപകരിക്കൂകയുള്ളൂവെന്നാണ് റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടിയുടെ കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചതിനെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്.

‘സ്വയം സൃഷ്ടിച്ച സാമ്പത്തിക ദുരന്തം എങ്ങനെ പരിഹരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും. ആര്‍.ബി.ഐയില്‍ നിന്നും പിടിച്ചെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. വെടിയുണ്ടകൊണ്ടുള്ള മുറിവില്‍ ബാന്റ് എയ്ഡ് ഒട്ടിക്കുന്നതുപോലെയാണത്’ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരുന്നു. 2018-19 കാലത്തെ അധികവരുമാനമായ 1.23 ലക്ഷം കോടി രൂപയും പരിഷ്‌കരിച്ച എക്കണോമിക് ക്യാപിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടിരൂപയും നല്‍കാനായിരുന്നു തീരുമാനം.

മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണയിക്കാനായി ആറംഗ പാനലിലെ കഴിഞ്ഞ ഡിസംബറിലായിരുന്നു നിയമിച്ചത്.

We use cookies to give you the best possible experience. Learn more